പറവൂര്‍ : പാലിയം സമരഭൂമിയെ ചെങ്കടലാക്കിയ ചുവപ്പുസേനാ മാര്‍ച്ച് സമരവീര്യത്തിന്റെയും സംഘബോധത്തിന്റെയും കരുത്തായി. പറവൂരിനെ പ്രകമ്പനംകൊള്ളിച്ച് പതിനായിരത്തിലധികം ചുവപ്പ് വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത്. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു. ബാന്‍ഡ്മേളങ്ങളുടെ അകമ്പടിയോടെ, ലക്ഷ്യബോധത്തോടെ സമ്മേളനം നടക്കുന്ന സ്റ്റേഡിയം മൈതാനത്തേക്ക് വളണ്ടിയര്‍മാരുടെ ഒഴുക്കായിരുന്നു. ചെങ്കൊടിയേന്തി റോളര്‍ സ്കേറ്ററുകളില്‍ നീങ്ങിയ കുട്ടികള്‍ മാര്‍ച്ചിന് മിഴിവേകി. പുല്ലംകുളം എസ്എന്‍ ഹൈസ്കൂളില്‍ അണിനിരന്ന വളണ്ടിയര്‍മാര്‍ ചേന്ദമംഗലം കവല, കച്ചേരിപ്പടി, മുനിസിപ്പല്‍ കവല, പൊട്ടന്‍തെരുവ് എന്നിവിടങ്ങളിലൂടെ മാര്‍ച്ച്ചെയ്ത് പടിഞ്ഞാറേ ഗേറ്റുവഴി പൊതുസമ്മേളനം നടക്കുന്ന സ്റ്റേഡിയം മൈതാനത്തേക്ക് പ്രവേശിച്ചു. നൂറുകണക്കിന് വനിതാ വളണ്ടിയര്‍മാരും മാര്‍ച്ചില്‍ പങ്കെടുത്തു.
എറണാകുളം, പള്ളുരുത്തി, കൊച്ചി, ആലുവ, കളമശേരി, പെരുമ്പാവൂര്‍ , കാലടി, നെടുമ്പാശേരി, അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം, കോലഞ്ചേരി, മുളന്തുരുത്തി, വൈറ്റില, കവളങ്ങാട്, വൈപ്പിന്‍ , പറവൂര്‍ , തൃപ്പൂണിത്തുറ എന്നീ ക്രമത്തിലാണ് വളണ്ടിയര്‍മാര്‍ അണിനിരന്നത്. ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത് മുഴുവന്‍ വ്യക്തമാക്കുന്നതായിരുന്നു ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് നടന്ന ചുവപ്പ് വളണ്ടിയര്‍മാര്‍ച്ച്. "സഖാക്കളെ മുന്നോട്ട്" ഉള്‍പ്പെടെയുള്ള വിപ്ലവഗാന സിംഫണിയുടെ അകമ്പടിയില്‍ അണിമുറിയാതെ അടിവച്ചുനീങ്ങിയ മാര്‍ച്ച് കാലഘട്ടത്തിന്റെ പോരാട്ടങ്ങള്‍ക്ക് പ്രസ്ഥാനം സുസജ്ജമാണെന്ന് ബോധ്യപ്പെടുത്തി.
കുട്ടികളും ചെറുപ്പക്കാരും വനിതകളും പ്രൗഢഗംഭീരമായ മാര്‍ച്ചിന് കരുത്തേകി. ഏരിയകമ്മിറ്റികളുടെ ബാന്‍ഡ്സംഘങ്ങളും പരേഡിനൊപ്പം നീങ്ങി. ചുവപ്പ് ചുരിദാറും വെള്ള ഷാളുമണിഞ്ഞുനീങ്ങിയ പെണ്‍കുട്ടികളും മാര്‍ച്ചിന് ചാരുത പകര്‍ന്നു. പാതയോരത്ത് തിങ്ങിക്കൂടിയ നാട്ടുകാരും അനുഭാവികളും വളണ്ടിയര്‍മാരെ അഭിവാദ്യംചെയ്തു. 19 ഏരിയകമ്മിറ്റികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് പാര്‍ടിയുടെ ചിട്ടയും സംഘടനാശേഷിയുമാണ് വിളിച്ചോതിയത്. കമ്യൂണിസ്റ്റ്ചിട്ട തെറ്റാതെ കുട്ടികളും യുവാക്കളും പരേഡില്‍ അണിനിരന്നത് കാഴ്ചക്കാര്‍ക്കും ദൃശ്യവിരുന്നു സമ്മാനിച്ചു. ഒട്ടനവധി സമരപോരാട്ടങ്ങളുടെ കാഹളം മുഴങ്ങിയ പറവൂരിന്റെ മണ്ണില്‍ സമരജ്വാലയുടെ അരുണവര്‍ണമേകിയ മാര്‍ച്ചിന്റെ ഗാംഭീര്യം പുതു പോരാട്ടങ്ങള്‍ക്ക് കരുത്തേകുമെന്ന കാര്യത്തില്‍ സംശയമില്ല.
പാലിയം സമരഭൂമി ജനസാഗരം
പറവൂര്‍ : ജനസാഗരമാണ് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിന് സാക്ഷ്യംവഹിക്കാന്‍ പറവൂരിലെ ഇ ബാലാനന്ദന്‍ നഗറില്‍ (സ്റ്റേഡിയം മൈതാനം) ഒഴുകിയെത്തിയത്. പറവൂര്‍ നഗരത്തിലെ അസൗകര്യങ്ങള്‍ പരിഗണിച്ച് പല ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് റാലികള്‍ പൊതുസമ്മേളന നഗരിയായ ബാലാനന്ദന്‍ നഗറി(മുനിസിപ്പല്‍ സ്റ്റേഡിയം)ലേക്ക് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. പൊട്ടന്‍തെരുവ്, വെടിമറ, പെരുവാരം എന്നിവിടങ്ങളില്‍ ജില്ലയിലെ വിവിധ ഏരിയാകമ്മിറ്റികളുടെ ബാനറുകള്‍ക്കു പിന്നില്‍ റാലി നിരന്നു. റാലിക്ക് മുന്നോടിയായി പുല്ലംകുളം എസ്എന്‍ ഹൈസ്കൂള്‍ മൈതാനത്തുനിന്ന് ചുവപ്പുസേനാ റാലി ചിട്ടയോടെ ചുവടുവച്ചുതുടങ്ങിയതോടെ നഗരഹൃദയം ത്രസിച്ചു. പരേഡിനു മുന്നില്‍ അരുവിപോലെ ഒഴുകി ചുവപ്പ് കൊടിയേന്തിയ റോളര്‍സ്കേറ്റിങ് താരങ്ങള്‍ . റാലിക്കു മുന്നിലായി ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റ നേതൃനിര. പാറിപ്പറക്കുന്ന ചെങ്കൊടികളുടെ നിരയില്‍ നഗരം ചുവപ്പുകടലായി ഇളകി. മൂന്നുദിവസത്തെ സമ്മേളനം നല്‍കിയ കരുത്തിെന്‍റ ആവേശത്തിരയില്‍ ദിക്കുകള്‍ മുഴക്കി മുദ്രാവാക്യങ്ങള്‍ . മണിക്കൂറുകള്‍ നീണ്ട ജനപ്രവാഹത്തില്‍ നഗരം ഉത്സവഛായയിലായി. മണിക്കൂറുകളോളം ഇടതടവില്ലാതെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയ റാലി പൊതുസമ്മേളനം നടക്കുമ്പോഴും വന്നു തീര്‍ന്നിട്ടില്ലായിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നമുള്‍പ്പെടെ സമകാലിക സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചലദൃശ്യങ്ങള്‍ , പ്രഛന്നവേഷങ്ങള്‍ , കാവടി, ബാന്‍ഡ് മേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ടമേളം, വിവിധ നൃത്ത രൂപങ്ങള്‍ എന്നിവ റാലിക്ക് കൊഴുപ്പേകി. ഞായറാഴ്ച നഗരത്തില്‍ പ്രത്യേക ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും പ്രയാസമുണ്ടായില്ല. റാലിക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരെ എത്തിച്ച വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സജ്ജീകരിച്ചതും ഗതാഗതക്കുരുക്ക് കുറച്ചു. ജനകീയ പോരാട്ടങ്ങള്‍ക്ക് സിപിഐ എം നല്‍കുന്ന നേതൃസ്ഥാനത്തിന് ജനങ്ങളും അനുഭാവികളും നല്‍കുന്ന കരുത്തുറ്റ പിന്തുണയുടെ സാക്ഷ്യപത്രമായിരുന്നു ബാലാനന്ദന്‍ നഗറില്‍ ഒത്തുകൂടിയ പതിനായിരങ്ങള്‍ . സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനങ്ങള്‍ പാര്‍ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യാവസാനം സമ്മേളനനടപടികള്‍ക്ക് സാക്ഷ്യംവഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കലാകാരന്‍മാരുടെ സിഡി പ്രകാശനം നടന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സേവ്യര്‍ പുല്‍പ്പാട്ടിന് നല്‍കി പ്രകാശനംചെയ്തു.
നുണപ്രചാരണങ്ങളെ തകര്‍ത്തെറിയും: എം വി ഗോവിന്ദന്‍
പറവൂര്‍ : പാര്‍ടിയെയും പാര്‍ടി നേതൃത്വത്തെയും നുണകള്‍കൊണ്ടും അര്‍ധസത്യങ്ങള്‍ ഊതിപ്പെരുപ്പിച്ചും അക്രമിക്കാനുള്ള ശ്രമം എല്ലാകാലത്തും നടന്നിരുന്നുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ടിയെ തകര്‍ക്കാന്‍ നേതൃനിരയിലുള്ളവരെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന പ്രവണത എല്ലാകാലത്തും ഉണ്ടായിരുന്നു. ഇ എം എസും എ കെ ജിയും ഉണ്ടായിരുന്ന കാലത്ത് അവര്‍ തമ്മില്‍ തര്‍ക്കമാണെന്നാണ് മുതലാളിത്തമാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഓരോ കാലഘട്ടത്തിലും അതത് കാലത്തെ നേതൃനിരയിലുള്ളവര്‍ തമ്മില്‍ തല്ലാണെന്ന് സ്ഥാപിക്കാനുള്ള നുണപ്രചാരണങ്ങളാണ് നടത്തുന്നത്. എന്നാല്‍ , ഇത്തരം നുണപ്രചാരണങ്ങളെയെല്ലാം തകര്‍ക്കാന്‍ കരുത്തുള്ള ജനകീയമുന്നേറ്റങ്ങളാണ് ഓരോ സമ്മേളനത്തിലും ദൃശ്യമാവുന്നത്.
ഗുരുതര സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പോംവഴി കാണാതെ മുതലാളിത്തം നട്ടംതിരിയുകയാണ്. എന്നാല്‍ , കമ്യുണിസ്റ്റ് പ്രസ്ഥാനം ദേശീയ-അന്തര്‍ദേശീയതലത്തില്‍ പുതിയ തലത്തിലേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. പറവൂരിന്റെ മണ്ണില്‍നടന്ന ആദ്യ ജില്ലാസമ്മേളനം ഇതിഹാസ വിജയമാണ് കൈവരിച്ചതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം സുധാകരന്‍ , കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി, ഗോപി കോട്ടമുറിക്കല്‍ , പി രാജീവ് എംപി, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ എസ് ശര്‍മ എംഎല്‍എ സ്വാഗതവും പറവൂര്‍ ഏരിയസെക്രട്ടറി അഡ്വ. എന്‍ എ അലി നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം കരിമരുന്നുപ്രയോഗവും നടന്നു.
deshabhimani 090112

പാലിയം സമരഭൂമിയെ ചെങ്കടലാക്കിയ ചുവപ്പുസേനാ മാര്‍ച്ച് സമരവീര്യത്തിന്റെയും സംഘബോധത്തിന്റെയും കരുത്തായി. പറവൂരിനെ പ്രകമ്പനംകൊള്ളിച്ച് പതിനായിരത്തിലധികം ചുവപ്പ് വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത്. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു. ബാന്‍ഡ്മേളങ്ങളുടെ അകമ്പടിയോടെ, ലക്ഷ്യബോധത്തോടെ സമ്മേളനം നടക്കുന്ന സ്റ്റേഡിയം മൈതാനത്തേക്ക് വളണ്ടിയര്‍മാരുടെ ഒഴുക്കായിരുന്നു. ചെങ്കൊടിയേന്തി റോളര്‍ സ്കേറ്ററുകളില്‍ നീങ്ങിയ കുട്ടികള്‍ മാര്‍ച്ചിന് മിഴിവേകി. പുല്ലംകുളം എസ്എന്‍ ഹൈസ്കൂളില്‍ അണിനിരന്ന വളണ്ടിയര്‍മാര്‍ ചേന്ദമംഗലം കവല, കച്ചേരിപ്പടി, മുനിസിപ്പല്‍ കവല, പൊട്ടന്‍തെരുവ് എന്നിവിടങ്ങളിലൂടെ മാര്‍ച്ച്ചെയ്ത് പടിഞ്ഞാറേ ഗേറ്റുവഴി പൊതുസമ്മേളനം നടക്കുന്ന സ്റ്റേഡിയം മൈതാനത്തേക്ക് പ്രവേശിച്ചു. നൂറുകണക്കിന് വനിതാ വളണ്ടിയര്‍മാരും മാര്‍ച്ചില്‍ പങ്കെടുത്തു.
ReplyDelete