ഈ സാമ്പത്തികവര്‍ഷത്തില്‍ അവശേഷിച്ച രണ്ടുമാസങ്ങള്കൊണ്ട് നികത്താനാവാത്ത ഗുരുതരമായ വിടവാണിത്. ഇവിടെയൊരു ഭരണമുണ്ടോ? ഉണ്ടെങ്കില്‍തന്നെ ഭരിക്കുന്നവര്‍ക്ക് കേരളത്തിന്റെ വികസന-ക്ഷേമകാര്യങ്ങളില്‍ വല്ല താല്പ്പര്യവുമുണ്ടോ? ഭരണത്തിന്റെ മുന്‍ഗണനാക്രമം ഏതുവിധത്തിലാണ്? എന്നൊക്കെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയാണിത്. 2011-12ലേക്ക് ഭാവനാപൂര്‍ണവും പ്രായോഗികവുമായ പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംകൊടുത്തതായിരുന്നു. 11,030 കോടിയുടേതായിരുന്നു ആ പദ്ധതി. എല്‍ഡിഎഫ് ഭരണത്തെ താഴ്ത്തിക്കെട്ടാന്‍ വ്യഗ്രതപൂണ്ട യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് പുതുക്കി അവതരിപ്പിക്കുകയും അതിന്റെ ഭാഗമായി പദ്ധതി അടങ്കല്‍ പരിഷ്കരിക്കുകയുംചെയ്തു-അധികാരപ്രാപ്തിയുടെ ആദ്യനാളുകളില്‍തന്നെ. പദ്ധതിയടങ്കല്‍ ആയിരം കോടി രൂപ കണ്ട് തങ്ങളിതാ ഉയര്‍ത്തിയിരിക്കുന്നുവെന്ന് അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും കൊട്ടിഘോഷിച്ചു. അത് വെറും മേനിനടിക്കല്‍ മാത്രമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പദ്ധതി അടങ്കല്‍ എത്ര ഉയര്‍ത്തി നിശ്ചയിക്കുന്നുവെന്നതല്ല, ഏതുനിലയില്‍ നടപ്പാക്കുന്നുവെന്നതാണ് പ്രശ്നം. അതിഭീമമായ തുക നിശ്ചയിക്കാം; നിസ്സാരതുകയ്ക്കുള്ള പദ്ധതിപോലും നടപ്പാക്കാതിരിക്കുകയുംചെയ്യാം. ഇതാണ് യുഡിഎഫ് ഇവിടെ ചെയ്തത്. യുഡിഎഫ് അധികാരത്തില്‍ ഉണ്ടായിരുന്ന എല്ലാ ഘട്ടങ്ങളിലെയും പൊതുരീതിയായിരുന്നു ഇത്. വിജയകരമായ പദ്ധതി നിര്‍വഹണത്തിന്റെ നാലുവര്‍ഷങ്ങള്‍ക്കുശേഷം അഞ്ചാംവര്‍ഷം യുഡിഎഫ് അധികാരത്തിലെത്തി. പദ്ധതി തകര്‍ച്ചയിലുമായി! പത്താം പദ്ധതിയുടെ അവസാനവര്‍ഷത്തില്‍ അതായത് 2006-07 സാമ്പത്തികവര്‍ഷത്തിലാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. ആ വര്‍ഷംതന്നെ പദ്ധതി നടത്തിപ്പില്‍ കാര്യക്ഷമത പ്രകടമായിത്തുടങ്ങി. മൊത്തം പദ്ധതി അടങ്കലിന്റെ 82 ശതമാനത്തിലേക്കും അവിടെനിന്ന് 87 ശതമാനത്തിലേക്കും പിന്നീട് 92 ശതമാനത്തിലേക്കുമൊക്കെ പദ്ധതി നടത്തിപ്പ് ഉയര്‍ന്നു. ആ ഗ്രാഫാണ് അധികാരമാറ്റത്തിന്റെ ആദ്യവര്‍ഷംതന്നെ യുഡിഎഫ് സര്‍ക്കാര്‍ താഴ്ത്തുന്നത്.
ഇത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ലളിതവും സുതാര്യവുമായ പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ ജില്ലാ ആസൂത്രണകമ്മിറ്റികളും അതിനെ സഹായിക്കാന്‍ അനൗദ്യോഗിക അംഗങ്ങള്‍കൂടി ഉള്‍പ്പെട്ട ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പുമൊക്കെ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരും ആസൂത്രണ കമീഷനുംപോലും അംഗീകരിച്ചതും അഴിമതി ഒഴിവാക്കാന്‍ പറ്റിയ സംവിധാനമെന്ന് വിശേഷിപ്പിച്ചതുമായിരുന്നു ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പുകളെ. അഴിമതി ഒഴിവാക്കുന്ന സംവിധാനമാണത് എന്നതുകൊണ്ടുതന്നെ യുഡിഎഫ് സര്‍ക്കാര്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പുകളെ ഇല്ലാതാക്കുകയും പദ്ധതി അംഗീകരിക്കല്പ്രക്രിയ ഉദ്യോഗസ്ഥരില്‍ മാത്രമായി നിക്ഷിപ്തമാക്കുകയുംചെയ്തു. പദ്ധതി നിര്‍ദേശങ്ങള്‍ യാദൃച്ഛികമാണോ, അഴിമതിക്ക് പഴുതുള്ളതാണോ, പ്രായോഗികമാണോ എന്നൊക്കെ ഈ ഗ്രൂപ്പുകള്‍ സൂക്ഷ്മമായി പഠിക്കുകയായിരുന്നു. അപ്രായോഗിക പദ്ധതികള്‍ പണം തട്ടാന്‍വേണ്ടി തട്ടിക്കൂട്ടിക്കൊണ്ടുചെന്നാല് ഈ ഗ്രൂപ്പ് അത് കണ്ടുപിടിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഈ സംവിധാനം അതീവ വ്യഗ്രതയോടെ ഇല്ലായ്മചെയ്യുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ . സംസ്ഥാന- ജില്ല- ബ്ലോക്ക് തലങ്ങളിലുള്ള ഈ ഫില്‍റ്റര്‍ സമ്പ്രദായം പോയതോടെ പദ്ധതി അംഗീകരിക്കല്‍ പ്രക്രിയ ഈ തലങ്ങളിലെല്ലാം പ്രശ്നങ്ങളിലായി. ജില്ലാ ആസൂത്രണബോര്‍ഡിന്റെ അംഗീകാരം കിട്ടുന്ന പദ്ധതികള്‍ക്കേ ട്രഷറിയില്‍നിന്ന് പണം കിട്ടൂ എന്നിരിക്കെ, പദ്ധതികളോ അവയ്ക്കായി പണം ചെലവാക്കലോ ഇല്ലാതെ സ്തംഭനാവസ്ഥയുണ്ടാക്കുകയായിരുന്നു കേരളത്തിലാകെ. തദ്ദേശതലത്തിലുള്ള പദ്ധതി നിര്‍വഹണത്തെ അവതാളത്തിലാക്കിയ പ്രധാന ഘടകമാണിത്.
ഇതിനിടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലായിരുന്ന 8750 കിലോമീറ്റര്‍ റോഡിന്റെ ചുമതല പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുത്തു. ഇതും അഴിമതിക്കുള്ള വഴിതേടലായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ വഴി ചെലവാക്കേണ്ട തുക അങ്ങനെ ചെലവാക്കാതെ വരികയും റോഡുകള്‍ യാത്രാ സജ്ജമല്ലാത്തവയായി തുടരുകയുംചെയ്തു. ഇങ്ങനെ അഴിമതിക്ക് പഴുതുണ്ടാക്കാനുള്ള വ്യഗ്രതകളില്‍ തട്ടിത്തകരുകയായിരുന്നു കേരളത്തിന്റെ തദ്ദേശതലത്തിലുള്ള പല പദ്ധതികളും. കൊച്ചിമെട്രോ പൊതുമേഖലാ സ്ഥാപനമായ ഡല്‍ഹി മെട്രോ കോര്പറേഷനുകൊടുക്കാതെ ടെന്‍ഡര്‍ വിളിച്ച് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കാട്ടിയ വ്യഗ്രതയ്ക്കുപിന്നിലുള്ള അതേ മനഃശാസ്ത്രമാണ് യുഡിഎഫിന്റെ ഈ പ്രവൃത്തിക്ക് പിന്നിലും തെളിഞ്ഞുകണ്ടത്.
പതിനൊന്നാം പദ്ധതി 40,222 കോടി രൂപയുടേതായിരുന്നു. ആ പദ്ധതിയുടെ ഓരോവര്‍ഷവും നിര്‍വഹണകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാട്ടിയ കാര്യക്ഷമതയും ക്രമാനുഗതമായി കൈവരിച്ച പുരോഗതിയും കണക്കാക്കിയാല്‍ പതിനൊന്നാം പദ്ധതി അതിന്റെ അവസാനവര്‍ഷമായ 2011-12ല്‍ ലക്ഷ്യം കവിയേണ്ടതായിരുന്നു. എന്നാല്‍ , അവസാന കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ പിടിപ്പുകേടും ദുരുദ്ദേശ്യപരമായ നീക്കങ്ങളും കാരണം ലക്ഷ്യത്തിന് വളരെ താഴെയെത്തി പദ്ധതി കുഴഞ്ഞുവീഴുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍പോലും എങ്ങനെ സംസ്ഥാനതാല്പ്പര്യത്തിനനുഗണമായ രീതിയില്‍ മാനദണ്ഡങ്ങള്‍ തിരുത്തിച്ച് ഉപയുക്തമാക്കാമെന്ന് തെളിയിക്കുന്ന ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. സര്‍വശിക്ഷാ അഭിയാന് , ഗ്രാമീണ സഡക്യോജന തുടങ്ങിയ പദ്ധതികളില്‍ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കേരളത്തിന് ആനുകൂല്യം നിഷേധിക്കുന്നതായിവന്ന വേളയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് തിരുത്തിച്ചു. ആ നിലയ്ക്കുള്ള രാഷ്ട്രീയ മുന്‍കൈ യുഡിഎഫ് കാട്ടാത്തതും പദ്ധതി തകര്‍ച്ചയ്ക്ക് കാരണമായി. 2012-13 വര്‍ഷത്തേക്ക് 14,010 കോടിയുടെയും ഈ ഘട്ടത്തില്‍ തുടങ്ങുന്ന പന്ത്രണ്ടാം പദ്ധതിയിലേക്ക് 1,05,000 കോടിയുടെയും പദ്ധതികള്‍ സമര്‍പ്പിക്കാനാണ് കേരളം നിശ്ചയിച്ചിട്ടുള്ളത്. നടപ്പ് പദ്ധതി തകര്‍ത്തിട്ട് പുതിയ പദ്ധതിയെക്കുറിച്ച് മേനിപറഞ്ഞിട്ട് കാര്യമില്ല. പദ്ധതിയടങ്കല്‍ ഉയര്‍ത്തി നിശ്ചയിക്കുമ്പോള്‍ നികുതിപിരിക്കല്‍ കാര്യക്ഷമമാവുമോ, കടമെടുക്കലിന് പഴുതുകളുണ്ടോ, സമയബന്ധിതമായി പദ്ധതി നടപ്പാക്കാനുള്ള ആര്‍ജവമുണ്ടോ എന്നീ ചോദ്യങ്ങളൊക്കെ പ്രസക്തമാണ്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ പുതിയ പദ്ധതിയും തകര്ച്ചയിലാവുകയേ ഉള്ളൂ.
deshabhimani editorial 140112
കേരളത്തില്‍ യുഡിഎഫ് ഭരണത്തില്‍ വാര്‍ഷിക പദ്ധതിയുടെയും പഞ്ചവത്സരപദ്ധതിയുടെയും നിര്‍വഹണം തകര്ച്ചയിലാവുകയാണെന്നത് വ്യക്തം. സാമ്പത്തികവര്‍ഷം അവസാനിക്കാറായ ഈ ഘട്ടത്തില്‍പോലും അംഗീകരിച്ച പദ്ധതിയടങ്കലിന്റെ നാല്‍പ്പത് ശതമാനമേ സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടപ്പാക്കിയിട്ടുള്ളൂ; തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാകട്ടെ ഇരുപത്തിനാലുശതമാനമേ നടപ്പാക്കിയിട്ടുള്ളൂ. പദ്ധതി നടത്തിപ്പ് ഇത്ര മോശമായ ഒരു ഘട്ടം കേരളത്തിന്റെ ചരിത്രത്തിലില്ല.
ReplyDelete