Friday, January 13, 2012

പരിയാരം അന്വേഷണ റിപ്പോര്‍ട്ട് യുഡിഎഫ് ഭരണസമിതിക്കുള്ള കുറ്റപത്രം

പരിയാരം മെഡിക്കല്‍ കോളേജില്‍ മെറിറ്റും സാമൂഹ്യനീതിയും പാലിച്ചുകൊണ്ട് സുതാര്യമായാണ് പ്രവേശനം നടന്നിരിക്കുന്നതെന്നത് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സഞ്ജയ് ഗാര്‍ഗ് കമീഷന്റെ റിപ്പോര്‍ട്ട് അടിവരയിടുന്നു. കമീഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ക്രമക്കേടുകള്‍ പ്രധാനമായും യുഡിഎഫ് നേതൃത്വം കൊടുത്ത മുന്‍ഭരണസമിതിയുടെ കാലത്തേതാണെന്നും വ്യക്തമായി. ഭരണസമിതി പിരിച്ചുവിട്ട് ക്രമക്കേടുകള്‍ നടത്തിയവരെ മെഡിക്കല്‍ കോളേജ് ഭരണം ഏല്‍പ്പിക്കണമെന്ന് വകുപ്പ് മന്ത്രിക്കുപോലും പറയാന്‍ കഴിയുന്നില്ല. മാത്രമല്ല എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നത് സഹകരണ മന്ത്രിയുടെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാവുകയുംചെയ്തു. മുന്‍ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന വന്‍ക്രമക്കേടുകള്‍ പൊതുവല്‍ക്കരിച്ച് നിലവിലുള്ള ഭരണസമിതിയെവരെ കുറ്റക്കാരാക്കാനുള്ള ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തിവന്നിരുന്നത്. ആ പ്രചാരണവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

പരിയാരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രതിവര്‍ഷം 100 വിദ്യാര്‍ഥികളെയാണ് പ്രവേശിപ്പിക്കുന്നത്. ഇതില്‍ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്. ശേഷിക്കുന്നതില്‍ 35 ശതമാനംവരുന്ന മാനേജ്മെന്റ് ക്വോട്ടയിലും സര്‍ക്കാര്‍ എന്‍ട്രന്‍സ് ലിസ്റ്റില്‍നിന്നും മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. 15 ശതമാനം സീറ്റുകള്‍ എന്‍ആര്‍ഐ ക്വോട്ടയാണ്. ഇതിലേക്ക് യോഗ്യതയുള്ള അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യു നടത്തി പ്രവേശനം നടത്തുന്നു. എല്‍ഡിഎഫ് ഭരണസമിതി പ്രവേശനം തീര്‍ത്തും സുതാര്യമാക്കി. അക്കാദമിക് നിലവാരവും ആശുപത്രി വികസനവും കൊണ്ടുവരുന്നതിന് നടത്തിയ പരിശ്രമം രക്ഷിതാക്കളും പൊതുജനങ്ങളും അംഗീകരിച്ചതാണ്. കുറ്റപ്പെടുത്താന്‍ ഒന്നുമില്ലെന്നുമാത്രമല്ല; മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് സഹകരണമന്ത്രിപോലും ഇപ്പോഴത്തെ ഭരണസമിതിയെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായത്. 2006-07 അധ്യയന വര്‍ഷത്തില്‍ മെറിറ്റ് നോക്കാതെയും സര്‍ക്കാരിന്റെ അനുമതിയില്ലാതെയും പ്രിവിലേജ് സീറ്റ്&ൃറൂൗീ;എന്ന കാറ്റഗറി സൃഷ്ടിച്ച് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി പ്രവേശനം നടത്തി. പ്രിവിലേജ് കാറ്റഗറി അഴിമതിയിലൂടെ പ്രവേശനം നടത്താനുള്ള മാര്‍ഗമായിരുന്നു. യോഗ്യതയില്ലാത്തവരില്‍നിന്ന് വന്‍ ഫീസ് വാങ്ങിയായിരുന്നു അന്ന് പ്രവേശനം. കോടതി വിലക്കിയ തലവരിപ്പണം വാങ്ങിയതും ഇക്കാലത്താണ്. അന്വേഷണ കമീഷന്‍ കണ്ടെത്തിയ വലിയ ക്രമക്കേടും ഇതാണ്. പ്രിവിലേജ് എന്നാല്‍ പണവും സ്വാധീനവും സ്ഥാപിത താല്‍പ്പര്യവും സ്വന്തക്കാരും എന്നാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാലത്ത് ആശുപത്രി വികസനഫണ്ട് എന്നപേരിലും വന്‍തുക നിയമവിരുദ്ധമായി വാങ്ങിച്ചതായും തെളിഞ്ഞിട്ടുണ്ട്. 2006-07 അധ്യയനവര്‍ഷത്തില്‍ എന്‍ആര്‍ഐ സീറ്റുകളിലാവട്ടെ ഫീസിനുപുറമെ 22.6 ലക്ഷം രൂപ വീതം ഓരോ വിദ്യാര്‍ഥിയില്‍നിന്നും ഈടാക്കി. നിലവില്‍ എന്‍ആര്‍ഐ സീറ്റുകളിലും സര്‍ക്കാര്‍ അനുമതിയോടെയുള്ള ഫീസ് മാത്രമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വാങ്ങുന്നത്. 2007ല്‍ വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ എന്‍ആര്‍ഐ ഫീസായി ഈടാക്കിയതും അഞ്ച് ലക്ഷം രൂപ ഓഹരിയായി ഈടാക്കിയതും വികസന ഫണ്ട് എന്നപേരില്‍ ക്യാപ്പിറ്റേഷന്‍ ഫീസ് പിന്‍വാതിലിലൂടെ ഈടാക്കിയതും ശരിയായിരുന്നില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഇതിനൊന്നും സര്‍ക്കാര്‍ അനുമതിയില്ലായിരുന്നുവെന്നും തെളിഞ്ഞിരിക്കുന്നു.

2007-08 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥിപ്രവേശനവും എം വി രാഘവന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയാണ് നടത്തിയത്. മാനേജ്മെന്റ് സീറ്റില്‍ അനുമതിയില്ലാതെ ഒരു വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചതായി അന്വേഷണ കമീഷന്‍ കണ്ടെത്തിയത് ഇക്കാലയളവിലാണ്. 2007 സെപ്തംബറിലായിരുന്നു ടികെ ഗോവിന്ദന്‍മാസ്റ്റര്‍ ചെയര്‍മാനായി സഹകരണ മുന്നണി അധികാരത്തില്‍ വന്നത്. 2007-08 ലെ വിദ്യാര്‍ഥിപ്രവേശന നടപടികള്‍ അദ്ദേഹം ഭരണച്ചുമതല ഏറ്റെടുക്കുംമുന്‍പ് പൂര്‍ത്തിയായിരുന്നു. 2008-09 മുതല്‍ നാലുവര്‍ഷത്തെ പ്രവേശന നടപടികള്‍ സാമൂഹ്യനീതിയും മെറിറ്റും പാലിച്ച് സുതാര്യമായാണ് നടത്തിയത്. 2008-09 അധ്യയനവര്‍ഷത്തില്‍ മാനേജ്മെന്റ് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നാണ് മാനേജ്മെന്റ് ക്വോട്ടയില്‍ രണ്ട് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. അന്ന് ഈ ക്വോട്ടയിലേക്ക് അപേക്ഷിച്ചവരില്‍ പ്രവേശന പരീക്ഷാ കമീഷണറുടെ ലിസ്റ്റില്‍നിന്ന് പ്രവേശനത്തിന് യോഗ്യതയുള്ളവര്‍ ഇല്ലാത്തതിനാലായിരുന്നു ഇത്. മാധ്യമങ്ങളില്‍ പരസ്യം നല്‍കി ഇന്റര്‍വ്യൂ നടത്തിയശേഷമായിരുന്നു പ്രവേശനം. ഇത് സര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു. മാത്രമല്ല ആ വര്‍ഷത്തെ പ്രവേശനം പൂര്‍ത്തിയാക്കേണ്ട അവസാന തീയതിയിലാണ് ഈ രീതിയില്‍ പ്രവേശനം നടത്തിയത്. അല്ലായിരുന്നുവെങ്കില്‍ പ്രസ്തുത അധ്യയനവര്‍ഷത്തില്‍ രണ്ട് സീറ്റ് ഒഴിഞ്ഞുകിടക്കുമായിരുന്നു. അന്ന് എന്‍ആര്‍ഐ ക്വോട്ടയില്‍ കൂടുതല്‍ ഫീസ് വാങ്ങിച്ചു എന്നതും ശരിയല്ല.

2010-11ല്‍ പ്രവേശനം നടന്നത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണകാലത്താണ്. ഈ സമയത്ത് മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയവരുടെ റാങ്കുകള്‍ തമ്മില്‍ അന്തരമുണ്ടെന്ന് അന്വേഷണ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ബോധപൂര്‍വം നടത്തിയ നടപടികളുടെ ഫലമല്ല. പ്രവേശനത്തിന് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് അപേക്ഷിച്ചവര്‍ ഇല്ലാതിരുന്നതിനാല്‍ , ഒഴിവുവന്ന രണ്ടുസീറ്റ് നികത്തിയിരുന്നു. പത്രപ്പരസ്യം നല്‍കി മെറിറ്റ് പരിഗണിച്ചാണ് രണ്ടുപേര്‍ക്ക് പ്രവേശനം നല്‍കിയത്. അതായത് ഇത് 2006-07ല്‍ യുഡിഎഫ് ഭരണകാലത്ത് എല്ലാ മാനദണ്ഡവും ലംഘിച്ച് നടത്തിയ പ്രവേശനംപോലെയായിരുന്നില്ല. പ്രിവിലേജ് സീറ്റെന്ന പേരില്‍ മെറിറ്റ് മറികടന്ന് മുന്‍കൂട്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് 15 പേര്‍ക്ക് പ്രവേശനം നല്‍കിയത്. അതുകൊണ്ടാണ് കോണ്‍ഗ്രസ്, സിഎംപി നേതാക്കളുടെയും ജനപ്രതിനിധികളുടെയും ബിസിനസുകാരുടെയും സ്വന്തക്കാര്‍ക്ക് പ്രവേശനം കിട്ടിയത്. വാങ്ങിയ ഫീസാകട്ടെ ക്യാപ്പിറ്റേഷന്‍ ഫീസാണുതാനും. അന്നുതന്നെ ഇതിനെതിരെ വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നു. യുഡിഎഫ് ഭരണകാലം മുതല്‍തന്നെ പിജി പ്രവേശനത്തില്‍ എല്ലാസീറ്റിലും മാനേജ്മെന്റാണ് പ്രവേശനം നടത്തിയിരുന്നത്. പിന്നീടുവന്ന ഇടതുപക്ഷ ഭരണസമിതിയാണ് സര്‍ക്കാരിന് സീറ്റുകള്‍ വിട്ടുകൊടുത്തുതുടങ്ങിയത്.

സര്‍ക്കാര്‍ നിശ്ചയിച്ച അന്വേഷണ കമീഷന്‍തന്നെ പറയുന്നത് നിലവിലെ അധ്യയന വര്‍ഷത്തില്‍വരെ പിജി പ്രവേശനത്തിന് വ്യക്തമായ വ്യവസ്ഥകള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല എന്നാണ്. 2011-12 ല്‍ പല സ്വാശ്രയ മാനേജ്മെന്റുകളിലും പിജി സീറ്റുകള്‍ അനുവദിച്ചപ്പോള്‍ പരിയാരം കോളേജ് ആദ്യംതന്നെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിലേക്ക് വിട്ടുനല്‍കി. സര്‍ക്കാര്‍ പ്രവേശനം നടത്തേണ്ട ഒരു പിജി സീറ്റ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഈ സീറ്റില്‍ മാനേജ്മെന്റ് പ്രവേശനം നടത്തിയിരുന്നുവെങ്കില്‍ ലക്ഷങ്ങള്‍ വരുമാനമായി ലഭിക്കുമായിരുന്നു. പണമല്ല, മെറിറ്റും സാമൂഹ്യനീതിയുമാണ് നിലവിലുള്ള ഭരണസമിതിയുടെ ലക്ഷ്യം. സാമൂഹ്യപ്രതിബദ്ധതയാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നത്.

2011-12 അധ്യയന വര്‍ഷത്തിലെ എല്ലാ വിദ്യാര്‍ഥിപ്രവേശനവും നിലവിലുള്ള ഭരണസമിതിയുടെ നേതൃത്വത്തിലാണ് നടന്നത്. ഇതില്‍ ക്രമക്കേടൊന്നും നടന്നിട്ടില്ല. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടും അത് സാധൂകരിക്കുന്നു. സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയില്‍നിന്ന് മെറിറ്റടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്വോട്ടയിലും മാനേജ്മെന്റ് ക്വോട്ടയിലും പ്രവേശനം നടത്തിയത്. ചുരുക്കത്തില്‍ പരിയാരം അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായി.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് യുഡിഎഫിന് ഭരണം ഏല്‍പ്പിച്ചുകൊടുക്കുകയിരുന്നു കമീഷനെ നിയമിച്ചതിന്റെ ഉദ്ദേശ്യം. അല്ലാതെ മെഡിക്കല്‍ കോളേജിന്റെ അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടിയായിരുന്നില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് സഹകരണമന്ത്രിയുടെ പ്രതികരണം "ഭരണസമിതിയെ പിരിച്ചുവിടത്തക്ക വിധം ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല" എന്നായിരുന്നു. ക്രമക്കേടുകള്‍ നടന്നത് മുന്‍ യുഡിഎഫ് ഭരണകാലത്താകുമ്പോള്‍ എങ്ങനെ നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിടും? ഒരു വ്യാഴവട്ടക്കാലം ക്രമക്കേടും അഴിമതിയും നടത്തിയവരെ 2007ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സഹകാരികളും പരിയാരം സംരക്ഷണ സമിതിയും ചേര്‍ന്നുള്ള കൂട്ടായ്മ പരാജയപ്പെടുത്തിക്കഴിഞ്ഞു. നിര്‍മല്‍ മാധവ് മോഡല്‍ പ്രവേശനമായിരുന്നു യുഡിഎഫ് കാലത്ത് പരിയാരത്ത് നടന്നതെന്ന് വ്യക്തമായി. എല്‍ഡിഎഫ് ചെയ്തതുപോലെ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്നെങ്കില്‍ പ്രവേശന പരീക്ഷാ കമീഷണറുടെ റാങ്ക് ലിസ്റ്റില്‍ പരമാവധി 3000 വരെയുള്ള റാങ്കുകാര്‍ക്കുമാത്രം ലഭിക്കുമായിരുന്ന 35 സീറ്റില്‍ 30000നും മേലെ റാങ്കുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല. എന്നാല്‍ , യുഡിഎഫ് നേതാക്കളുടെ ബന്ധുക്കളായ 32945-ാം റാങ്കുകാരിക്കും 24945-ാം റാങ്കുകാരിക്കും 21640-ാം റാങ്കുകാരിക്കും അന്ന് പ്രവേശനം നല്‍കി. ഇതാണ് വന്‍ ക്രമക്കേടായി കമീഷന്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് പ്രവേശനവും മെറിറ്റടിസ്ഥാനത്തിലാവണമെന്ന വ്യവസ്ഥയും അട്ടിമറിക്കപ്പെട്ടു.

വിദ്യാഭ്യാസത്തെ വില്‍പ്പനച്ചരക്കാക്കിയ അന്നത്തെ യുഡിഎഫ് ഭരണസമിതിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമോ എന്നതും മെറിറ്റ് കാറ്റില്‍പറത്തി ബന്ധുക്കള്‍ക്ക് ക്രമവിരുദ്ധ പ്രവേശനം നേടിയെടുത്ത കോണ്‍ഗ്രസ് നേതാക്കളായ ജനപ്രതിനിധികള്‍ സ്ഥാനം രാജിവച്ച് കുറ്റം ഏറ്റുപറയുമോ എന്നതുമാണ് ഇന്ന് ഉയരുന്ന പ്രസക്തമായ ചോദ്യം. പ്രിവിലേജ് സീറ്റിലൂടെ അഴിമതിയും ക്രമക്കേടും നടത്തിയവരെ പിന്നീട് നടന്ന തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയില്ലായിരുന്നെങ്കില്‍ പ്രിവിലേജുകാര്‍ പരിയാരം മെഡിക്കല്‍ കോളേജിനെ കച്ചവടത്തില്‍ ഗവേഷണം നടത്താവുന്ന സ്ഥാപനമാക്കി മാറ്റുമായിരുന്നു. എന്തായാലും യുഡിഎഫ് കുടുംബസ്വത്താക്കി മാറ്റിയ ഒരു സ്ഥാപനത്തെ, എല്‍ഡിഎഫ് ഭരണസമിതി ജനങ്ങളുടെ സ്ഥാപനമാക്കി വളര്‍ത്താനുള്ള പരിശ്രമത്തിലാണ്. ഈ മാറ്റം കാരണമാണ് പഠനത്തിനും ചികിത്സ തേടിയും കൂടുതല്‍ കൂടുതല്‍ പേര്‍ പരിയാരം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജിനെ ജനകീയ സ്ഥാപനമാക്കി ഉയര്‍ത്താനുള്ള എല്‍ഡിഎഫ് ഭരണസമിതി ശ്രമം പൂര്‍ണവിജയം കാണുകതന്നെ ചെയ്യും.

എം വി ജയരാജന്‍ deshabhimani 130211

1 comment:

  1. പരിയാരം മെഡിക്കല്‍ കോളേജില്‍ മെറിറ്റും സാമൂഹ്യനീതിയും പാലിച്ചുകൊണ്ട് സുതാര്യമായാണ് പ്രവേശനം നടന്നിരിക്കുന്നതെന്നത് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സഞ്ജയ് ഗാര്‍ഗ് കമീഷന്റെ റിപ്പോര്‍ട്ട് അടിവരയിടുന്നു. കമീഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ക്രമക്കേടുകള്‍ പ്രധാനമായും യുഡിഎഫ് നേതൃത്വം കൊടുത്ത മുന്‍ഭരണസമിതിയുടെ കാലത്തേതാണെന്നും വ്യക്തമായി. ഭരണസമിതി പിരിച്ചുവിട്ട് ക്രമക്കേടുകള്‍ നടത്തിയവരെ മെഡിക്കല്‍ കോളേജ് ഭരണം ഏല്‍പ്പിക്കണമെന്ന് വകുപ്പ് മന്ത്രിക്കുപോലും പറയാന്‍ കഴിയുന്നില്ല. മാത്രമല്ല എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നത് സഹകരണ മന്ത്രിയുടെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാവുകയുംചെയ്തു. മുന്‍ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന വന്‍ക്രമക്കേടുകള്‍ പൊതുവല്‍ക്കരിച്ച് നിലവിലുള്ള ഭരണസമിതിയെവരെ കുറ്റക്കാരാക്കാനുള്ള ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തിവന്നിരുന്നത്. ആ പ്രചാരണവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

    ReplyDelete