Monday, January 16, 2012

വി എസിനെതിരായ അന്വേഷണം സര്‍ക്കാരിന്റെ അഴിമതിക്ക് മറയിടാന്‍ : പിണറായി

അഴിമതി സാധ്യത മാത്രം നോക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താനാവും. വി എസിനെതിരായ വിജിലന്‍സ് അന്വേഷണം ഇതിനെല്ലാം മറയിടാനുള്ള പണിയാണ്. പയ്യന്നൂരില്‍ സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോയുടെ ചുമതലയില്‍നിന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍ സാരഥിയായ ഇ ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ അഴിമതിയല്ലാതെ മറ്റെന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. സുതാര്യമായ പശ്ചാത്തലവും വൈദഗ്ധ്യവുമുള്ള ദില്ലി മെട്രോ റെയില്‍ കോര്‍പറേഷനെ ഒഴിവാക്കുന്നതിനെ എല്ലാവരും എതിര്‍ത്തപ്പോഴാണ് സര്‍ക്കാര്‍ പിന്മാറിയത്. കുറച്ച് കാശ് കൈയ്യില്‍ വരണമെന്ന സങ്കുചിത ചിന്തയുടെ ഭാഗമായാണ് ആഗോള ടെന്‍ഡര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇനിയും ഇക്കാര്യത്തില്‍ കള്ളക്കളികള്‍ ഉണ്ടാവാനിടയുണ്ട്. ഒരു സംഘം യുഡിഎഫ് നേതാക്കള്‍ ആര്‍ത്തിപിടിച്ച് വി എസിന്റെ രാജിക്കായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രസക്തിയുമില്ലാത്തതാണ, അത്തരം ആവശ്യം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍പോലും അധികാരത്തില്‍ കടിച്ചുതൂങ്ങുമ്പോള്‍ എഫ്ഐആര്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ രാജിവയ്ക്കണമെന്ന് പറയുന്നതിന് എന്ത് ന്യായമാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നത് മാത്രമാണ് ഇക്കാര്യത്തില്‍ നടന്നത്. യുഡിഎഫിന്റെ ദുരുദ്ദേശ്യമാണ് ഈ ബഹളത്തില്‍ തെളിയുന്നത്. വി എസ് ഒരു കാരണവശാലും രാജിവയ്ക്കില്ല.

അഴിമതിക്കാര്യത്തില്‍ വേറിട്ട സമീപനമുള്ള പാര്‍ടിയാണ് സിപിഐ എം എന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതൊന്നും ഇവിടെ ഏശാന്‍ പോകുന്നില്ലെന്ന് ആരോപണമുന്നയിക്കുന്നവര്‍ തിരിച്ചറിയണം. സിപിഐ എമ്മുകാരല്ലാത്തവര്‍പോലും പാര്‍ടി ശക്തമായി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അഴിമതിക്കെതിരായും വര്‍ഗീയതക്കെതിരായും പൊരുതാന്‍ പ്രാപ്തിയുള്ള പാര്‍ടിയായി അവര്‍ കാണുന്നത് സിപിഐ എമ്മിനെയാണ്- പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടേത് നാലാംതരം പണി: വി എസ്

അഴിമതി ചൂണ്ടിക്കാട്ടിയതിന് നാലാംതരം പണിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കൊള്ള മറച്ചുവയ്ക്കാന്‍ അത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനുമെതിരെ പ്രചാരവേല നടത്തുകയാണ്. പയ്യന്നൂരില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ കെ കരുണാകരന്‍ മുഖ്യമന്ത്രിയായ സമയത്താണ് പാമൊലിന്‍ അഴിമതി ചൂണ്ടിക്കാണിച്ചത്. അതിന്റെ പേരില്‍ കരുണാകരന്‍ ഒരു പ്രതികാര നടപടിയും സ്വീകരിച്ചില്ല. എന്നാല്‍ അനുയായിയായ ഉമ്മന്‍ചാണ്ടി പകരത്തിനു പകരമെന്ന വിലകുറഞ്ഞ നടപടിയാണ് കൈക്കൊള്ളുന്നത്. വി എസും ടി കെ സോമനും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. എന്റെ ബന്ധുവെന്ന നിലയിലല്ല സോമന് 1977-ല്‍ കെ കരുണാകരന്‍ മുഖ്യന്ത്രിയായ സമയത്ത് മൂന്നേക്കര്‍ ഭൂമി പതിച്ചുനല്‍കിയത്. പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചതിനാണ് ഭൂമി നല്‍കിയത്. നിലവിലുള്ള നിയമം അനുസരിച്ചായിരുന്നു ഇത്. പട്ടയത്തിനായി മുപ്പതു വര്‍ഷത്തിലേറെ അദ്ദേഹം സര്‍ക്കാര്‍ ഓഫീസും കോടതിയും കയറിയിറങ്ങി. 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍ നിയമ തടസ്സങ്ങള്‍ ഉണ്ടായപ്പോള്‍ നിയമ വകുപ്പിന് വിട്ടു. ഒടുവില്‍ ഭാവിയില്‍ വരുന്ന സര്‍ക്കാര്‍ നടപടി സ്വീകരിക്കട്ടെയെന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത്. ഇതിനാണ് എനിക്കെതിരെ കേസ്.

ഈ കേസ് ചുമത്താന്‍ വിജിലന്‍സിനെ നിയോഗിച്ച ഉമ്മന്‍ചാണ്ടി ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞേ തീരൂ. സഹകരണ പരീക്ഷാബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ച കുഞ്ഞ് ഇല്ലമ്പള്ളി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവാണോ. ഈ നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടോ. നിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ. കൊച്ചി മെട്രോ റെയില്‍വേയുടെ അക്കൗണ്ട് എങ്ങനെയാണ് ബന്ധുവായ സച്ചു മാനേജരായ കൊല്ലം ആക്സിസ് ബാങ്കിലേക്ക് മാറ്റിയതെന്ന് ഉമ്മന്‍ചാണ്ടി മറുപടി പറയണം. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ കാല്‍ലക്ഷം റാങ്കിന് താഴെയുള്ള നിര്‍മല്‍ മാധവിനെ സ്വാശ്രയ കോളേജില്‍നിന്ന് ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യമെടുത്ത് മാറ്റിയത് എന്തിനാണ്. നിയമലംഘനവും സ്വജനപക്ഷപാതവും നടത്തിയതിന് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ. വ്യാജപാസ്പോര്‍ട്ട് സൃഷ്ടിച്ച് 300 തവണ വിദേശ സന്ദര്‍ശനം നടത്തിയ അലക്സ് ജോസഫിന് കോടതിയില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത് ആരാണ്. പി ജെ കുര്യന്‍ കേന്ദ്രമന്ത്രിയായ സമയത്ത് ആഡംബരകാര്‍ കടത്തിയ അലക്സ് സോണിയാഗാന്ധിയുടെ സെക്രട്ടറി ജോര്‍ജിന് വേണ്ടപ്പെട്ടയാളാണ്. ഇവിടെ കള്ളന്‍ കപ്പലില്‍ തന്നെയാണ്. ഈ അലക്സിനെതിരെ എന്തെങ്കിലും നടപടിയുണ്ടോ. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ഉള്‍പ്പെടെ നിരവധി അന്വേഷണം നേരിടുന്ന ദീപുവിനെ രക്ഷിക്കാനായി ഐടി വകുപ്പില്‍നിന്ന് മാറ്റി മറ്റൊരിടത്ത് നിയമിച്ചത് വിജിലന്‍സ് അന്വേഷിക്കുമോ. ഇടമലയാര്‍ കേസില്‍ പ്രതിയായ ബാലകൃഷ്ണപിള്ളയെ ജയില്‍മോചിതനാക്കാന്‍ വഴിവിട്ട് സഹായിച്ചതും ജയിലില്‍ നിയമവിരുദ്ധമായി ഫോണില്‍ സംസാരിച്ചതും എങ്ങനെയാണെന്നും പറയണം. ഇന്‍ഫോ പാര്‍ക്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിഇഒയെ നിയമിച്ചത് പത്രപരസ്യം നല്‍കി മാനദണ്ഡങ്ങള്‍ പാലിച്ചാണ്. എന്നാല്‍ ടെക്നോ പാര്‍ക്ക് സിഇഒ നിയമനത്തിന് യുഡിഎഫ് പത്രപരസ്യം നല്‍കിയോ?. ആരെയാണ് നിയമിച്ചത്. ഇത് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കുമോ.

ഉമ്മന്‍ചാണ്ടി ചോദിച്ചതിന് ഞാന്‍ മറുപടി പറഞ്ഞു. എന്റെ ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയാന്‍ ധൈര്യം കാണിക്കണം. ഏറെ ഐക്യത്തോടെയും ജനങ്ങളുടെ സഹകരണത്തോടെയുമാണ് സിപിഐ എമ്മിന്റെ 14 ജില്ലാസമ്മേളനങ്ങളും പൂര്‍ത്തിയായതെന്നും വി എസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി അഴിമതിക്കാരുടെ സംരക്ഷകന്‍ : കോടിയേരി

അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കാനുള്ള വെപ്രാളമാണ് ഉമ്മന്‍ചാണ്ടിക്കെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയെയും ടി എം ജേക്കബിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് അഴിമതിക്കേസുകളില്‍ പ്രതികളാണെന്നു പറഞ്ഞാണ്. ഇപ്പോഴത്തെ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ആറുപേര്‍ അഴിമതിക്കേസില്‍ പ്രതികളാണ്. അഴിമതിക്കാരായ മന്ത്രിമാരെ രക്ഷിച്ചെടുക്കാനുളള അജന്‍ഡ മാത്രമാണ് സര്‍ക്കാരിന്. അതിന് വിജിലന്‍സിനെ ഉപയോഗിക്കുകയാണ്. വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിയെ മാറ്റി വേണുഗോപാലിന് ചുമതല നല്‍കിയത് അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ പാമൊലിന്‍ കേസില്‍നിന്ന് ഒഴിവാക്കാന്‍ കൂട്ടുനിന്ന ഐപിഎസുകാരനായ ഡെസ്മണ്ട് നെറ്റോയെ ലക്ഷം രൂപ ശമ്പളമുള്ള ഏഷ്യന്‍ ഗെയിംസ് ഡയറക്ടറാക്കി. പ്രതിപക്ഷത്തിനെതിരെ കേസുണ്ടാക്കുകയും സ്വന്തം മന്ത്രിമാരെ രക്ഷിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. വിജിലന്‍സിനെ ഇത്ര രാഷ്ട്രീയവല്‍ക്കരിച്ച അനുഭവം കേരളത്തിലാദ്യമാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായും കോണ്‍ഗ്രസുകാരനെ നിയമിച്ചു. മന്ത്രിമാരുടെ കേസ് അട്ടിമറിക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ നേതാവ് വി എസിനെതിരെയുള്ള കേസ് അഴിമതിക്കാരെ രക്ഷിക്കുന്നതിന് കെട്ടിച്ചമച്ചതാണ്. ഇത്തരം കേസുകളിലുടെ എല്‍ഡിഎഫിന്റെ വായടപ്പിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. ഓലപ്പാമ്പിനെ കാണിച്ചു ഭയപ്പെടുത്താന്‍ നോക്കേണ്ട- കോടിയേരി പറഞ്ഞു.

deshabhimani 160112

1 comment:

  1. അഴിമതി സാധ്യത മാത്രം നോക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താനാവും. വി എസിനെതിരായ വിജിലന്‍സ് അന്വേഷണം ഇതിനെല്ലാം മറയിടാനുള്ള പണിയാണ്. പയ്യന്നൂരില്‍ സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete