Friday, January 27, 2012

പുകയുന്ന ജീവിതങ്ങളെ ഊതിത്തണുപ്പിച്ച സി


നന്മയുടെയും ധീരതയുടെയും പര്യായമാണ് ബീഡിത്തൊഴിലാളികള്‍ . ഒരുകാലത്ത് മലബാറിന്റെ രാഷ്ട്രീയ ചിന്തക്ക് തീ പകര്‍ന്നത് ബീഡിക്കമ്പനികളില്‍നിന്നായിരുന്നു. അനീതിക്കെതിരെ മുറം താഴെവച്ച് അവര്‍ മുന്നിട്ടിറങ്ങി. കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കൂട്ടമായെത്തി. ജീവിതം വഴിമുട്ടുമ്പോള്‍ കൂലിയും ആനുകൂല്യങ്ങളും കൂട്ടിക്കിട്ടാന്‍ പോരാടി. ബീഡിവ്യവസായം പുകഞ്ഞുതീരുകയാണിന്ന്. എന്നാല്‍ , തൊഴിലാളിയുടെ സംഘബോധവും സഹജീവി സ്നേഹവും ചരിത്രത്തിലെ മായാത്ത മുദ്ര. ഒത്തുനില്‍ക്കാനും ഉള്ളത് പറയാനും അവരെ പഠിപ്പിച്ച ചാലിലോത്ത് കണ്ണന്‍ എന്ന സി കാലച്ചുവരില്‍ തിളങ്ങുന്ന ഏകാക്ഷരവും.

ആഴ്ചയിലൊരു ദിവസം കൂലിയോടെ അവധി ഇന്നും പല സ്വകാര്യ കമ്പനികളിലും സ്വപ്നമാണ്. ബീഡിത്തൊഴിലാളികള്‍ 45 വര്‍ഷംമുമ്പ് ഈ അവകാശം നേടിയെടുത്തു. ബീഡി- ചുരുട്ടു തൊഴിലാളികളുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെട്ട 1966 ലെ ബീഡി-സിഗാര്‍ വര്‍ക്കേഴ്സ് (കണ്ടീഷന്‍സ് ഓഫ് എംപ്ലോയ്മെന്റ്) ആക്ടാണ് നിരാലംബ ജീവിതങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നത്. പുകയിലയുമായി നിരന്തര സമ്പര്‍ക്കം, അമിതജോലി, പോഷകാഹാരക്കുറവ് ഇവയെല്ലാം തൊഴിലാളികളെ രോഗികളാക്കിയ കാലം. ബീഡിത്തൊഴിലാളികള്‍ക്ക് കേന്ദ്ര നിയമമെന്ന ആവശ്യം എ കെ ജിയുടെ മുന്നില്‍വച്ച സി ആവശ്യമായ വിവരം ശേഖരിക്കാന്‍ രാപ്പകല്‍ പാടുപെട്ടു. ഖനി തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ പഠിച്ച സി അലഹബാദ് ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധി കണ്ടെത്തി. തൊഴിലാളികളുടെ റിട്ട് ഹര്‍ജിയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ അംഗീകരിച്ച് ആഴ്ചയില്‍ ഒരുദിവസം കൂലിയോടെ അവധി, പോഷകാഹാരം എന്നിവ നല്‍കാനായിരുന്നു വിധി. എ കെ ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ച അനൗദ്യോഗിക ബില്ലിന്റെ പ്രധാനഭാഗം സി തയ്യാറാക്കിയതായിരുന്നു. രാജമുണ്ഡ്രി ജയിലില്‍ സഹതടവുകാരനായിരുന്ന അഡ്വ. തിമ്മയ്യയുടെ വിലാസം പഴയ ഡയറിയില്‍നിന്ന് തേടിപ്പിടിച്ചാണ് അദ്ദേഹം അലഹബാദ് കോടതിയുടെ വിധിപ്പകര്‍പ്പ് സമ്പാദിച്ചത്. ആധികാരിക വിവരങ്ങളോടെയുള്ള അനൗദ്യോഗിക ബില്ല് അവഗണിക്കാന്‍ ഗവണ്‍മെന്റിനായില്ല. അടുത്ത സമ്മേളനത്തില്‍ ഗവണ്‍മെന്റ് തന്നെ ബില്‍ കൊണ്ടുവന്ന് നിയമമാക്കി. ബീഡിത്തൊഴിലാളികള്‍ക്ക് പിഎഫും മിനിമംകൂലിയും സേവനവ്യവസ്ഥകളും.

ജീവിക്കാന്‍ വഴിയില്ലാതെ സ്കൂള്‍ ഉപേക്ഷിച്ച് പതിനൊന്നാം വയസ്സില്‍ ബീഡിക്കമ്പനി കയറിയ കണ്ണന്‍ വിദഗ്ധര്‍ വിഹരിക്കുന്ന നിയമ നിര്‍മാണ പ്രക്രിയയുടെ ഭാഗമായത് നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഥ. പ്രാഥമിക വിദ്യാഭ്യാസവുമായി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹം അനുരഞ്ജന ചര്‍ച്ചകളിലും ദേശീയ സമ്മേളനങ്ങളിലും അനായാസം ഇംഗ്ലീഷ് സംസാരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ പി വി സി ആയിരിക്കെ സെനറ്റിലെ ട്രേഡ് യൂണിയന്‍ പ്രതിനിധിയായ കണ്ണനെക്കുറിച്ച് സുകുമാര്‍ അഴീക്കോട് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ:

"അദ്ദേഹം വസ്തുതകള്‍ പഠിച്ചും പക്ഷപാതം കൂടാതെയും വിഷയം അന്തസ്സായി അവതരിപ്പിക്കുന്നതില്‍ നിപുണനായിരുന്നു. ദുര്‍ലഭമായേ അത്തരം അംഗങ്ങളെ കിട്ടിയിരുന്നുള്ളൂ".

2006ല്‍ 96-ാം വയസ്സില്‍ മരിക്കുംവരെ സി യുടെ വാക്കിനും പ്രവൃത്തിക്കും ഒറ്റ ലക്ഷ്യം-തൊഴിലെടുക്കുന്നവന്റെ ഉന്നതി. തൊഴിലാളിരംഗത്ത് സി പ്രവര്‍ത്തിക്കാത്ത മേഖല ചുരുക്കം. ബീഡിയും നെയ്ത്തും ചുമടും നിര്‍മാണവുമൊക്കെയായിരുന്നു കര്‍മമേഖലകളില്‍ മുഖ്യം. തോട്ടികളെ ആദ്യം സംഘടിപ്പിച്ചതും സി. ബീഡിത്തൊഴിലാളി യൂണിയന്‍ രൂപീകരിക്കുമ്പോള്‍ ജോയിന്റ് സെക്രട്ടറിയായ കണ്ണന്‍ വൈകാതെ മുഖ്യസാരഥിയായി. 2006 ഏപ്രില്‍ 16ന് അന്തരിക്കുംവരെ പ്രസിഡന്റ്. 74 വര്‍ഷം ഒരു യൂണിയന്റെ നേതൃത്വത്തില്‍ തുടര്‍ന്നതിന്റെ റെക്കോഡ് അദ്ദേഹത്തിന് സ്വന്തം.

1934 ലെ ലക്ഷ്മി ബീഡിക്കമ്പനി സമരം മുതല്‍ എത്രയെത്ര പണിമുടക്കുകള്‍ , അനുരഞ്ജന ചര്‍ച്ചകള്‍ , നിയമപോരാട്ടങ്ങള്‍ . സമരങ്ങളിലൂടെ മലബാറിലെയും തെക്കന്‍ കര്‍ണാടകത്തിലെയും ബീഡിത്തൊഴിലാളികള്‍ നേടിയ ആനുകൂല്യങ്ങള്‍ സ്വാതന്ത്ര്യാനന്തരം നിഷേധിക്കപ്പെടുമ്പോള്‍ അദ്ദേഹം തടവിലായിരുന്നു. മോചിതനായ അന്ന് തുടങ്ങിയ പോരാട്ടം 1966ലെ നിയമത്തോടെ വിജയംകണ്ടു. നിയമം നടപ്പാക്കില്ലെന്ന വെല്ലുവിളിയില്‍ മംഗലാപുരം കമ്പനികള്‍ കേരളത്തിലെ ശാഖകള്‍ പൂട്ടിയപ്പോള്‍ പട്ടിണിയിലായത് 12000 പേര്‍ . ബീഡി സഹകരണസംഘം വിപുലപ്പെടുത്തി പുനരധിവാസ പ്രവര്‍ത്തനം സി ഏറ്റെടുത്തു. അങ്ങനെ വളര്‍ന്ന ദിനേശ് 42000 പേര്‍ക്ക് തൊഴില്‍ നല്‍കി ലോകമാതൃകയായതിന് പിന്നിലും അദ്ദേഹത്തിന്റെ ബുദ്ധിയും സമര്‍പ്പണവും. യൂണിയന്റെ പ്രവര്‍ത്തനഫലമാണ് 1972ലെ വെല്‍ഫെയര്‍ പദ്ധതി, കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, വീടുവയ്ക്കാന്‍ സഹായം, പ്രസവാനുകൂല്യം, ചികിത്സാ സഹായം തുടങ്ങിയവ.

1939ല്‍ പൊന്നാനി ബീഡിത്തൊഴിലാളി പണിമുടക്കിലാണ് സിയുടെ ആദ്യഅറസ്റ്റും ജയില്‍വാസവും. തളിപ്പറമ്പ് ബീഡി പണിമുടക്കിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോഴായിരുന്നു സേലം ജയില്‍ വെടിവയ്പ്. തലയിലെ വെടിച്ചീളുകള്‍ ജീവിതാന്ത്യംവരെ ശേഷിച്ചു. നവോത്ഥാനത്തിന്റെ പകലിലൂടെയാണ് സി നടന്നുതുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനിയായും കോണ്‍ഗ്രസ് സോഷ്യലിസ്റ്റായും കമ്യൂണിസ്റ്റായും വളര്‍ന്നപ്പോഴും തൊഴിലാളി പ്രവര്‍ത്തനം കൈവിട്ടില്ല. ഒളിവുജീവിതവും അറസ്റ്റും മര്‍ദനവും ജയില്‍ചാട്ടവുമെല്ലാം തുടര്‍ക്കഥകള്‍ . വിവാഹംവേണ്ടെന്ന് വച്ച് സ്വകാര്യ ജീവിതം വേണ്ടെന്നുവച്ച സിയ്ക്ക് ലാളിത്യം അലങ്കാരമായിരുന്നില്ല. ടി പത്മനാഭന്റെ വാക്കുകള്‍ : "ജീവിക്കാന്‍ വേണ്ടിയായിരുന്നില്ല സി കണ്ണന്‍ തൊഴിലാളി നേതാവായത്. പക്ഷേ അദ്ദേഹം തൊഴിലാളികള്‍ക്കു വേണ്ടി ജീവിച്ചു. അവസാന നാളുകളില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആര്‍ഭാടം".

deshabhimani 260112

1 comment:

  1. നന്മയുടെയും ധീരതയുടെയും പര്യായമാണ് ബീഡിത്തൊഴിലാളികള്‍ . ഒരുകാലത്ത് മലബാറിന്റെ രാഷ്ട്രീയ ചിന്തക്ക് തീ പകര്‍ന്നത് ബീഡിക്കമ്പനികളില്‍നിന്നായിരുന്നു. അനീതിക്കെതിരെ മുറം താഴെവച്ച് അവര്‍ മുന്നിട്ടിറങ്ങി. കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കൂട്ടമായെത്തി. ജീവിതം വഴിമുട്ടുമ്പോള്‍ കൂലിയും ആനുകൂല്യങ്ങളും കൂട്ടിക്കിട്ടാന്‍ പോരാടി. ബീഡിവ്യവസായം പുകഞ്ഞുതീരുകയാണിന്ന്. എന്നാല്‍ , തൊഴിലാളിയുടെ സംഘബോധവും സഹജീവി സ്നേഹവും ചരിത്രത്തിലെ മായാത്ത മുദ്ര. ഒത്തുനില്‍ക്കാനും ഉള്ളത് പറയാനും അവരെ പഠിപ്പിച്ച ചാലിലോത്ത് കണ്ണന്‍ എന്ന സി കാലച്ചുവരില്‍ തിളങ്ങുന്ന ഏകാക്ഷരവും.

    ReplyDelete