ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്ക്കനനുസൃതമായി സാമ്പത്തിക നയങ്ങള്‍ ആവിഷ്ക്കരിക്കുന്നതിന് ഗവണ്മെന്റുകള് കൂടുതല്‍ സക്രിയമായ ഒരു പങ്ക് വഹിക്കണമെന്ന് നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന് ജോസഫ് സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു.
''ജനങ്ങളെ ബാധിക്കുന്ന മര്‍മപ്രധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തരത്തില്‍ അവരുടെ സാമ്പത്തിക ചുറ്റുപാടുകളില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നവിധത്തിലുമായിരിക്കണം സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കേണ്ടത്''. അസം യൂത്ത്ഫോറം സംഘടിപ്പിച്ച ഒരു മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു. ആഗോളവല്‍ക്കരണനയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ പ്രഫസറായ സ്റ്റിഗ്ലിറ്റ്സ്, ലോകബാങ്കിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുസ്ഥിരമായ വികസനത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവന്നുകൊണ്ടിരിക്കുന്ന അസമത്വങ്ങളും അസന്തുലിതാവസ്ഥയും ഇല്ലാതാക്കുന്നതിനും രോഗലക്ഷണങ്ങള്‍ക്കൊപ്പം രോഗിയെയും ചികിത്സിക്കുന്ന വിധത്തിലുള്ള സമഗ്രമായ ഒരു സമീപനം ആവിഷ്കരിക്കേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളും മനുഷ്യവിഭവവും ജനങ്ങളുടെ നന്മക്കായി ശരിയായരീതിയില്‍ വിനിയോഗിക്കേണ്ടതുണ്ട്. സാധാരണ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കുകയെന്നതാകണം എല്ലാ സാമ്പത്തിക പരിഷ്ക്കരണങ്ങളുടെയും ലക്ഷ്യം. പൊതുസമൂഹത്തില്‍ ജനങ്ങളുടെ പങ്കാളിത്തമാണ് ഏത് സമ്പദ്ഘടനയെയും വിജയത്തിലേയ്ക്ക് നയിക്കുന്ന ചാലകശക്തി. ഗവണ്മെന്റിതര സംഘടനകള്‍, സ്വാശ്രയ ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് വികസനപ്രക്രിയയിലുള്ള പങ്കാളിത്തം രാഷ്ട്രങ്ങളെ സാമ്പത്തിക പുരോഗതിയിലേയ്ക്ക് നയിക്കും.
ആഗോള സമ്പദ്ഘടനയില്‍ ഏഷ്യയില്‍നിന്നും ഉദിച്ചുവരുന്ന വന്‍ ശക്തികളാണ് ഇന്ത്യയും ചൈനയും. ഈ പ്രക്രിയ ശക്തമായി തുടരുന്നതിന് മനുഷ്യവിഭവം എന്ന മൂലധനത്തില്‍ കൂടുതല്‍ നിക്ഷേപവും ഘടനാപരമായ വികസനവും ഉയര്‍ന്ന സമ്പാദ്യത്തിനൊപ്പം മൂലധനവിജ്ഞാനവും ഉറപ്പുവരുത്തണം. പ്രതിശീര്‍ഷവരുമാനത്തില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളും പാശ്ചാത്യലോകവും തമ്മിലുള്ള വിടവ് ഗണ്യമായി കുറക്കേണ്ടതുണ്ട്. സാമ്പത്തികവും രാഷ്ട്രീയവുമായ ജനമുന്നേറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന ദാരിദ്ര്യവും അസമത്വങ്ങളും കുറച്ചുകൊണ്ടുവരുന്നതില്‍ ലോകബാങ്കിനെപ്പോലെ സക്രിയമായ ഒരു പങ്ക് അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) വഹിക്കണമെന്ന് സ്റ്റിഗ്ലിറ്റ്സ് ആവശ്യപ്പെട്ടു.
janayugom 120112
ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്ക്കനനുസൃതമായി സാമ്പത്തിക നയങ്ങള്‍ ആവിഷ്ക്കരിക്കുന്നതിന് ഗവണ്മെന്റുകള് കൂടുതല്‍ സക്രിയമായ ഒരു പങ്ക് വഹിക്കണമെന്ന് നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന് ജോസഫ് സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു.
ReplyDelete