Tuesday, January 10, 2012

തസ്തിക വെട്ടിക്കുറച്ച് ആന്റണി സര്‍ക്കാരും "മാതൃക" കാട്ടി

ഒഴിവുകള്‍ റിപ്പോര്‍ട്ട്ചെയ്യരുതെന്ന് രഹസ്യനിര്‍ദേശം

തസ്തിക വെട്ടിക്കുറയ്ക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള എംപവര്‍ കമ്മിറ്റി രൂപീകരിച്ചതിനു പിന്നാലെ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ രഹസ്യനിര്‍ദേശം നല്‍കി. തസ്തിക വെട്ടിക്കുറക്കാനുള്ള തീരുമാനം നിലനില്‍ക്കേ, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രശ്നം സൃഷ്ടിക്കുമെന്നതിനാലാണ് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ രഹസ്യനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എംപവര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നല്‍കിയ സമയപരിധിയായ മൂന്നു മാസത്തിനുശേഷം ഒഴിവുനികത്തല്‍ സംബന്ധിച്ച തുടര്‍നടപടികള്‍ ഉണ്ടായാല്‍ മതിയെന്നാണ് ഉന്നതതല തീരുമാനം. പിഎസ്സിയെ നോക്കുകുത്തിയാക്കുന്ന തരത്തില്‍ , ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും തസ്തിക വെട്ടിക്കുറക്കുയും ചെയ്യുന്നത് ഫലത്തില്‍ , സമ്പൂര്‍ണ നിയമനനിരോധനത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആധുനികവല്‍ക്കരണവും കംപ്യൂട്ടര്‍വല്‍ക്കരണവും നടപ്പാക്കിയതിനാല്‍ പുതിയ തസ്തിക സൃഷ്ടിക്കേണ്ടെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ വകുപ്പിലും അധിക തസ്തികകളുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ തീരുമാനം പിഎസ്സി ഇപ്പോള്‍ നടത്തുന്ന നിയമന നടപടികളെയെല്ലാം തകിടംമറിക്കും. നൂറുകണക്കിന് റാങ്ക്ലിസ്റ്റില്‍ നിന്നുള്ള നിയമന നടപടികളാണ് പിഎസ്സിയില്‍ പുരോഗമിക്കുന്നത്. പതിനായിരത്തിലേറെ ഉദ്യോഗാര്‍ഥികളാണ് ഈ റാങ്ക്ലിസ്റ്റുകളിലുള്ളത്. വിവിധ വകുപ്പിലായി 41,000 ഒഴിവ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയില്‍ 16,000 ഒഴിവ് കെഎസ്്ആര്‍ടിസിയില്‍ മാത്രമുള്ളതാണ്. ഈ നിയമനമെല്ലാം തടസ്സപ്പെടും. വിവിധ കോര്‍പറേഷനിലും കമ്പനികളിലും ജൂനിയര്‍ അസിസ്റ്റന്റ്/ സീനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍ /ക്ലര്‍ക്ക് എന്നിവയടക്കം നൂറിലേറെ തസ്തികയിലേക്ക് പിഎസ്്സി കഴിഞ്ഞദിവസം അപേക്ഷ ക്ഷണിച്ചിരുന്നു. കെഎസ്ഇബി, കെഎസ്എഫ്ഇ, തൃശൂര്‍ കോര്‍പറേഷന്‍ , കേരള മിനറല്‍സ്, കാഷ്യൂ ഡെവലപ്മെന്റ് കോര്‍പറേഷന്‍ , മലബാര്‍ സിമന്റ്സ്, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍ , ട്രാവന്‍കൂര്‍ ടൈറ്റാനിയം, അഗ്രോ കോര്‍പറേഷന്‍ , വിവിധ വികസന അതോറിറ്റികള്‍ , കെഎസ്ആര്‍ടിസി, ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ , ആര്‍ട്ടിസാന്‍സ് കോര്‍പറേഷന്‍ , കെഎസ്എഫ്ഡിസി, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങിയവയിലായി നിരവധി ഒഴിവാണുള്ളത്. ഇവയിലേക്കുള്ള നിയമനവും തടസ്സപ്പെടും.

പതിമൂന്നാം ധനകമീഷന്റെയും സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെയും നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് തസ്തിക വെട്ടിക്കുറയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 12-ാം പദ്ധതിയുടെ കരടു സമീപനരേഖയിലും ഇത്തരം നടപടികള്‍ക്കാണ് ഊന്നല്‍ . കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രയില്‍ 14.70 ലക്ഷമായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 7.7 ലക്ഷമായി കുറച്ചുകഴിഞ്ഞു. കേന്ദ്ര സര്‍വീസിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. 2001-2006ല്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ 80,000 തസ്തിക വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍വീസിലും പൊതുമേഖല- സ്വയംഭരണ സ്ഥാപനങ്ങളിലുമായി 34,087 തസ്തിക ഇല്ലാതാക്കി. സംസ്ഥാന സര്‍വീസില്‍ മാത്രം 13,767 തസ്തിക വെട്ടിക്കുറച്ചു. നിയമന നിരോധനവും ഏര്‍പ്പെടുത്തി.

തസ്തിക വെട്ടിക്കുറച്ച് ആന്റണി സര്‍ക്കാരും "മാതൃക" കാട്ടി

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തസ്തിക വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയത് 2001ല്‍ അധികാരത്തിലെത്തിയ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത്.ഒഴിവാക്കേണ്ട തസ്തികകള്‍ കണ്ടെത്താന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഈ ചരിത്രം ആവര്‍ത്തിക്കുകയാണ്.

2001 മെയ് 17ന് അധികാരത്തിലേറിയ ആന്റണി ജൂണ്‍ 11ന് നിയമന നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ സര്‍വീസ്, എയ്്ഡ്ഡ്, അണ്‍എയ്ഡഡ് സ്കൂള്‍ -കോളേജ്, പൊതുമേഖലാ, പൊതുസേവന സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം തസ്തിക സൃഷ്ടിക്കുന്നത് നിരോധിച്ചു. ജൂണ്‍ 13ന് എംപ്ലോയ്മെന്റ് വഴിയുള്ള താല്‍ക്കാലിക നിയമനങ്ങളും ഇന്റര്‍വ്യൂവും നിര്‍ത്തിവച്ചു. ജൂലൈ 18ന് പിഎസ്സി നിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പട്ടികജാതി- വര്‍ഗ വകുപ്പിലെ എസ്സിപി കോ-ഓര്‍ഡിനേറ്റര്‍ , സോഷ്യല്‍ ആക്ടിവിസ്റ്റ് തുടങ്ങി 2000 പേര്‍ക്ക് തൊഴില്‍ നിഷേധിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് നിയമനവും നിര്‍ത്തിവച്ചു.

പുതിയ തസ്തിക സൃഷ്ടിക്കില്ലെന്ന സര്‍ക്കാര്‍ നയം ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. തസ്തികകള്‍ റദ്ദാക്കിയതോടെ റാങ്ക്ലിസ്റ്റുകള്‍ അപ്രസക്തമായി. പിഎസ്സി നോക്കുകുത്തിയായി. കെഎസ്ആര്‍ടിസിയില്‍ അഞ്ചുവര്‍ഷത്തേക്ക് പുതിയ നിയമനം ഇല്ലെന്ന് പ്രഖ്യാപിച്ചു. പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളായ കെടിഡിസിയിലും കെഎസ്ഇബിയിലും നിയമന നിരോധനം ഏര്‍പ്പെടുത്തി. പൊതുമേഖലയില്‍ നിയമനം ഇല്ലെന്നു പ്രഖ്യാപിച്ചു. നിയമന നിരോധനത്തിന് വി രാമചന്ദ്രന്‍ അധ്യക്ഷനായ സംസ്ഥാന ആസൂത്രണ ബോര്‍ഡും പിന്തുണ പ്രഖ്യാപിച്ചു. റവന്യുവകുപ്പില്‍ ആദ്യം 5148 തസ്തികയും പിന്നീട് 116 തസ്തികയും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതിനൊപ്പം 27 ഓഫീസും നിര്‍ത്തി. ധനവകുപ്പില്‍ ആദ്യം 49ഉം പിന്നീട് 498ഉം തസ്തിക നിര്‍ത്തലാക്കി. നിയമനോപദേശം നല്‍കിയാലും നിയമനം നടത്താതെ പിഎസ്സിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിച്ചു. വൈദ്യുതി ബോര്‍ഡില്‍ നിയമന നിരോധനത്തെ എതിര്‍ക്കുന്ന ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനംപോലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ എടുത്തു.

ആന്റണി രാജിവച്ചശേഷം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും ഇതേ നയമായിരുന്നു പിന്തുടര്‍ന്നത്. തസ്തിക ഒഴിവാക്കല്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 40,000 ഒഴിവ് അധികമാണെന്നാണ് ആന്റണി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2001-06ല്‍ സംസ്ഥാന സര്‍വീസിലും പൊതുമേഖല- സ്വയംഭരണ സ്ഥാപനങ്ങളിലുമായി 34,087 തസ്തികയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാന സര്‍വീസില്‍മാത്രം 13,767 തസ്തിക ഇല്ലാതായി. ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് തസ്തിക ഒഴിവാക്കല്‍ 13,767ല്‍ ഒതുങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷമാണ് നിയമന നിരോധനം നീക്കിയതും പുതിയ തസ്തിക സൃഷ്ടിക്കാന്‍ തുടങ്ങിയതും.
(ദിലീപ് മലയാലപ്പുഴ)

deshabhimani 100112

1 comment:

  1. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തസ്തിക വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയത് 2001ല്‍ അധികാരത്തിലെത്തിയ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത്.ഒഴിവാക്കേണ്ട തസ്തികകള്‍ കണ്ടെത്താന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഈ ചരിത്രം ആവര്‍ത്തിക്കുകയാണ്.

    ReplyDelete