സാന്ത്വന പരിചരണം പ്രധാനമന്ത്രിയുടെ അവാര്‍ഡ് പട്ടികയില്‍
മലപ്പുറം: സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങള്‍ നടപ്പാക്കിയ സാന്ത്വന പരിചരണ (പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്) പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ 2011 ലെ ഭരണനിര്‍വഹണ അവാര്‍ഡ് പട്ടികയില്‍ . മൂന്ന് റൗണ്ടിലായി നടക്കുന്ന പുരസ്കാര നിര്‍ണയത്തില്‍ കേരളം രണ്ടാം റൗണ്ടിലെത്തി. ആദ്യമാണ് സാന്ത്വന പരിചരണ പ്രവര്‍ത്തനം പ്രധാനമന്ത്രിയുടെ അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡ് ഏപ്രിലില്‍ സമ്മാനിക്കും. ഞായറാഴ്ച ലോകമെങ്ങും സാന്ത്വന പരിചരണ ദിനമായി ആചരിക്കുകയാണ്. ലോകത്ത് ആദ്യമായി സാന്ത്വന പരിചരണ നയം ആവിഷ്കരിച്ച് നടപ്പാക്കിയതിനുള്ള അംഗീകാരമായാണ് ഈ ബഹുമതി വിലയിരുത്തപ്പെടുന്നത്.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി കൂടിയാലോചിച്ച്, ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ് നയരൂപീകരണത്തിനായി ശ്രമിച്ചത്. തുടര്‍ന്ന് 2008 ഏപ്രിലില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സാന്ത്വന പരിചരണനയം പ്രഖ്യാപിച്ചു. ഇത് പൊതുജനാരോഗ്യരംഗത്തെ മാതൃകയാണെന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ വിലയിരുത്തിയിരുന്നു. കേരളമോഡലെന്ന് വിലയിരുത്തപ്പെടുന്ന സാന്ത്വന പരിചരണപ്രവര്‍ത്തനം മൂന്നുതട്ടുകളിലായാണ് നടക്കുന്നതെന്ന് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് ഡയറക്ടര്‍ ഡോ. കെ സുരേഷ്കുമാര്‍ പറഞ്ഞു.
സന്നദ്ധസംഘടനകളും സാമൂഹ്യസംഘടനകളും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തന വിഭാഗത്തില്‍ സംസ്ഥാനത്ത് 250 ഓളം സംഘടനകളുണ്ട്. 500 പഞ്ചായത്തുകള്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. അടുത്ത രണ്ടുവര്‍ഷത്തിനകം മുഴുവന്‍ പഞ്ചായത്തുകളിലേക്കും ഇത് വ്യാപിപ്പിക്കും. മെഡിക്കല്‍ കോളേജുകള്‍ , ജില്ലാ-താലൂക്ക് ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടെ 30 കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് (ഐപിഎം), പാലിയം ഇന്ത്യ ഉള്‍പ്പെടെ 12 പരിശീലനകേന്ദ്രങ്ങള്‍ സന്നദ്ധ മേഖലയിലും മൂന്നുകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ മേഖലയിലുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി രൂപ സാന്ത്വനപരിചരണപ്രവര്ത്തനങ്ങള്ക്കായി ചെലവഴിക്കുന്നുണ്ട്. ആരോഗ്യകേരളം പദ്ധതിയാണ് സന്നദ്ധസംഘടനകള്‍ക്ക് ആവശ്യമായ പരിശീലനം സംഘടിപ്പിക്കുന്നത്.
പാവങ്ങള്‍ക്ക് സാന്ത്വനമേകി എലിസബത്ത്
കല്‍പ്പറ്റ: ദുരിതങ്ങള്‍ വിടാതെ പിന്തുടരുമ്പോഴും സമൂഹത്തിലെ പാവങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് നിശബ്ദം പ്രവര്‍ത്തിക്കുകയാണ് ഗ്രാമത്ത്വയല്‍ ഫെര്‍ണാണ്ടസ് വില്ലയിലെ എലിസബത്ത് എന്ന അമ്പത്തിമൂന്നുകാരി. ചെറുപ്രായത്തില്‍ വിവാഹം, 21 വയസുള്ളപ്പോള്‍ ഭര്‍ത്താവ് റോബര്‍ട്ട് ഫെര്‍ണാണ്ടസിന്റെ മരണം. രണ്ടാമത്തെ മകള്‍ നടാഷയ്ക്ക് ഹൃദയവാല്‍വിന് അസുഖം. പിഞ്ചോമനകളായ മൂന്നു മക്കളെയുംകൊണ്ട് എങ്ങനെ ജീവിക്കണമെന്നറിയാതെ വിഷമിച്ച നാളുകള്‍ . തയ്യല്‍ ജോലിയായിരുന്നു വരുമാന മാര്‍ഗം. പ്രതിസന്ധികളില്‍ പതറാതെ അങ്കണവാടി അധ്യാപികയായും തയ്യല്‍ പരിശീലകയായും ജീവിതത്തോട് പോരാടി വിജയിച്ച കഥയാണ് എലിസബത്തിന്റേത്.
1983 മുതല്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് എലിസബത്ത് ആശ്വാസം കണ്ടെത്തി. രോഗികളെ പരിചരിക്കാന്‍ തുടങ്ങിയപ്പോള്‍ സങ്കടങ്ങള്‍ മറക്കുന്നുവെന്ന് എലിസബത്ത് പറയുന്നു. നിത്യവും രാവിലെ ഒമ്പതിന് തുടങ്ങുന്ന പ്രവര്‍ത്തനം രാത്രി ഏഴുവരെ നീളും. ക്യാന്‍സര്‍ ബാധിതരെയും മറ്റും പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ എത്തിക്കുന്നതിനും ആശുപത്രികളില്‍ സഹായിയായി കൂടെ പോകാനും എലിസബത്ത് റെഡി. മൂന്നാം വയസിലാണ് മകള്‍ നടാഷയ്ക്ക് അസുഖം പിടിപെട്ടത്. 37 വയസുള്ള നടാഷയ്ക്ക് ഇപ്പോള്‍ മൂന്ന് ഹൃദയവാല്വില്ല. 35 വയസാകുമ്പോഴേക്കും ഓപ്പറേഷന് ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ , സാമ്പത്തിക ബുദ്ധിമുട്ട് ഇവരെ അതിന് അനുവദിച്ചില്ല. ദിവസം 150 രൂപയുടെ മരുന്ന് വേണം; ആഴ്ചയില്‍ മൂന്നു ദിവസം ആശുപത്രിയിലും. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മിംസ്, എറണാകുളം അമൃത, പുട്ടപര്‍ത്തി സായിബാബ ആശുപത്രി... ചികിത്സതേടി ഈ കടുംബം അലയാത്ത സ്ഥലങ്ങളില്ല. ഇതെല്ലാം ആറുലക്ഷത്തിലധികം രൂപയുടെ കടബാധ്യത എലിസബത്തിന് സമ്മാനിച്ചു.
കോളനികളിലെ രോഗികള്‍ക്ക് മരുന്നും മറ്റു സാമ്പത്തിക സഹായങ്ങളും അവര്‍ക്കു വേണ്ട അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കുന്നതും എലിസബത്താണ്. അമ്പിലേരി, ഗ്രാമത്ത് വയല്‍ , നാരങ്ങാക്കണ്ടി കോളനിയിലെ നിത്യസന്ദര്ശകയാണ് എലിസബത്ത്. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ നഗരത്തിലെ ആശുപത്രികളില്‍ സ്വന്തം ചെലവില്‍ എത്തിക്കാനും ഇവര്‍ക്ക് മടിയില്ല. മകള്‍ ഡയാനയുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. ഭര്‍ത്താവ് മരിച്ച് വര്‍ഷങ്ങളായിട്ടും വിധവാപെന്ഷന്പോലും ഇവര്‍ക്ക് കിട്ടുന്നില്ല. ഇഎംസ് ഭവനപദ്ധതി പ്രകാരം വീടിനപേക്ഷിച്ചപ്പോള് മകള്‍ ഗള്‍ഫിലാണെന്ന കാരണത്താല്‍ അതും നിഷേധിച്ചു. ദുരിതങ്ങള്‍ ജീവിതത്തെ വിടാതെ പിന്തുടര്ന്നപ്പോള് തന്നെപ്പോലെ സങ്കടമനുഭവിക്കുന്നവരെ സഹായിക്കണമെന്ന തോന്നലാണ് ഇത്തരം പ്രവര്‍ത്തനത്തിലേക്ക് നയിച്ചതെന്ന് എലിസബത്ത് പറഞ്ഞു.
(യു ബി സംഗീത)
deshabhimani 150112

സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങള്‍ നടപ്പാക്കിയ സാന്ത്വന പരിചരണ (പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്) പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ 2011 ലെ ഭരണനിര്‍വഹണ അവാര്‍ഡ് പട്ടികയില്‍ . മൂന്ന് റൗണ്ടിലായി നടക്കുന്ന പുരസ്കാര നിര്‍ണയത്തില്‍ കേരളം രണ്ടാം റൗണ്ടിലെത്തി. ആദ്യമാണ് സാന്ത്വന പരിചരണ പ്രവര്‍ത്തനം പ്രധാനമന്ത്രിയുടെ അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡ് ഏപ്രിലില്‍ സമ്മാനിക്കും. ഞായറാഴ്ച ലോകമെങ്ങും സാന്ത്വന പരിചരണ ദിനമായി ആചരിക്കുകയാണ്. ലോകത്ത് ആദ്യമായി സാന്ത്വന പരിചരണ നയം ആവിഷ്കരിച്ച് നടപ്പാക്കിയതിനുള്ള അംഗീകാരമായാണ് ഈ ബഹുമതി വിലയിരുത്തപ്പെടുന്നത്.
ReplyDelete