Friday, January 13, 2012

സാമ്പത്തിക പ്രതിസന്ധി; ഗ്രീസില്‍ രക്ഷിതാക്കള്‍ കുട്ടികളെ ഉപേക്ഷിക്കുന്നു


ഏഥന്‍സ്: കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഗ്രീസിലെ രക്ഷിതാക്കള്‍ കുട്ടികളെ ഉപേക്ഷിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ വളര്‍ത്താനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതുമൂലമാണ് ഉപേക്ഷിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നത്. ഗ്രീസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ സാമ്പത്തിക സഹായവും പ്രസിഡന്റ് ജോര്‍ജ് പെപ്പന്‍ദ്രുവിന്റെ രാജിയുമൊന്നും ഗ്രീസിന്റെ രക്ഷയ്ക്കെത്തുന്നില്ല.

കുട്ടികളെ തെരുവില്‍ ഉപേക്ഷിക്കുന്നത് ഗ്രീസില്‍ പതിവ് കാഴ്ചയാകുകയാണ്. അടുത്തിടെ ഒരു നവജാത ശിശുവുള്‍പ്പെടെ നാല് കുട്ടികളെ ആഥന്‍സിലെ ആര്‍ക്ക് ഓഫ് വേള്‍ഡ് യൂത്ത് സെന്ററിന്റെ പടിവാതില്‍ക്കല്‍ ഉപേക്ഷിച്ചെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. തന്റെ രണ്ട് വയസുള്ള മകള്‍ നതാഷയെ സംഘടനാ ഭാരവാഹികളെ ഏല്‍പ്പിച്ച ശേഷം അമ്മ ഓടിപ്പോയെന്നും ഇവര്‍ പറഞ്ഞു. നാല് വയസുള്ള അന്ന സ്കൂളിലെത്തിയത് അമ്മയുടെ ഒരു കത്തുമായാണ്. കുട്ടിയെ വിളിക്കാന്‍ താന്‍ വരില്ലെന്നും അവളെ നന്നായി നോക്കണമെന്നുമുള്ള കുറിപ്പായിരുന്നു അത്. ജോലി നഷ്ടപ്പെട്ടതുകാരണം എട്ട് വയസുള്ള മകള്‍ അനസ്തീഷിയയെ ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിതായായി. ഒരു വര്‍ഷത്തിലേറെയായി ജോലി നഷ്ടപ്പെട്ടിട്ടെന്നും കുട്ടിയെ സംരക്ഷിക്കാന്‍ ഒരു വഴിയുമില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് കുട്ടികളെയാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന് ബേക്ക് സെന്റര്‍ നടത്തുന്ന ഫാദര്‍ അന്റോണിയോസ് പപ്പന്‍ക്ലോവ് പറഞ്ഞു. ഗ്രീസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാറും യൂറോപ്യന്‍ യൂണിയനും ശക്തമായി ഇടപെടണമെന്നാണ് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ബാങ്കിങ് മേഖലകളടക്കമുള്ള പൊതുമേഖലകളില്‍ അമിതമായി സ്വകാര്യ വല്‍ക്കരണം നടപ്പാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണമെന്ന് പ്രമുഖ ബാങ്ക് ഭാരവാഹികള്‍ പറഞ്ഞു. പൊതുമേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

deshabhimani news

1 comment:

  1. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഗ്രീസിലെ രക്ഷിതാക്കള്‍ കുട്ടികളെ ഉപേക്ഷിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ വളര്‍ത്താനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതുമൂലമാണ് ഉപേക്ഷിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നത്. ഗ്രീസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ സാമ്പത്തിക സഹായവും പ്രസിഡന്റ് ജോര്‍ജ് പെപ്പന്‍ദ്രുവിന്റെ രാജിയുമൊന്നും ഗ്രീസിന്റെ രക്ഷയ്ക്കെത്തുന്നില്ല.

    ReplyDelete