Friday, January 13, 2012

സ്ത്രീസമത്വത്തിനായുള്ള പോരാട്ടം കുടുംബത്തില്‍നിന്ന് തുടങ്ങണം: കെ എന്‍ പണിക്കര്‍


സ്ത്രീ കലണ്ടര്‍ പ്രകാശനംചെയ്തു

സ്ത്രീസമത്വത്തിനായുള്ള പോരാട്ടം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍നിന്നാകണമെന്ന് ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കേരള സ്ത്രീ പഠനകേന്ദ്രം തയ്യാറാക്കിയ സ്ത്രീ കലണ്ടര്‍ പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. യോഗക്ഷേമസഭാ പ്രവര്‍ത്തകയും ഗുരുവായൂര്‍ , പാലിയം സത്യഗ്രഹങ്ങളിലെ സമരസാന്നിധ്യവുമായിരുന്ന ആര്യ പള്ളത്തിന്റെ മകള്‍ മെഹറാണ് കലണ്ടറിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയത്.

കുടുംബഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യ അധികാരം ലഭിക്കുമ്പോഴേ സമൂഹത്തിലും സ്ത്രീസമത്വം സാധ്യമാകൂ. സ്ത്രീകളെ വേര്‍തിരിച്ചുകണ്ടുള്ള സമീപനംകൊണ്ട് സ്ത്രീകളുടെ പ്രശ്നം പൂര്‍ണമായി പരിഹരിക്കാനാകില്ല. സ്ത്രീ പഠനങ്ങള്‍ പ്രത്യേകതലത്തില്‍മാത്രം ഒതുങ്ങിനില്‍ക്കാതെ സമൂഹത്തിന്റെ ആഴത്തില്‍ പടരണം. സ്ത്രീയുടെ സാമൂഹിക ഇടങ്ങളും കുടുംബത്തിന്റെ പ്രത്യയശാസ്ത്രവും സൂക്ഷ്മമായി പഠിക്കണം. സമൂഹത്തില്‍ അറിയപ്പെടാത്തവരുടെ ജീവിതം എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമം ശരിയായ ചരിത്രം എന്താണെന്ന അന്വേഷണംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

അറിയപ്പെടുന്നവരും ചരിത്രരേഖകളില്‍ വേണ്ടത്ര ഇടംപിടിക്കാത്തവരുമായ 12 സ്ത്രീകളുടെ ചിത്രങ്ങളും ലഘുവിവരങ്ങളും അടങ്ങുന്നതാണ് കലണ്ടര്‍ . സുശീല ഗോപാലന്‍ , ദേവകി നരിക്കാട്ടിരി, എ വി കുട്ടിമാളു അമ്മ, കെപിഎസി സുലോചന, ആര്യ പള്ളം, കുഞ്ഞാക്കമ്മ, യശോദ ടീച്ചര്‍ , കെ മീനാക്ഷി, കെ ഒ ഐഷാബായി, കാര്‍ത്യായനി, ലളിതാംബിക അന്തര്‍ജനം, അന്ന ചാണ്ടി എന്നിവരുടെ ചിത്രങ്ങളാണ് കലണ്ടറിലുള്ളത്. ടി എന്‍ സീമ എംപി അധ്യക്ഷയായി. സ്ത്രീപഠനകേന്ദ്രം ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, എ ജി ഒലീന എന്നിവര്‍ സംസാരിച്ചു.

deshabhimani 130112

1 comment:

  1. സ്ത്രീസമത്വത്തിനായുള്ള പോരാട്ടം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍നിന്നാകണമെന്ന് ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കേരള സ്ത്രീ പഠനകേന്ദ്രം തയ്യാറാക്കിയ സ്ത്രീ കലണ്ടര്‍ പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete