Sunday, January 8, 2012

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉടന്‍ സ്ഥാപിക്കണം: സിപിഐ എം

ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍ (വടക്കഞ്ചേരി): കേരളത്തിന്റെ വ്യാവസായ വികസനത്തിന് അവസരമൊരുക്കുന്ന കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ വീണ്ടും ഉയര്‍ന്നത്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചതിനെതിരെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫ് എംപിമാരും പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് അന്നത്തെ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവാണ് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയത്. ആരെയും കുടിയൊഴിപ്പിക്കാതെ പദ്ധതിക്കാവശ്യമായ 431 ഏക്കര്‍ സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കി. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത്. ഇത്രയൊക്കെ ആയിട്ടും കോച്ച് ഫാക്ടറിക്ക് ശിലയിടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം ഇതിനോടൊപ്പം പ്രഖ്യാപിച്ച റായ്ബറേലിയിലെയും പശ്ചിമ ബംഗാളിലെയും കോച്ച് ഫാക്ടറികളുടെ നിര്‍മാണപ്രവൃത്തി അവസാന ഘട്ടത്തിലാണ്. കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതൃത്വം അധികാരം കിട്ടിയപ്പോള്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടുപോകാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധസമരത്തിന് തയ്യാറാകാന്‍ സമ്മേളനം ജനങ്ങളോട് ആഹ്വാനം ചെയ്തു.

പാലക്കാടിന് വാഗ്ദാനം ചെയ്ത ഐഐടി ഉടന്‍ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കര്‍ണാടകയ്ക്കും തമിഴ്നാടിനും ഐഐടി നല്‍കിയ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് കേരളത്തെ അവഗണിക്കുകയാണ്. 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകളില്‍ കേരളത്തിന് ഐഐടി നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഐഐടി പാലക്കാട്ട് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് സഹായിക്കുന്ന ഐഐടി യാഥാര്‍ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സൗജന്യ വൈദ്യുതി കണക്ഷന്‍ നിര്‍ത്തലാക്കാനും വൈദ്യുതിച്ചാര്‍ജ് വര്‍ധിപ്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ വീടുകളിലും വെളിച്ചമെത്തിക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര നിയമത്തിന്റെ പേരുപറഞ്ഞ് വൈദ്യുതി കണക്ഷന്‍ പരിമിതപ്പെടുത്തുകയാണ്. സമ്പൂര്‍ണ വൈദ്യുതീകരണം സര്‍ക്കാര്‍ നിര്‍ത്തലാക്കിക്കഴിഞ്ഞു. സാധാരണ ജനവിഭാഗങ്ങള്‍ക്ക് കനത്ത ഭാരം വരുത്തുന്ന ഇത്തരം നടപടികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാസവളങ്ങളുടെ സബ്സിഡി എടുത്തുകളഞ്ഞ നടപടിയും വില നിര്‍ണയാവകാശം കമ്പനികള്‍ക്ക് നല്‍കിയ നടപടിയും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എ പ്രഭാകരന്‍ , എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

deshabhimani 080112

1 comment:

  1. കേരളത്തിന്റെ വ്യാവസായ വികസനത്തിന് അവസരമൊരുക്കുന്ന കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ വീണ്ടും ഉയര്‍ന്നത്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചതിനെതിരെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫ് എംപിമാരും പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് അന്നത്തെ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവാണ് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയത്. ആരെയും കുടിയൊഴിപ്പിക്കാതെ പദ്ധതിക്കാവശ്യമായ 431 ഏക്കര്‍ സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കി. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത്. ഇത്രയൊക്കെ ആയിട്ടും കോച്ച് ഫാക്ടറിക്ക് ശിലയിടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.

    ReplyDelete