ഇപ്പോഴോ?
ബൈപ്പാസിനു ബിഒടി വ്യവസ്ഥ എന്ന് സംസ്ഥാന പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ആലപ്പുഴയിലെത്തി പ്രഖ്യാപിച്ചുകളഞ്ഞു!. ഓച്ചിറ-ചേര്‍ത്തല നാലുവരിപ്പാതയുടെ ഭാഗമായേ ബൈപ്പാസ് പൂര്‍ത്തിയാക്കൂ എന്നും സംസ്ഥാനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി വേണുഗോപാലിനല്ല, സംസ്ഥാനമന്ത്രിക്കാണ് അധികാരം കൂടുതലെന്നു ഇപ്പോള്‍ വ്യക്തമായി. കാരണം, കേന്ദ്രമന്ത്രി കോണ്‍ഗ്രസിന്റെ സഹമന്ത്രി മാത്രം. സംസ്ഥാനമന്ത്രി കാബിനറ്റ് റാങ്കുള്ള മന്ത്രി. അദ്ദേഹത്തിന്റെ പാര്‍ടിയോ? ആരോടും മല്ലിടാനും ആരെയും മലര്‍ത്തിയടിക്കാനും കെല്‍പ്പുള്ള സാക്ഷാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ സാക്ഷാല്‍ മുസ്ലിംലീഗ്! റോഡു ബൈപ്പാസിനു മാത്രമല്ല വേണ്ടിവന്നാല്‍ ഹൃദയബൈപ്പാസിനും ബിഒടി കൊണ്ടുവരാന്‍ കെല്‍പ്പുള്ള ദേഹമല്ലയോ കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ കളത്തില്‍ പയറ്റുന്ന ഇബ്രാഹിംകുഞ്ഞും മോശക്കാരനാകില്ലല്ലോ.
ബിഒടി എന്നാല്‍ നിര്‍മ്മിച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുക എന്നാണ്. (ബില്‍റ്റ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍). ഈ സമ്പ്രദായം കണ്ടുപിടിച്ച മഹാന്‍ ആരായാലും നമിക്കുകയോ മാര്‍ഗമുള്ളൂ. കാരണം, 2000 കോടി രൂപയുടെ പദ്ധതിയാണ് ഓച്ചിറ-ചേര്‍ത്തല ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കാന്‍ പോകുന്നത്. ഈ പാത ബിഒടി ആയാല്‍ എത്രയാകും കൈക്കൂലിയായും കോഴയായും മറിയുക? 30-40 ശതമാനം എന്നാണ് "അത്" നല്‍കാറുള്ള ചില കരാറുകാര്‍ പറയുന്നത്. അങ്ങനയെങ്കില്‍ 2000 കോടിരൂപയുടെ 40 ശതമാനം എത്രവരും? 800 കോടി. അതായത്, ഇത്രയും തുക യുഡിഎഫ് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റിലാകും.
ബിഒടി വരുന്ന കാര്യം മനോരമയും റിപ്പോര്‍ട്ട് ചെയ്തു. "കുട്ടനാട്ടിലെ റോഡ്, പാലം; പ്രത്യേക പാക്കേജ്: മന്ത്രി" എന്ന തലക്കെട്ടില്‍ ഒരുവാചകത്തില്‍ ഒതുങ്ങി ആ വാര്‍ത്ത. അതിങ്ങനെ: "ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം ബിഒടി അടിസ്ഥാനത്തില്‍ നടത്തുന്നതിനു വേണ്ട നടപടിയെടുക്കും." ബിഒടിയില്‍ ബൈപ്പാസ് പൂര്‍ത്തിയാക്കും എന്ന മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനമാണ് മനോരമ "നടപടിയെടുക്കും" എന്നാക്കിയത്. ആലപ്പുഴയില്‍ വന്നുനിന്നാണ് ഇബ്രാഹിംകുഞ്ഞ് ബിഒടി പ്രഖ്യാപനം നടത്തിയത്. രണ്ടുഘട്ടങ്ങളിലായി "230 കോടി കൊണ്ടുവന്ന" വേണുഗോപാല്‍ അതിനെതിരെ ഇതുവരെ "കമാ" എന്നുരിയാടിയിട്ടില്ല. കാരണം എന്തെന്നു അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ബിഒടി കേന്ദ്രം അറിഞ്ഞാണ്. അപ്പോള്‍ കേന്ദ്രത്തിനും 800 കോടിയില്‍നിന്നുള്ള വിഹിതം ചെല്ലും. അപ്പോള്‍പ്പിന്നെ വേണുഗോപാലിനു "സംഗതി" വരുവതെങ്ങനെ? "കാതില്‍ സങ്കീര്‍ത്തനം, കണ്ണില്‍ ക്ഷേമരാഷ്ട്രവിളംബരം നാവില്‍ ശുഭകരം മൗനം..." എന്നെഴുതിയത് വിഷ്ണുനാരായണണ്‍ നമ്പൂതിരി. വേണുഗോപാലിന്റെ മൗനം മുന്‍നിര്‍ത്തിയാണോ ഈ നിരീക്ഷണം എന്നാണ് സംശയം?
deshabhimani 040112
അങ്ങനെ ആലപ്പുഴ ബൈപ്പാസ് ഒരുവഴിക്കായി...! എന്തൊക്കെയായിരുന്നു കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാലിന്റെ പ്രഖ്യാപനങ്ങള്‍ ?! "പാതിവഴിയില്‍ മുടങ്ങികിടക്കുന്ന ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രം 157 കോടി അനുവദിച്ചു." ആദ്യപ്രഖ്യാപനം ഇതായിരുന്നു. "കേന്ദ്രം തുക 230 കോടിയായി ഉയര്‍ത്തി." രണ്ടാമത്തെ പ്രഖ്യാപനം ഇങ്ങനെ. പ്രഖ്യാപനങ്ങള്‍ കോടികളുടെ കോടിമുണ്ടുപുതച്ച് കൊടുമുടികള്‍ താണ്ടി. "വികസനനായകന്‍" ഫ്ളെക്സിന്റെ രൂപത്തില്‍ ആലപ്പുഴയുടെ പ്രധാനകവാടങ്ങളില്‍ മുഴുനീളെ ചിരിതൂകിനിന്നു. ആലപ്പുഴയോടുള്ള അടങ്ങാത്ത പ്രതിബദ്ധതയുടെ വിളംബരമായി ആ പ്രഖ്യാപനങ്ങളെ മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നാടാകെ കൊട്ടിഘോഷിച്ചു. അതുകണ്ട് "കേന്ദ്രന്‍" മഴവില്ലുപോല്‍ വളഞ്ഞുനിന്നു വര്‍ണം വാരിവിതറി. മലയാള മനോരമ ആ വര്‍ണരാജികള്‍ ഏറ്റുവാങ്ങി ആലപ്പുഴ പ്രാദേശികപേജില്‍ നിമജ്ജനം ചെയ്തു. "അത്യുന്നതങ്ങളില്‍ കേന്ദ്രമന്ത്രിക്കു മഹത്വം, ആലപ്പുഴയില്‍ സന്മനസുള്ളവര്‍ക്കു ബൈപ്പാസ്" എന്നായിരുന്നു അകത്താളുകളില്‍ വെണ്ടയ്ക്കയില്‍ മനോരമ മാലോകരെ അറിയിച്ചത്
ReplyDelete