Tuesday, January 17, 2012

സ്കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം


അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് തൃശൂരില്‍ വര്‍ണ്ണാഭമായ തുടക്കം. തിങ്കളാഴ്ച രാവിലെ ഡിപിഐ എ ഷാജഹാന്‍ പതാകയുയര്‍ത്തിയതോടെ നൂറ്റിപ്പതിനേഴരപ്പവന്റെ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കാനുള്ള പോരാട്ടത്തിന് തുടക്കമായത്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ മുഖ്യവേദിയില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് മേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

സാംസ്കാരിക കേരളത്തിന്റെ പൈതൃകം വിളിച്ചോതിയ ഘോഷയാത്ര ഹൃദ്യമായിരുന്നു. ജില്ലയിലെ 70 സ്കൂളുകളില്‍ നിന്നായി പതിമൂവായിരത്തില്‍ പരം കുട്ടികളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. കഴിഞ്ഞകാല കലോത്സവങ്ങളെ സര്‍ഗസൗന്ദര്യം കൊണ്ട് വിസ്മയിപ്പിച്ച താരങ്ങള്‍ ഞായറാഴ്ചയെത്തിയയത് മേളയ്ക്ക് കൂടുതല്‍ തിളക്കമേകി. വരുന്ന ഏഴ് ദിവസങ്ങളിലായി 218 ട്രോഫികള്‍ ഏറ്റുവാങ്ങാന്‍ താരങ്ങള്‍ അരങ്ങിലെത്തും. ഞായറാഴ്ച വരെ അപ്പീലിലൂടെ അര്‍ഹതനേടിയ 490 കുട്ടികളുള്‍പ്പെടെ എണ്ണായിരത്തോളം പ്രതിഭകളാണ് മത്സരത്തിനിറങ്ങുന്നത്.

പൂരങ്ങളുടെ നഗരിയായ തൃശൂരിലെന്നും ഉത്സവങ്ങള്‍ കൊടിയേറി നില്‍പ്പാണ്. പെരുന്നാളും പൂരവും വേലയും കൊടിയേറ്റിയ മണ്ണിലേക്ക് ഇക്കുറിയെത്തുന്ന പുതിയ പൂരമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. സാംസ്കാരിക നഗരിയില്‍ ഒഴിഞ്ഞ കസേരകള്‍ക്കുമുന്നില്‍ പ്രതിഭകള്‍ക്ക് മത്സരത്തിനിറങ്ങേണ്ടിവരില്ല. സാംസ്കാരിക ഘോഷയാത്രയില്‍ കണ്ട ജനമുന്നേറ്റം യുവജനോത്സവം തീരുന്നതുവരെ മേളയിലുണ്ടാകും. എട്ടാണ്ടിന്റെ ഇടവേളക്കുശേഷം സംസ്ഥാന യുവജനോത്സവത്തിന് തൃശൂര്‍ ആതിഥേയത്വം വഹിക്കുന്നത് അതിരറ്റ ആഹ്ലാദത്തോടെ. ഞായറാഴ്ച നടന്ന മുന്‍ കലാതിലകങ്ങളുടെയും പ്രതിഭകളുടെയും സംഗമം ഹൃദ്യമായ സാംസ്കാരിക

വിരുന്നായി. ഞായറാഴ്ച ഉച്ചയ്ക്ക് മത്സരാര്‍ഥികളുടെ കൂടി വരവോടെ സാംസ്കാരിക നഗരി കലോത്സവ ലഹരിയിലമര്‍ന്നു.

നിലവില്‍ റണ്ണറപ്പായ ആതിഥേയര്‍ക്കിത് സ്വര്‍ണക്കപ്പ് തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടത്തിന്റെ കൂടി അവസരം. നിലവിലെ ജേതാക്കളായ കോഴിക്കോട് കലാകിരീടം നിലനിര്‍ത്താന്‍ കച്ച മുറുക്കുകയും ചെയ്യുമ്പോള്‍ കിരീടപ്പോരാട്ടത്തിന് വാശിയേറുമെന്നുറപ്പാണ്. നഗരത്തിലെ 17 വേദിയാണ് കലാ-നടന-സംഗീത സാന്ദ്രമാക്കാന്‍ സജ്ജമായിരിക്കുന്നത്. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ ബഹുനില പന്തലാണ് മുഖ്യവേദി. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, മുണ്ടശേരി ഹാള്‍ , ജവഹര്‍ ബാലഭവന്‍ തുടങ്ങിയവയും മത്സര വേദികളാണ്. 14 ജില്ലയില്‍ നിന്നായി 218 ഇനത്തില്‍ പതിനായിരത്തോളം കുട്ടികളാണ് മാറ്റുരയ്ക്കാനെത്തുന്നത്.ഹൈസ്കൂള്‍ വിഭാഗത്തില്‍ 82, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 98, സംസ്കൃതോത്സവത്തില്‍ 19, അറബി സാഹിത്യോത്സവത്തില്‍ 19 ഇനങ്ങളിലാണ് മത്സരം. കലോത്സവത്തോടനുബന്ധിച്ച് ദിവസവും വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാദമിയിലെ ഓപ്പണ്‍ സ്റ്റേജില്‍ സാംസ്കാരിക സന്ധ്യ അരങ്ങേറും. 17 മുതല്‍ വിവേകോദയം സ്കൂളില്‍ സംസ്കൃതോത്സവ മത്സരങ്ങള്‍ ആരംഭിക്കും. 17 മുതല്‍ സിഎംഎസ് സ്കൂളില്‍ അറബി സാഹിത്യോത്സവം നടക്കും. തൃശൂര്‍ മേഡല്‍ ബോയ്സ് ഹൈസ്കൂളിലാണ് രജിസ്ട്രേഷന്‍ . തൃശൂര്‍ അക്വാറ്റിക് സമുച്ചയത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരി നേതൃത്വം നല്‍കുന്ന ഭക്ഷണശാലയുടെ പാലുകാച്ചല്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടന്നു.

സമയനിഷ്ഠയില്ലെങ്കില്‍ കലോത്സവം നിര്‍ത്തണം: ഹൈക്കോടതി

കൊച്ചി: മത്സരങ്ങളില്‍ സമയനിഷ്ഠ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്കൂള്‍കലോത്സവങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. മത്സരങ്ങള്‍ വൈകുന്നതുമൂലം കുട്ടികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട ദുരവസ്ഥയാണ് നിലവിലുള്ളതെന്നും ഇത് ക്രൂരതയാണെന്നും ജസ്റ്റിസ് എസ് സിരിജഗന്‍ അഭിപ്രായപ്പെട്ടു. മത്സരങ്ങള്‍ കൃത്യസമയത്ത് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവത്തിലെ കഥകളി മത്സരത്തില്‍ പങ്കെടുത്ത ഹരിത വി മേനോനും മറ്റും സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. പന്ത്രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം നടന്നതെന്നും ഇത് തങ്ങളുടെ പ്രകടനത്തെ ബാധിച്ചുവെന്നും പരാതിപ്പെട്ടാണ് ഹര്‍ജി. മറ്റ് ടീമുകളും സമാന സാഹചര്യത്തിലാണ് മത്സരിച്ചതെന്ന് കോടതി പറഞ്ഞു. മലപ്പുറം ജില്ലാ കലോത്സവത്തിലെ കോല്‍കളി മത്സരം വിലയിരുത്തിയ ജഡ്ജിമാരുടെ യോഗ്യത സംബന്ധിച്ച പരാതിയെക്കുറിച്ച് ഡിപിഐ അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിധി നിര്‍ണയിച്ചയാള്‍ക്ക് മാര്‍ക്ക് ടാബുലേഷന്‍പോലും അറിയില്ലെന്നു പരാതിപ്പെട്ട് കോട്ടയ്ക്കല്‍ എകെഎംഎച്ച്എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

deshabhimani 171211

1 comment:

  1. അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് തൃശൂരില്‍ വര്‍ണ്ണാഭമായ തുടക്കം. തിങ്കളാഴ്ച രാവിലെ ഡിപിഐ എ ഷാജഹാന്‍ പതാകയുയര്‍ത്തിയതോടെ നൂറ്റിപ്പതിനേഴരപ്പവന്റെ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കാനുള്ള പോരാട്ടത്തിന് തുടക്കമായത്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ മുഖ്യവേദിയില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് മേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

    ReplyDelete