Monday, January 9, 2012

ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ കേരളം മറക്കില്ല: പിണറായി

വടക്കഞ്ചേരി: കീഴുദ്യോഗസ്ഥരെക്കൊണ്ട് പരിശോധന നടത്തി പാമൊലിന്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടല്‍ കേരളം മറക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജ്യോതിബസു നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാമൊലിന്‍ കേസിലെ യഥാര്‍ഥ വസ്തുതകള്‍ ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നു. മന്ത്രിസഭ തീരുമാനിച്ച കാര്യത്തില്‍ ധനമന്ത്രിക്ക് പ്രത്യേക ഉത്തരവാദിത്തമില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ ശരിയല്ല. പൊതുഖജനാവിന് നഷ്ടം വരുന്ന കാര്യങ്ങള്‍ വരുമ്പോള്‍ ധനവകുപ്പ് നിര്‍ബന്ധമായും പരിശോധിക്കണം. തടയുകയും വേണം. പാമൊലിന്‍ കേസിലും അതാണ് സംഭവിച്ചത്. ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി അത്തരമൊരു ഇടപെടല്‍ നടത്തിയിട്ടില്ല. തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാത്തത് അഴിമതിക്ക് കൂട്ടുനില്‍ക്കലാണ്. അതുകൊണ്ടാണ് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പാമൊലിന്‍ കേസില്‍ ചില കാര്യങ്ങള്‍കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് പരിശോധിപ്പിച്ച് ക്ലീന്‍ ചിറ്റ് വാങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി. വിജിലന്‍സ് വകുപ്പിന്റെ തലപ്പത്തിരിക്കുന്നവര്‍ ആഭ്യന്തര വകുപ്പില്‍നിന്ന് പോയവരാണ്. അവര്‍ നാളെ തിരിച്ചുവരേണ്ടവരുമാണ്. ഈ ഉദ്യോഗസ്ഥരെല്ലാം മുഖ്യമന്ത്രിയുടെ കീഴിലുള്ളവരാണ്. ഇവര്‍ പരിശോധിക്കുക എന്നാല്‍ ഉമ്മന്‍ചാണ്ടിതന്നെ കേസ് പരിശോധിക്കുക എന്നാണ്. സ്വന്തം കേസ് സ്വയം പരിശോധിച്ച് ക്ലീന്‍ ചിറ്റ് വാങ്ങുകയെന്നത് കേരളം ഒരിക്കലും മറക്കില്ല -പിണറായി പറഞ്ഞു.

പാമൊലിന്‍ കേസ് വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തെക്കുറിച്ച് നല്ല മതിപ്പാണ് ഞങ്ങള്‍ക്കുള്ളത്. ആ പരാമര്‍ശത്തിനുള്ള മറുപടിയുടെ പേരില്‍ രണ്ട് പാര്‍ടികള്‍ തമ്മില്‍ തര്‍ക്കമാണെന്ന് വരുത്താന്‍ ആരും ശ്രമിക്കേണ്ടെന്നും പിണറായി പറഞ്ഞു.

deshabhimani 090112

1 comment:

  1. കീഴുദ്യോഗസ്ഥരെക്കൊണ്ട് പരിശോധന നടത്തി പാമൊലിന്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടല്‍ കേരളം മറക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജ്യോതിബസു നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete