Wednesday, January 4, 2012

കേരള സര്‍വകലാശാലയും ഐന്‍സ്റ്റീനും തമ്മിലെന്ത്?

കേരള സര്‍വകലാശാലയും പ്രശസ്ത ഭൗതിക ശാസ്ത്രഞ്ജനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും തമ്മില്‍ എന്ത് ബന്ധം? ചോദ്യംകേട്ട് നെറ്റിചുളിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാണ്. കേരള സര്‍വകലാശാലയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും തമ്മില്‍ബന്ധം ഉണ്ട്.

1937 ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല (ഇന്നത്തെ കേരളസര്‍വകലാശാല) ആരംഭിക്കുമ്പോള്‍ സര്‍വകലാശാലയുടെ തലപ്പത്ത് ഇരുത്താന്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമ വര്‍മ്മയുടെ മനസില്‍ തെളിഞ്ഞചിത്രം ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റേതായിരുന്നു. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ചിത്തിരതിരുനാള്‍ ഐന്‍സ്റ്റീന് എഴുത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു എസിന്റെ പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ചേരാനായി ഐന്‍സ്റ്റീന്‍ മഹാരാജാവിന്റെ ക്ഷണം വിനയത്തോടെ നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ പ്രഥമ ചാന്‍സിലര്‍ പദവി ചിത്തിരതിരുനാള്‍ ബാലാരാമവര്‍മ്മ സ്വയം അലങ്കരിച്ചു. അന്തരിച്ച പ്രമുഖ ചരിത്രകാരനായ പ്രഫ. എ ശ്രീധരമേനോന്‍ കേരള സര്‍വകലാശാലയുടെ ചരിത്രത്തെക്കുറിച്ച് രണ്ട് വാല്യങ്ങളില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ചരിത്രപരമായ ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അന്നത്തെ ആറായിരം രൂപ തിരുവിതാംകൂര്‍ മഹാരാജാവ് ഐന്‍സ്റ്റിന് ശബളമായി വാഗ്ദാനം ചെയ്തിരുന്നു.

എഴുപത്തഞ്ച് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന കേരള സര്‍വകലാശാലയുടെ പ്രൗഢി പുതിയ വിവരത്തിന്റെ വെളിച്ചത്തില്‍ ആഗോളതലത്തിലേക്ക് ഉയരുകയാണ്. തിരുവിതാംകൂറില്‍ നിന്നും ഐന്‍സ്റ്റീന് അയച്ചകത്തിന്റെ പകര്‍പ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചരിത്രകാരന്മാര്‍.

janayugom 040112

1 comment:

  1. കേരള സര്‍വകലാശാലയും പ്രശസ്ത ഭൗതിക ശാസ്ത്രഞ്ജനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും തമ്മില്‍ എന്ത് ബന്ധം? ചോദ്യംകേട്ട് നെറ്റിചുളിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാണ്. കേരള സര്‍വകലാശാലയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും തമ്മില്‍ബന്ധം ഉണ്ട്.

    ReplyDelete