Monday, January 9, 2012

രാജീവ് വര്‍മ യാത്രയായി; കണ്ണുകള്‍ വെളിച്ചമാകും


മാതൃകയായി മാറിയ അവയവദാനവും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വൈദഗ്ധ്യവും തുണച്ചിട്ടും സി കെ രാജീവ് വര്‍മ (49) യാത്രയായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച വൈകിട്ട് 5.30നാണ് അന്തരിച്ചത്. തലച്ചോറിലുണ്ടായ അണുബാധയാണ് മരണകാരണം. ദേശാഭിമാനി ചീഫ് സര്‍ക്കുലേഷന്‍ മാനേജരാണ്. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് തൃപ്പൂണിത്തുറയിലെ വീട്ടില്‍ കൊണ്ടുവരും. 11മുതല്‍ 12വരെ തൃപ്പൂണിത്തുറ മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് കൊച്ചി രാജകുടുംബംവക ശ്മശാനത്തില്‍ .

കോഴിക്കോട് യൂണിറ്റില്‍ ഡെപ്യൂട്ടി മാനേജരുടെ ചുമതല വഹിച്ചുവരികയായിരുന്ന രാജീവ് വര്‍മയ്ക്ക് കോഴിക്കോട് വാഹനാപകടത്തില്‍ മരിച്ച അരുണ്‍ ജോര്‍ജ് എന്ന യുവാവിന്റെ കരള്‍ മാറ്റിവച്ചശേഷം സുഖംപ്രാപിച്ചുവരികയായിരുന്നു. എന്നാല്‍ , സ്ഥിതി ഞായറാഴ്ച പെട്ടെന്ന് മോശമായി. മരണം ഉറപ്പായ ഉടനെ, അരുണ്‍ ജോര്‍ജിന്റെ ബന്ധുക്കള്‍ കാണിച്ച മാതൃക പിന്തുടര്‍ന്ന് വര്‍മയുടെ ആന്തരികാവയവങ്ങള്‍ ദാനംചെയ്യാന്‍ ബന്ധുക്കള്‍ രേഖാമൂലം അനുമതി നല്‍കി. എന്നാല്‍ , അദ്ദേഹത്തിന്റെ കണ്ണുകള്‍ ഒഴികെയുള്ള അവയവങ്ങളെല്ലാം ദാനം ചെയ്യാനാകാത്തവിധം നിശ്ചലമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് നേത്രദാനംമാത്രം നടത്തി. അജ്ഞാത കാരണത്താലുണ്ടാകുന്ന ലിവര്‍ സിറോസിസ് ബാധിച്ച വര്‍മയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു പോംവഴി. തുടര്‍ന്ന് കഴിഞ്ഞമാസം 20ന് കോഴിക്കോട് മിംസില്‍നിന്ന് അമൃതയിലെത്തിച്ച് കരള്‍ മാറ്റിവച്ചു. ശസ്ത്രക്രിയക്കുശേഷം ആന്തരികാവയവങ്ങളെല്ലാം നല്ലനിലയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ , ജനുവരി രണ്ടിന് തലച്ചോറില്‍ അണുബാധയുണ്ടായി. ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അണുബാധ തടയാനായില്ല. കൊച്ചി രാജകുടുംബാംഗവും പാലിയം സമരസേനാനിയുമായ കെ ടി രാമവര്‍മ (സി ആര്‍ വര്‍മ)യുടെയും ഹരിപ്പാട് കോവിലകത്ത് ഭാരതി തമ്പുരാട്ടിയുടെയും മകനാണ്. 1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് അക്കൗണ്ട്സ് മാനേജര്‍ , ചീഫ് സര്‍ക്കുലേഷന്‍ മാനേജര്‍ തുടങ്ങിയ തസ്തികകള്‍ വഹിച്ചു. മലപ്പുറത്ത് പുതിയ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതിന്റെ ചുമതലക്കാരനായി. ഒരു വര്‍ഷംമുമ്പാണ് കോഴിക്കോട് യൂണിറ്റില്‍ ഡെപ്യൂട്ടി മാനേജരുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. സിപിഐ എം ദേശാഭിമാനി കൊച്ചി യൂണിറ്റ് ലോക്കല്‍ സെക്രട്ടറി, തൃപ്പൂണിത്തുറ മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. ഇപ്പോള്‍ കൊച്ചി യൂണിറ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ്. കൊച്ചി രാജകുടുംബാംഗം ശാന്തി വര്‍മയാണ് ഭാര്യ. മകള്‍ : ശ്രുതി വര്‍മ. മരുമകന്‍ : ഗിരീഷ്.

അറിയപ്പെടുന്ന കഥകളി ചെണ്ട കലാകാരനാണ്. മേജര്‍ സെറ്റ് കഥകളി സംഘങ്ങള്‍ക്കൊപ്പം കേരളത്തിനകത്തും പുറത്തും നിരവധി വേദികളിലെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തോടൊപ്പം വിദേശങ്ങളിലും പര്യടനം നടത്തി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്ര ഉത്സവമേളത്തിലും പതിവുകാരനായിരുന്നു. സംസ്ഥാനത്താകെയുള്ള മേള, കഥകളി കലാകാരന്മാരുമായി ബന്ധം പുലര്‍ത്തിയ അദ്ദേഹം അവരുടെ ജീവിത നിലവാരമുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സഹോദരങ്ങള്‍ : രമേശ് വര്‍മ (കാലടി സംസ്കൃത സര്‍വകലാശാല, പെര്‍ഫോമിങ് ആര്‍ട്സ് വിഭാഗം), രാധിക വര്‍മ (ബ്രാഞ്ച് മാനേജര്‍ , സൗത്ത് ഇന്ത്യന്‍ ബാങ്ക് കുമ്പളം).

deshabhimani 090112

1 comment:

  1. മാതൃകയായി മാറിയ അവയവദാനവും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വൈദഗ്ധ്യവും തുണച്ചിട്ടും സി കെ രാജീവ് വര്‍മ (49) യാത്രയായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച വൈകിട്ട് 5.30നാണ് അന്തരിച്ചത്. തലച്ചോറിലുണ്ടായ അണുബാധയാണ് മരണകാരണം. ദേശാഭിമാനി ചീഫ് സര്‍ക്കുലേഷന്‍ മാനേജരാണ്. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് തൃപ്പൂണിത്തുറയിലെ വീട്ടില്‍ കൊണ്ടുവരും. 11മുതല്‍ 12വരെ തൃപ്പൂണിത്തുറ മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് കൊച്ചി രാജകുടുംബംവക ശ്മശാനത്തില്‍ .

    ReplyDelete