ആന്ധ്ര സ്വദേശി വസന്ത്റാവുവിന് 1986ല്‍ ബൈപാസ് ശസ്ത്രക്രിയ വേണ്ടിവന്നു. ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. 1995ല്‍ റാവു ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍നിന്ന് ആരോഗ്യരക്ഷാ പോളിസി എടുത്തു. 1996ല്‍ റാവുവിന് നെഞ്ചുവേദന വന്നു. ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നു കണ്ടു. ഈഷെമിക് ഹാര്‍ട്ട് ഡിസീസായിരുന്നു രോഗം. ശസ്ത്രക്രിയക്കുശേഷം റാവു ചികിത്സാചെലവ് ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനിക്ക് അപേക്ഷ നല്‍കി. എന്നാല്‍ കമ്പനി ആവശ്യം നിരസിച്ചു. 1986ല്‍ ബൈപാസ് സര്‍ജറിക്കു വിധേയനായ സാഹചര്യത്തില്‍ , റാവുവിന്റെ ഹൃദ്രോഗം പോളിസി എടുക്കുംമുമ്പേ ഉള്ളതാണെന്നും അതുകൊണ്ടുതന്നെ റാവുവിന്റെ ആവശ്യം അസ്വീകാര്യമാണെന്നുമായിരുന്നു കമ്പനിയുടെ വാദം.
റാവു സംസ്ഥാന ഉപഭോക്തൃകമീഷനിലെത്തി. കമ്പനിയുടെ വാദം നിരസിക്കുകയാണ് കമീഷന്‍ ചെയ്തത്. ഇതിനെതിരെയുള്ള അപ്പീലാണ് ദേശീയ കമീഷനിലെത്തിയത്. ബൈപാസ് ശസ്ത്രക്രിയക്കു വിധേയനായ ആള്‍ക്ക് 13 വര്‍ഷത്തിനുശേഷമുണ്ടായ ഹൃദ്രോഗത്തിന് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാനാകില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട് ശരിയല്ലെന്ന് ദേശീയ ഉപഭോക്തൃ കമീഷന്‍ വിധിച്ചു. ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയാണ് ദേശീയ ഉപഭോക്തൃകമീഷന്‍ വിധി പ്രഖ്യാപിച്ചത്.
ഇന്‍ഷുറന്‍സ് പോളിസിയില്‍ മുമ്പേയുള്ള രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന ഒരു പൊതുവായ വകുപ്പുണ്ട്. ഈ വകുപ്പാണ് ആനുകൂല്യം നിഷേധിക്കാനുള്ള ന്യായമായി കമ്പനി ചൂണ്ടിക്കാട്ടിയത്. "ആദ്യമായി പോളിസി എടുക്കുന്നതിനു മുമ്പായുള്ള എല്ലാ അസുഖങ്ങളും പരിക്കുകളും ഈ പോളിസിയുടെ പരിധിക്കുപുറത്തായിരിക്കും" എന്നാണ് പോളിസിയിലെ വാചകം. ഇതിന്റെ വ്യാഖ്യാനത്തിലൂടെയാണ് കമ്പനി 13 വര്‍ഷംമുമ്പ് ഹൃദ്രോഗമുണ്ടായ ആള്‍ക്ക് ഇപ്പോള്‍ ഹൃദയത്തിനുണ്ടായ തകരാറ് മുമ്പേയുള്ളതാണെന്നു വാദിച്ചത്. ദേശീയകമീഷന്‍ ഈ വാദം തള്ളി. ഇത്തരത്തിലൊരു വ്യാഖ്യാനം സ്വീകാര്യമല്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. 1986ല്‍ ഹൃദ്രോഗമുണ്ടായി എന്നതു ശരിയാണ്. പക്ഷേ അന്ന് ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു. അതുകൊണ്ട് ഇപ്പോള്‍ , 13 കൊല്ലത്തിനുശേഷമുണ്ടായ രോഗാവസ്ഥ അന്നുമുതല്‍ക്കേയുള്ളതാണെന്നുകരുതാനാകില്ല. ഹൃദയധമനിയില്‍ ബ്ലോക്കുണ്ടാകുന്നവര്‍ ബൈപാസ് സര്‍ജറി കഴിഞ്ഞാലും മരുന്നുകഴിക്കാറുണ്ട്. വീണ്ടും ഉണ്ടാകാനിടയുള്ള ബ്ലോക്ക് ഒഴിവാക്കാനാണിത്. ഇങ്ങനെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനര്‍ഥം അവര്‍ വീണ്ടും രോഗംവരാന്‍ സാധ്യതയുള്ളവരാണ് എന്നാണ്. അല്ലാതെ രോഗികളായി തുടരുന്നവരാണെന്നല്ല. രോഗംവരാനുള്ള സാധ്യതയുള്ളവര്‍ എന്നതിനര്‍ഥം മുമ്പേ രോഗമുള്ളവര്‍ എന്നല്ല- ദേശീയ കമീഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ റാവുവിന് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് ദേശീയ കമീഷന്‍ വിധിച്ചു.
മുമ്പേയുള്ള രോഗങ്ങള്‍ക്കുകൂടി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുംവിധം പോളിസിഘടന പരിഷ്കരിക്കണമെന്ന് ഐആര്‍ഡിഎ കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. 2005 ജൂണില്‍ ഐആര്‍ഡിഎയുടെ ഒരു കര്‍മസമിതി ഇക്കാര്യം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പോളിസിയെടുത്ത് നാലുവര്‍ഷത്തിനുശേഷം ഒരാള്‍ക്കുണ്ടാകുന്ന ഏത് രോഗാവസ്ഥയ്ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കാന്‍ 2008 ജൂണില്‍ തീരുമാനമാകുകയും ചെയ്തു. ഇതനുസരിച്ച് പോളിസികളില്‍ മുമ്പേയുള്ള രോഗത്തിന്റെ നിര്‍വചനം മാറ്റിയിട്ടുമുണ്ട്. അപ്പോഴും ബൈപാസ് കഴിഞ്ഞയാള്‍ രോഗിയാകുമോ എന്നതുപോലെയുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴും അവശേഷിക്കുന്നു.
(അഡ്വ. കെ ആര്‍ ദീപ) advocatekrdeepa@gmail.com
deshabhimani

ReplyDelete