Monday, January 23, 2012

എന്‍ ആര്‍ എച്ച് എം അഴിമതി: ദുരൂഹമരണങ്ങള്‍ വര്‍ധിക്കുന്നു

ലക്‌നോ: ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി(എന്‍ ആര്‍ എച്ച് എം) അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട സുനില്‍ വര്‍മ ആത്മഹത്യ ചെയ്തു. ലക്‌നൗവിലെ തന്റെ വസതിയില്‍ വെച്ച് അമ്പത്തിരണ്ടുകാരനായ വര്‍മ സ്വയം വെടി വെക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.30നാണ് സംഭവം. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ദുരൂഹമരണങ്ങളുടെ എണ്ണം നാലായി.

നേരത്തെ രണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരും ഒരു ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറും ജയില്‍ ആശുപത്രിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു നിര്‍മാണ കമ്പനിയില്‍ പ്രൊജക്ട് മാനേജറായിരുന്ന വര്‍മ എന്‍ ആര്‍ എച്ച് എമ്മിന് കീഴിലുള്ള നിര്‍മാണ പ്രവര്‍ത്തികളുടേയും ചുമതല വഹിച്ചിരുന്നു. പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് വര്‍മയെ സി ബി ഐ ചോദ്യം ചെയ്തിട്ടുണ്ട്.

മായാവതി സര്‍ക്കാറിലെ മുന്‍ മന്ത്രിമാരായ ബാബു സിങ് കുശ്വയും ആനന്ദ് മിശ്രയും എന്‍ ആര്‍ എച്ച് എം അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ടവരില്‍ പ്രമുഖരാണ്.

ആരോഗ്യ പദ്ധതിയുടെ ഭാഗമായി മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുന്നതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നതാണ് കേസ്. ഈ അഴിമതിയിലൂടെ രാജ്യത്തിന് 5.46 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി ബി ഐ വിലയിരുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ലക്‌നൗ, മൊറാദാബാദ്, കാണ്‍പൂര്‍, ഡല്‍ഹി എന്നവിടങ്ങളിലായി 60 ഓളം കേന്ദ്രങ്ങളില്‍ ബുധനാഴ്ച സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.

ഈ കൊലപാതകങ്ങളുടെ സാഹചര്യത്തില്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് ദുരപയോഗം ചെയ്തതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ അലഹബാദ് ഹൈക്കോടതി സി ബി ഐയോട് നിര്‍ദേശിച്ചു. വര്‍മയുടെ മരണവും കൊലപാതകമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

janayugom 240112

1 comment:

  1. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി(എന്‍ ആര്‍ എച്ച് എം) അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട സുനില്‍ വര്‍മ ആത്മഹത്യ ചെയ്തു. ലക്‌നൗവിലെ തന്റെ വസതിയില്‍ വെച്ച് അമ്പത്തിരണ്ടുകാരനായ വര്‍മ സ്വയം വെടി വെക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.30നാണ് സംഭവം. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ദുരൂഹമരണങ്ങളുടെ എണ്ണം നാലായി.

    ReplyDelete