Monday, January 9, 2012

വേണം മറ്റൊരു കേരളം

വികസനം പരിസ്ഥിതി സൗഹൃദവും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതുമാകണം

കാഞ്ഞങ്ങാട്: "വേണം മറ്റൊരു കേരളം" ശാസ്ത്രസാഹിത്യപരിഷത്തിന്റെ ക്യാമ്പയിന്റെ ഭാഗമായി പടന്നക്കാട് കാര്‍ഷിക കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാനതല കാര്‍ഷിക സെമിനാര്‍ കാര്‍ഷികമേഖലയുടെ ആഴം തേടുന്നതായി. സംസ്ഥാനത്ത് 30 ശതമാനം പേര്‍ ആശ്രയിക്കുന്ന കാര്‍ഷികമേഖലയിലെ വരുമാനം 12 ശതമാനം മാത്രമാണെന്നും ഇത് രൂക്ഷമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്നും സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ ആശങ്കപ്പെടുന്നു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതുമായ വികസനമാണുണ്ടാകേണ്ടതെന്നും കേരളത്തിലെ കൃഷിരീതി എങ്ങനെയായിരിക്കണമെന്നുമുള്ള ചര്‍ച്ച വ്യക്തമാക്കി.

കാര്‍ഷികമേഖലയില്‍ മാത്രമല്ല കേരളത്തിലെ വിവിധ മേഖലകളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭൂമിയുടെ അവകാശം കൃഷിക്കാരന്റെ കൈകളിലാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിയെന്നാല്‍ നെല്ലായിരുന്നു. എന്നാല്‍ ഇന്ന് നെല്‍കൃഷിക്കുള്ള സാഹചര്യങ്ങളൊരുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കാന്‍ കഴിയണം. ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഡോ. എം ഗോവിന്ദന്‍ അധ്യക്ഷനായി.

ഉല്‍പാദനമേലയെ അവഗണിച്ചുകൊണ്ടാണ് കേരളം വളരുന്നതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ടി കെ ദേവരാജന്‍ പറഞ്ഞു. നിര്‍മാണ- കച്ചവട മേഖലകളിലാണ് വികസനത്തിന്റെ ചലനം കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പണംകൊണ്ട് എന്തും നേടാമെന്ന മലയാളിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് ഭക്ഷണ സാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച പ്രൊഫ. പി ഇന്ദിരാദേവി പറഞ്ഞു. അതുകൊണ്ടാണ് തമിഴ്നാട്ടുകാരന്റെ ഭീഷണിക്ക് മുന്നില്‍ മലയാളി ആശങ്കപ്പെടേണ്ടി വരുന്നത്. ആളോഹരി വരുമാനം കൂടുമ്പോഴും ഭക്ഷണവും വെള്ളവും കുറഞ്ഞുവരികയാണ്. ഉല്‍പാദന തകര്‍ച്ച കൊണ്ടോ കൃഷിനാശംകൊണ്ടോ ഉണ്ടാകുന്ന നഷ്ടം കര്‍ഷകന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നയം മാറണമെന് അദ്ദേഹം പറഞ്ഞു. കാര്‍ഷികമേഖലയിലെ പുതിയ പ്രതിസന്ധി ഭൂമാഫിയയുടെ ശക്തിപ്പെടലാണെന്ന് സെമിനാറില്‍ മോഡറേറ്റായ വെറ്റിനറി സര്‍വകലാശാല പ്രൊഫ. വി ആര്‍ രഘുനന്ദനന്‍ പറഞ്ഞു.

ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് എം വി കോമന്‍നമ്പ്യാര്‍ , കേന്ദ്ര പ്ലാനിങ് കമീഷന്‍ സബ് കമ്മിറ്റിയംഗം ദിവാകരന്‍ നമ്പ്യാര്‍ വട്ടിപ്പുന്ന, സിപിസിആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. സി തമ്പാന്‍ , എസ് ശിവപ്രസാദ്, ഡോ. പി കെ രാധാകൃഷ്ണന്‍ , എന്‍ വാസവന്‍ , നീതു തങ്കം എന്നിവര്‍ സംസാരിച്ചു. ഡോ. കെ എം ശ്രീകുമാര്‍ സ്വാഗതവും കൃഷ്ണന്‍ കുട്ടമത്ത് നന്ദിയും പറഞ്ഞു.

ആദിവാസികളുടെ നഷ്ടങ്ങളെക്കുറിച്ച് പഠനം വേണം: പരിഷത്ത് സെമിനാര്‍

കല്‍പ്പറ്റ: ആദിവാസി സമൂഹ വികസനരൂപീകരണത്തിന് അവര്‍ക്ക് സാമൂഹ്യമായി നഷ്ടപ്പെട്ടതെന്തെന്ന പഠനം അത്യാവശ്യമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

ആദിവാസി ജീവിതങ്ങളുടെ തകര്‍ച്ച ഏകപക്ഷീയമായിരുന്നില്ല. ലാഭവ്യവസ്ഥയുടെ അടിച്ചേല്‍പ്പിക്കല്‍ ആയിരുന്നു തകര്‍ച്ചക്ക് പ്രധാന കാരണം. കൊളേണിയല്‍ ഭരണകാലത്ത് വനംകൈയേറി ഏക വിളതോട്ടങ്ങള്‍ ആരംഭിച്ചതു മുതല്‍ ഈ അടിച്ചേല്‍പ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ആദിവാസി സമൂഹത്തില്‍ കാണുന്ന വര്‍ധിച്ചു വരുന്ന മദ്യപാനം തുടങ്ങിയ സാംസ്കാരിക അധ:പതനവും ബാഹ്യമായ അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമാണ്.

ആദിവാസി ജനവിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട ജീവനോപാധികള്‍ അതേ പോലെ തിരിച്ചു നല്‍കുക എന്നത് സാധ്യമാണോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. തനിമ നിലനിര്‍ത്തുക എന്ന സ്വത്വവാദികളുടെ വാദം നിലനില്‍ക്കുന്നതല്ല. വനവിഭവങ്ങളുടെ നിലനില്‍പ്പും ആദിവാസി വിഭാഗങ്ങളുടെ അധ്വാനശക്തിയെ ശാസ്ത്രീയമായി വികസിപ്പിക്കലിനും വികസന നയത്തില്‍ ഊന്നല്‍ നല്‍കണം. ആദിവാസി ഊരുകള്‍ , വിഭവസ്രോതസുകള്‍ , ധനാഗമമാര്‍ഗങ്ങള്‍ , സംസ്കാരം, തൊഴില്‍രൂപങ്ങള്‍ മുതലായവ കണ്ടെത്തി ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാപ്പിങ് നടത്തണം. നിലവിലുള്ള ഭൂവിനിയോഗ വിനിമയങ്ങള്‍ ആവശ്യമായ ഇടങ്ങളില്‍ പുനരാവിഷ്കരിക്കണം. ആദിവാസി വിഭാഗങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്ന സാമാന്യ വിദ്യാഭ്യാസം കൂടാതെ ഭാഷ, സംസ്കാരം, നാട്ടറിവുകള്‍ , വിഭവസാമഗ്രികള്‍ എന്നിവയില്‍ പ്രത്യേക വിദ്യാഭ്യാസ രൂപങ്ങള്‍ ഉണ്ടാവണം.

സെമിനാറില്‍ ഡോ. കെ എന്‍ ഗണേഷ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. "സിക്കിള്‍സെല്‍ അനീമിയ രോഗവും പ്രതിരോധവും" എന്ന പ്രബന്ധം ഡോ. കെ പി അരവിന്ദനും "പോഷകാഹാരം ഒരു പഠനം" എന്ന പ്രബന്ധം ഡോ. ടി പി ശ്രീലാല്‍ , േ ഡാ. ബി എം ശ്രീനിവാസ എന്നിവരും അവതരിപ്പിച്ചു. ആദിവാസി ഭൂപ്രശ്നത്തെ കുറിച്ച് സി എസ് ശ്രീജിത്ത്, തൊഴില്‍ കുടിയേറ്റത്തെ കുറിച്ച് നിതീഷ്ജോണി എന്നിവരും പ്രബന്ധം അവതരിപ്പിച്ചു. സി കെ ശിവരാമന്‍ അധ്യക്ഷനായി. പട്ടികവര്‍ഗ വികസന വകുപ്പ് റിട്ട. ജോ ഡയറക്ടര്‍ ഇ ജി ജോസഫ്, സി കെ ശശീന്ദ്രന്‍ , പി ഹരീന്ദ്രന്‍ , ഡയറ്റ് ലക്ചറര്‍ കെ കെ സുരേന്ദ്രന്‍ , അഡ്വ. മരിയ, വിനയ, സീതാബാലന്‍ , പി വി സന്തോഷ്, പ്രൊഫ. കെ ബാലഗോപാലന്‍ , പി സുരേഷ്ബാബു, കെ ടി ശ്രീവത്സന്‍ , കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ സച്ചിദാനന്ദന്‍ നന്ദി പറഞ്ഞു.

വിഎച്ച്എസ്സി പഠനം വൃഥാവിലാകുന്നു: ആര്‍ വി ജി മേനോന്‍

കണ്ണൂര്‍ : തൊഴില്‍ പരിശീലനസ്ഥാപനമായ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിച്ചവരില്‍ പത്തു ശതമാനമേ ആ മേഖലയില്‍ തൊഴില്‍ തേടുന്നുള്ളൂവെന്ന് ഡോ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. തൊഴിലും വിദ്യാഭ്യാസവും പുനഃസംഘടനാ ചര്‍ച്ചയുടെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച "തൊഴിലും വിദ്യാഭ്യാസവും" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎച്ച്എസ്സിയില്‍ സയന്‍സിന് പ്രാധാന്യമായതോടെ കോഴ്സ് കഴിഞ്ഞവര്‍ എന്‍ട്രന്‍സ് പരീക്ഷ ലക്ഷ്യമാക്കി പോകുന്നതായും അദ്ദേഹം പറഞ്ഞു. പ്രൊഫ. കെ ശ്രീധരന്‍ , ഡോ. കെ പി ജയരാജന്‍ , പി പി ഗണേശന്‍ , സി പി ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഒ എം ശങ്കരന്‍ മോഡറേറ്ററായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള ഉദ്ഘാടനം ചെയ്തു. പി വി രത്നാകരന്‍ അധ്യക്ഷനായി. പി വി ദിവാകരന്‍ , കെ വി ദിലീപ്കുമാര്‍ , ടി വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 090112

1 comment:

  1. "വേണം മറ്റൊരു കേരളം" ശാസ്ത്രസാഹിത്യപരിഷത്തിന്റെ ക്യാമ്പയിന്റെ ഭാഗമായി പടന്നക്കാട് കാര്‍ഷിക കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാനതല കാര്‍ഷിക സെമിനാര്‍ കാര്‍ഷികമേഖലയുടെ ആഴം തേടുന്നതായി. സംസ്ഥാനത്ത് 30 ശതമാനം പേര്‍ ആശ്രയിക്കുന്ന കാര്‍ഷികമേഖലയിലെ വരുമാനം 12 ശതമാനം മാത്രമാണെന്നും ഇത് രൂക്ഷമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്നും സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ ആശങ്കപ്പെടുന്നു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതുമായ വികസനമാണുണ്ടാകേണ്ടതെന്നും കേരളത്തിലെ കൃഷിരീതി എങ്ങനെയായിരിക്കണമെന്നുമുള്ള ചര്‍ച്ച വ്യക്തമാക്കി.

    ReplyDelete