Friday, January 13, 2012

പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യമേഖലയില്‍ മതിയെന്ന് യുഡിഎഫ്

ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യ സ്വാശ്രയ കോളേജുകളാക്കാന്‍ യുഡിഎഫ് തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള സാമ്പത്തികബാധ്യത ഒഴിവാക്കാനാണ് സ്വകാര്യപങ്കാളിത്തം തേടുന്നതെന്ന് യുഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കും. പണം കണ്ടെത്താനായി ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്‍ രൂപീകരിക്കാന്‍ യോഗം ശുപാര്‍ശചെയ്തതായും തങ്കച്ചന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കിറ്റ്കോയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റ് മാനേജ്മെന്റിനായിരിക്കും. 18ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമതീരുമാനമാകുമെന്നും തങ്കച്ചന്‍ പറഞ്ഞു.

മലപ്പുറത്ത് മഞ്ചേരി, ഇടുക്കിയില്‍ പൈനാവ്, കാസര്‍കോട്ട് ബദിയടുക്ക, പത്തനംതിട്ട, ആലപ്പുഴയില്‍ ഹരിപ്പാട് എന്നിവിടങ്ങളിലാണ് മെഡിക്കല്‍ കോളേജ് തുടങ്ങുന്നത്. പ്രവാസി മലയാളികളില്‍നിന്ന് ഓഹരിയായി മൂലധനം സ്വരൂപിച്ച് കോളേജ് ആരംഭിക്കാനാണ് തീരുമാനം. 50 ശതമാനം സീറ്റില്‍ മാനേജ്മെന്റിന് യഥേഷ്ടം കാപ്പിറ്റേഷന്‍ ഫീസ് വാങ്ങാവുന്ന നിലയിലാണ് മെഡിക്കല്‍ കോളേജുകള്‍ വരുന്നത്. മഞ്ചേരിയിലും പൈനാവിലും സര്‍ക്കാര്‍ ആശുപത്രികളും ഹരിപ്പാട്ട് എന്‍ടിപിസിയുടെ ആശുപത്രിയും സ്ഥലവും പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി വിട്ടുനല്‍കും. ഇതോടെ ഈ ആശുപത്രികളില്‍നിന്ന് ലഭിച്ചിരുന്ന സൗജന്യചികിത്സയും ഇല്ലാതാകും. പുതിയ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയ്ക്ക് മാനേജ്മെന്റ് നിശ്ചയിക്കുന്ന വന്‍ ഫീസും നല്‍കേണ്ടിവരും. ആലപ്പുഴയില്‍ നിലവില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ വണ്ടാനത്താണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത് ഹരിപ്പാട് മണ്ഡലത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പ്രതിനിധാനംചെയ്യുന്നത്. ഈ പരിഗണനയിലാണ് പുതിയ മെഡിക്കല്‍ കോളേജ് ഹരിപ്പാട്ട് സ്ഥാപിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് നേഴ്സുമാരില്ല

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് നേഴ്സുമാരില്ലാത്തത് ആതുരമേഖലയെ തളര്‍ത്തുന്നു. സംസ്ഥാനത്ത് സ്ഥിരം തസ്തികയില്‍ 8400 നേഴ്സുമാരേ ഇപ്പോള്‍ ജോലി ചെയ്യുന്നുള്ളൂ. ആരോഗ്യവകുപ്പ്, ആരോഗ്യ-വിദ്യാഭ്യാസവകുപ്പ്, ഇഎസ്ഐ എന്നീ മേഖലകളിലായാണിത്. ഈ മൂന്ന് വിഭാഗങ്ങളിലുമായി 8000 പേരെക്കൂടി നിയമിച്ചാലേ പ്രതിസന്ധി നീങ്ങൂ. ആര്‍എസ്ബിവൈ, എച്ച്ഡിഎസ്, എന്‍ആര്‍എച്ച്എം എന്നീ പദ്ധതികളിലൂടെ വാര്‍ഡുകളും മറ്റും വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ നേഴ്സുമാരെ നിയമിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്. വിവിധ ജില്ലകളില്‍ പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമന നിരോധനമായതിനാല്‍ നിയമനം നടക്കുന്നില്ല.

വര്‍ഷങ്ങളായി സ്റ്റാഫ് നേഴ്സ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷന്‍ നല്‍കിയാലേ പുതുതായി കൂടുതല്‍ പേരെ നിയമിക്കാനാവൂ. നിലവിലുള്ള സ്റ്റാഫ് നേഴ്സുമാരില്‍ ഭൂരിഭാഗവും രണ്ട് പതിറ്റാണ്ടിലേറെയായി സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. ദിവസക്കൂലിക്ക് നേഴ്സുമാരെ വച്ചാണ് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തുടരുന്നത്. ഇവര്‍ക്കാകട്ടെ അധിക ജോലി ഭാരവും കുറഞ്ഞ വേതനവുമാണ് ലഭിക്കുന്നത്. നാല് രോഗികള്‍ക്ക് ഒരു നേഴ്സ് എന്നതാണ് ആശുപത്രികളില്‍ നിശ്ചയിച്ച അനുപാതം. ഇത് എവിടെയും പാലിക്കപ്പെടുന്നില്ല. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മറ്റും നൂറ് രോഗിക്ക് ഒരു നേഴ്സ് എന്നതാണ് അവസ്ഥ.

ആര്‍എസ്ബിവൈ, എച്ച്ഡിഎസ്, എന്‍ആര്‍എച്ച്എം വഴിയാണ് നേഴ്സുമാരെ ദിവസക്കൂലിക്ക് നിയമിക്കുന്നത്. ഒരേ ജോലി ചെയ്യുന്ന ഇവര്‍ക്ക് വ്യത്യസ്ത നിരക്കിലാണ് വേതനവും. എന്‍ആര്‍എച്ച്എംകാര്‍ക്ക് മാസം 7000 രൂപ ലഭിക്കുമ്പോള്‍ എച്ച്ഡിഎസിക്കാര്‍ക്ക് 6200 രൂപയേയുള്ളു. ആര്‍എസ്ബിവൈയിലൂടെയെത്തുന്നവര്‍ക്കാകട്ടെ ഇത് 5880 രൂപയും. അവധി, ഓഫ് എന്നിവയൊന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. രാത്രിയും പകലും തുടര്‍ച്ചയായി ജോലി ചെയ്യുകയും വേണം. 15 ദിവസം കൂടുമ്പോള്‍ ഒരു ദിവസം ഇടവേളയെന്നതാണിപ്പോഴത്തെ സ്ഥിതി. മാസം 28 ദിവസമേ പ്രവൃത്തി ദിനമായി കണക്കാക്കൂ. മറ്റ് ബത്തകളോ ആനുകൂല്യങ്ങളോ ലഭിക്കുന്നുമില്ല. ബിഎസ്സി നേഴ്സിങ്, ജനറല്‍ നേഴ്സിങ് കോഴ്സുകളില്‍ ഉന്നത വിജയം നേടിയവരാണ് ദിവസക്കൂലിക്കാരായെത്തുന്നത്. ശുചീകരണ തൊഴിലാളികള്‍ക്കുപോലും 200 രൂപ വരെ ദിവസവേതനമായി കിട്ടുമ്പോഴാണ് നേഴ്സുമാരോട് ഈ അവഗണന.

deshabhimani 130112

1 comment:

  1. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യ സ്വാശ്രയ കോളേജുകളാക്കാന്‍ യുഡിഎഫ് തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള സാമ്പത്തികബാധ്യത ഒഴിവാക്കാനാണ് സ്വകാര്യപങ്കാളിത്തം തേടുന്നതെന്ന് യുഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കും. പണം കണ്ടെത്താനായി ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്‍ രൂപീകരിക്കാന്‍ യോഗം ശുപാര്‍ശചെയ്തതായും തങ്കച്ചന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കിറ്റ്കോയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റ് മാനേജ്മെന്റിനായിരിക്കും. 18ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമതീരുമാനമാകുമെന്നും തങ്കച്ചന്‍ പറഞ്ഞു.

    ReplyDelete