Sunday, January 15, 2012

വൈദ്യുതി ഉല്‍പ്പാദനവും വിതരണവും പൊതുമേഖലയില്‍ നിലനിര്‍ത്തണം: സെമിനാര്‍

കൊച്ചി: വൈദ്യുതിയുടെ ഉല്‍പ്പാദനവും വിതരണവും പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ "കേന്ദ്ര ഊര്‍ജനിയമവും സംസ്ഥാന വൈദ്യുതിമേഖലയും" എന്ന സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. സിപിഐ ദേശീയസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു.

വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സംഭവിച്ച വിലവര്‍ധന വൈദ്യുതിക്കും ഉണ്ടാവും. പൊതുമേഖലയില്‍ നിലനിര്‍ത്തിയില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവും- പന്ന്യന്‍ പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്ത മുന്‍നിര്‍ത്തി രൂപീകരിച്ച വൈദ്യുതിബോര്‍ഡുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിഭഭരണഘടനയെ തിരസ്കരിക്കലാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. വൈദ്യുതിയുടെ പ്രസരണനഷ്ടവും ദുരുപയോഗവും തടയാനുള്ള ബോധവല്‍ക്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാവണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

2003ലെ വൈദ്യുതിനിയമം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മുന്‍ വൈദ്യുതിമന്ത്രി എസ് ശര്‍മ ആവശ്യപ്പെട്ടു. വൈദ്യുതിനിയമത്തിന്റെ കരട് ചര്‍ച്ചചെയ്യാനായി വിളിച്ച യോഗത്തില്‍തന്നെ നിയമം ഫെഡറല്‍ സംവിധാനത്തെ ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ ബോര്‍ഡുകള്‍ സ്വകാര്യവല്‍ക്കരിച്ച ഒറീസയടക്കമുള്ള സംസ്ഥാനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ അനുകൂലമായൊരു നിയമം നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ശര്‍മ പറഞ്ഞു. ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ രക്ഷാധികാരി എം സുകുമാരപിള്ള മോഡറേറ്ററായി. ഓഫീസേഴ്സ് ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ ഭാസ്കരന്‍ വിഷയം അവതരിപ്പിച്ചു. ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സി ആര്‍ നാണുക്കുട്ടന്‍ , ജനറല്‍ സെക്രട്ടറി എസ് വിജയന്‍ , മുന്‍ സംസ്ഥാന പ്രസിഡന്റ് എസ് ബാബുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 150112

1 comment:

  1. വൈദ്യുതിയുടെ ഉല്‍പ്പാദനവും വിതരണവും പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ "കേന്ദ്ര ഊര്‍ജനിയമവും സംസ്ഥാന വൈദ്യുതിമേഖലയും" എന്ന സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. സിപിഐ ദേശീയസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete