Wednesday, January 4, 2012

തൊണ്ണൂറ്റിയഞ്ചിലും ആവേശഭരിതനായി ഗോപാലന്‍കുട്ടിമേനോന്‍

വിദ്യാര്‍ഥിയായിരിക്കെ 13-ാം വയസില്‍ ദേശീയപ്രസ്ഥാനത്തിലും അതിന്റെ ഭാഗമായുള്ള അയിത്തോച്ചാടനം, ഹിന്ദിപ്രചാരണം, വിദേശ വസ്ത്രബഹിഷ്‌കരണം, മദ്യവര്‍ജ്ജനപ്രവര്‍ത്തനം  തുടങ്ങിയവയിലും പങ്കെടുത്ത, കോഴിക്കോട് ജില്ലയിലെ തന്നെ പ്രായം ചെന്ന സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാളും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമാണ് സഖാവ് എ ഗോപാലന്‍കുട്ടി മേനോന്‍. മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മഹാരഥന്മാരായ നേതാക്കള്‍ പട്ടിണിയും കൊടിയ മര്‍ദ്ദനങ്ങളും ഒളിവുജീവിതവും നയിച്ചപ്പോള്‍ അവരോടൊപ്പം നിന്ന് പാര്‍ട്ടി  കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ച ആദ്യകാല സഖാക്കളില്‍ ഒരാളാണ് ഗോപാലന്‍കുട്ടി മേനോന്‍. 95-ാം വയസിലും ചുറുചുറുക്കോടെ പാര്‍ട്ടി വേദികളില്‍ എത്തുന്ന ഇദ്ദേഹം ലോകം ഇന്ന് മാര്‍ക്‌സിസം - ലെനിനിസത്തിന്റെ പാതയിലേക്ക് തിരിച്ചുവരുന്നത് കാണുമ്പോള്‍ ഏറെ ആഹ്ലാദഭരിതനാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ചോരയും നീരും ജീവിതവും കൊടുത്തവരുടെ സ്വപ്‌നങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ഉള്ള വിലയാണ് ലോകം സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും ഇന്ന് നല്‍കുന്ന പ്രസക്തി എന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഉപ്പുസത്യഗ്രഹത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ് വിദ്യാര്‍ഥിയായ ഗോപാലന്‍കുട്ടിമേനോനെ പൊതുരംഗത്തേയ്ക്ക് കൊണ്ടുവന്നത്. കെ കേളപ്പന്റെ നേതൃത്വത്തില്‍ നടക്കുന്ന നിയമലംഘനം എന്താണെന്നറിയാന്‍ കൊയിലാണ്ടി ടൗണില്‍ ചെന്നപ്പോള്‍ പൊലീസ് ജനങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച് ഓടിക്കുന്നത് കണ്ടു. ഇതാണ് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന്് പ്രേരണയായത്. തുടര്‍ന്ന് ബാലഭാരതസംഘത്തില്‍ അംഗമായി. ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കള്‍ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുകയെന്നതായിരുന്നു ബാലഭാരതസംഘാംഗങ്ങളുടെ ജോലി. ഇത് കൂടാതെ കടകളിലും വീടുകളിലും ഹുണ്ടിക വച്ച് സംഭാവന പിരിച്ചെടുക്കുന്ന ജോലിയുമുണ്ടായിരുന്നു. ബാലഭാരതസംഘത്തിലെ പ്രവര്‍ത്തനം സജീവമായപ്പോള്‍ പഠിച്ചുകൊണ്ടിരുന്ന മലബാര്‍ മിഷന്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ പഠനത്തിനായി കൊയിലാണ്ടി ഹൈസ്‌കൂളില്‍ ചേര്‍ന്നെങ്കിലും വൈകാതെ അവിടെ നിന്നും പുറത്താക്കപ്പെട്ടു. അക്കാലത്ത് നടന്ന അധ്യാപക സമരത്തിനിടെ പി ആര്‍ നമ്പ്യാര്‍, രാവുണ്ണി മാസ്റ്റര്‍, പരിയാരം കിട്ടേട്ടന്‍, ടി സി നാരായണന്‍ നമ്പ്യാര്‍ എന്നീ നേതാക്കന്മാരുമായി ഏറെ അടുപ്പമുണ്ടായി. ഇതോടെയാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തുന്നത്.

തുടര്‍ന്ന് എ കെ ജിയുടെയും സര്‍ദാര്‍ ചന്ത്രോത്തിന്റെയും നേതൃത്വത്തില്‍ നടന്ന പട്ടിണി ജാഥ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഒന്നാം ലോക മഹായുദ്ധകാലത്ത് 1940 സെപ്തംബറിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. ഒളിവിലുള്ള സഖാക്കള്‍ക്ക് വേണ്ട സഹായങ്ങളും ഷെല്‍റ്ററുകളും ഒരുക്കുകയായിരുന്നു ആദ്യം ചെയ്ത പ്രവര്‍ത്തനങ്ങള്‍. ഇതിനിടെ ഒളിവില്‍ പോകേണ്ട സാഹചര്യവുമുണ്ടായി. കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അക്കാലത്ത് കമ്മ്യൂണ്‍ ജീവിതമായിരുന്നു. പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലത്ത് സഖാക്കള്‍ക്ക് വീടും കുടുംബവുമെല്ലാം പാര്‍ട്ടി മാത്രമായിരുന്നു. പാര്‍ട്ടിക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതില്‍ പിന്നെയാണ് പാര്‍ട്ടി കമ്മിറ്റികള്‍ എല്ലായിടത്തും രൂപീകരിക്കുന്നത്. എം കുമാരന്‍ മാസ്റ്ററും എ കെ ജിയുടെ കൂടെ ബെല്ലാരി ജയില്‍ ചാടിയ ഒ കെ ജോസഫും ഒക്കെയാണ് ആദ്യകാലത്ത് കോഴിക്കോട്ടെ പാര്‍ട്ടിയെ നയിച്ചിരുന്നത്. അക്കാലത്ത് നടന്ന പോസ്റ്റല്‍ പണിമുടക്കും എന്‍ ജി ഒ പണിമുടക്കും സഖാക്കള്‍ക്ക് ഏറെ ആവേശമുണ്ടാക്കിയ പ്രവര്‍ത്തനങ്ങളാണ്.

ഒഞ്ചിയത്ത് പാര്‍ട്ടി സഖാക്കള്‍ക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പാര്‍ട്ടി യോഗത്തെത്തുടര്‍ന്നാണ്  1948 ഏപ്രില്‍ 30ന് ഒഞ്ചിയം വെടിവയ്പ്പ് ഉണ്ടായത്. താനുള്‍പ്പെടെയുള്ളവര്‍ ആ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് എം എസ് പി വടകരയില്‍ എത്തിയിട്ടുണ്ടെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമെന്നും വാര്‍ത്ത പരന്നത്. ഇതേത്തുടര്‍ന്ന് പൂര്‍ത്തിയാകും മുമ്പ് യോഗം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഒഞ്ചിയത്തുണ്ടായ വെടിവയ്പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. ഇതോടനുബന്ധിച്ച് മെയ്ദിനത്തില്‍ കൊയിലാണ്ടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയും പൊതുയോഗം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജയിലിലാക്കി. ജയില്‍ മോചനത്തിന് ശേഷം നടന്ന റെയില്‍വേ സമരത്തിലും പങ്കെടുത്തതിന്് കോഴിക്കോട് സബ് ജയിലില്‍ അടയ്ക്കപ്പെട്ടു. അക്കാലത്ത് കുമാരന്‍ മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരമാണ് കോഴിക്കോട് പട്ടണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി എത്തിയത്. കോഴിക്കോട്ട് ദിനപ്രഭ പത്രത്തില്‍ ജോലി ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. ദേശാഭിമാനി നിരോധനം നീക്കി വീണ്ടും പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ അവിടേയ്ക്ക് മാറി. 1964ല്‍ പാര്‍ട്ടി പിളര്‍പ്പിന്റെ സമയത്ത് കോഴിക്കോട്ട് ദേശാഭിമാനിയുടെ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു. പിളര്‍പ്പിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്നതിന്റെ പേരില്‍ ഒട്ടേറെ പീഡനങ്ങളും കയ്യേറ്റങ്ങളും വരെ നേരിടേണ്ടി വന്നു. പിന്നീട് നവജീവനും നവയുഗവും ജനയുഗവും കോഴിക്കോട്ട് തുടങ്ങുന്നതില്‍ ഭാഗഭാക്കായി. ജനയുഗത്തിന്റെ  മാനേജര്‍ എന്ന ചുമതല പലപ്രാവശ്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ നാടെങ്ങും ഉണരുമ്പോള്‍ തികഞ്ഞ ആവേശവും അഭിമാനവും തോന്നുന്നുവെന്ന് ഗോപാലന്‍കുട്ടി മേനോന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ കുറച്ചു സഖാക്കള്‍ മാത്രമാണ് കോഴിക്കോട് ജില്ലയില്‍ സി പി ഐയില്‍ നിലയുറപ്പിച്ചത്. ആ അവസ്ഥയില്‍ നിന്ന് പാര്‍ട്ടി ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു. ആദ്യകാലത്ത് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ എഫ് സി ഐ ഗോഡൗണിലേക്ക് നടത്തിയ സമരത്തില്‍ താനുള്‍പ്പെടെ 12 പേരാണ് പങ്കെടുത്തതെന്ന് അദ്ദേഹം അനുസ്മരിച്ചു. അറസ്റ്റ് ചെയ്ത തങ്ങളെ ജാമ്യത്തിലെടുക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല.  എന്നാല്‍ ഇന്ന് പാര്‍ട്ടിയുടെ വളര്‍ച്ച കാണുമ്പോള്‍ തികഞ്ഞ ആവേശം തോന്നുന്നു. കഴിഞ്ഞമാസം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന വമ്പിച്ച ബഹുജനപ്രകടനം അതിന്റെ ദൃഷ്ടാന്തമാണ്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞു എന്നതില്‍ തങ്ങളുടെ തലമുറയ്ക്ക് അഭിമാനം തോന്നുന്നു. അഴിമതിക്കറ പുരളാതെ, സത്യസന്ധതയോടെ, നീതിയ്ക്ക് വേണ്ടി പാര്‍ട്ടി പോരാടുന്നുണ്ട്. ഈ പോരാട്ടം തുടരണം. ആശാസ്യകരമല്ലാത്ത പല പ്രവണതകളും ലോകത്താകമാനം യുവതലമുറയില്‍ വളര്‍ന്നു വരുന്നു. പണാധിപത്യത്തിന്റെ ഭാഗമാണിത്. ഇതിനെ ഒന്നിച്ചുനേരിടാന്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്ന യുവതലമുറയ്ക്കും പാര്‍ട്ടിക്കും കഴിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും തന്നെപ്പോലുള്ളവര്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. മുതലാളിത്തം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രസക്തി ലോകം തിരിച്ചറിയുന്നുണ്ടെന്നത് ഈ പ്രതീക്ഷകളെ ശരിവയ്ക്കുന്നു എന്ന് ഗോപാലന്‍കുട്ടി മേനോന്‍ വ്യക്തമാക്കുന്നു.  

തയ്യാറാക്കിയത്: ഷിബു ടി ജോസഫ്‌ janayugom 040112

1 comment:

  1. വിദ്യാര്‍ഥിയായിരിക്കെ 13-ാം വയസില്‍ ദേശീയപ്രസ്ഥാനത്തിലും അതിന്റെ ഭാഗമായുള്ള അയിത്തോച്ചാടനം, ഹിന്ദിപ്രചാരണം, വിദേശ വസ്ത്രബഹിഷ്‌കരണം, മദ്യവര്‍ജ്ജനപ്രവര്‍ത്തനം തുടങ്ങിയവയിലും പങ്കെടുത്ത, കോഴിക്കോട് ജില്ലയിലെ തന്നെ പ്രായം ചെന്ന സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാളും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമാണ് സഖാവ് എ ഗോപാലന്‍കുട്ടി മേനോന്‍. മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മഹാരഥന്മാരായ നേതാക്കള്‍ പട്ടിണിയും കൊടിയ മര്‍ദ്ദനങ്ങളും ഒളിവുജീവിതവും നയിച്ചപ്പോള്‍ അവരോടൊപ്പം നിന്ന് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ച ആദ്യകാല സഖാക്കളില്‍ ഒരാളാണ് ഗോപാലന്‍കുട്ടി മേനോന്‍. 95-ാം വയസിലും ചുറുചുറുക്കോടെ പാര്‍ട്ടി വേദികളില്‍ എത്തുന്ന ഇദ്ദേഹം ലോകം ഇന്ന് മാര്‍ക്‌സിസം - ലെനിനിസത്തിന്റെ പാതയിലേക്ക് തിരിച്ചുവരുന്നത് കാണുമ്പോള്‍ ഏറെ ആഹ്ലാദഭരിതനാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ചോരയും നീരും ജീവിതവും കൊടുത്തവരുടെ സ്വപ്‌നങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ഉള്ള വിലയാണ് ലോകം സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും ഇന്ന് നല്‍കുന്ന പ്രസക്തി എന്നും അദ്ദേഹം വിശ്വസിക്കുന്നു.

    ReplyDelete