കുടുംബശ്രീ തെരഞ്ഞെടുപ്പ്: യുഡിഎഫിനുവേണ്ടി ഉദ്യോഗസ്ഥരുടെ ചരടുവലി
കണ്ണൂര്‍ : കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ ജില്ലാവരണാധികാരിയും റിട്ടേണിങ് ഓഫീസര്‍മാരും രാഷ്ട്രീയം കളിക്കുന്നതായി പരാതി. നിയമവിരുദ്ധമായി നടത്തിയ തെരഞ്ഞെടുപ്പ് സംബന്ധിച്ചു പരാതിനല്കാന് പോയ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കുടുംബശ്രീ ചെയര്പേഴ്സണില്നിന്ന് പരാതി സ്വീകരിക്കാന്‍ തയ്യാറാവാത്ത റിട്ടേണിങ് ഓഫീസര്‍കൂടിയായ ദാരിദ്ര്യനിര്‍മാര്‍ജന പ്രോജക്ട് ഡയറക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.
പഞ്ചായത്തിലെ നാല്വര്ഡുകളില് കുടുംബശ്രീ തെരഞ്ഞെടുപ്പു നിയമവിരുദ്ധമായി നടത്തിയതും വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതും സംബന്ധിച്ച് പരാതി നല്കാന് കലക്ടറേറ്റിലെ ഓഫീസിലെത്തിയ സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ പങ്കജാക്ഷിയില്നിന്ന് പരാതി വാങ്ങാന്‍ ജില്ലാവരണാധികാരി തയ്യാറായില്ല. തിങ്കളാഴ്ച വൈകിട്ട് മണിക്കൂറോളം കാത്തിരുന്നു. പ്രതിഷേധിച്ചപ്പോള്‍ പരാതി വാങ്ങിവച്ചു. പരാതി സ്വീകരിച്ചുവെന്ന് എഴുതി നല്കാന് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. കുത്തിയിരിപ്പ് നടത്തുമെന്ന് അറിയിച്ചപ്പോഴാണ് സീല്‍വയ്ക്കാതെ പരാതി ലഭിച്ചുവെന്ന് എഴുതിക്കൊടുത്തത്. പരാതിയുമായി മൂന്ന്തവണ ജില്ലാ വരണാധികാരിയെ സമീപിച്ചതായി പങ്കജാക്ഷി പറയുന്നു. കൂത്തുപറമ്പ് ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ലാവരണാധികാരിയുടെ ചുമതലയുളള ഉദ്യോഗസ്ഥനെ സമീപിച്ചത്.
കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വ്യാപകമായി ഉദ്യോഗസ്ഥര്‍ യുഡിഎഫിന് വേണ്ടി രാഷ്ട്രീയം കളിക്കുന്നതായി പരാതിയുണ്ട്. യുഡിഎഫിന് വേണ്ടി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും പരാതി നല്കിയാല് സ്വീകരിക്കാതെ പരാതിയില്ല എന്ന് വരുത്തുകയുമാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറി നടത്തുന്നതിന് സിഡിഎസ് തെരഞ്ഞെടുപ്പ് മാറ്റിവെച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പെരളശേരിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എം ഗീത, വി കെ പങ്കജം, വി പി ബേബിബീന എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ തെരഞ്ഞെടുപ്പ്: പ്രതിഷേധം ഉയരണം- സിപിഐ എം
കോഴിക്കോട്: ലോകത്തിനാകെ മാതൃകയായി കേരളത്തില്‍ ഉയര്‍ന്നുവന്ന കുടുംബശ്രീയുടെ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം ജില്ലാകമ്മറ്റി മുഴുവന്‍ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചു.
സ്ത്രീ ശാക്തീകരണത്തിനും സ്വാശ്രയബോധം വളര്‍ത്താനും മഹത്തായ പങ്കാണ് കുടുംബശ്രീ നിര്‍വ്വഹിച്ചിട്ടുള്ളത്. കുടുംബശ്രീയുടെ പ്രാഥമിക ഘടകങ്ങളായ അയല്‍ക്കൂട്ടങ്ങള്‍ , എഡിഎസ് എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുതന്നെ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി നടക്കേണ്ട സിഡിഎസുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളാണ് ഒരു നീതീകരണവും ഇല്ലാതെ സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവെച്ചത്. കുടുംബശ്രീയെ തകര്‍ക്കാന്‍ യുഡിഎഫ് ഗവണ്മെന്റ് നടത്തുന്ന നിരന്തര ശ്രമത്തിന്റെ ഭഭാഗമായിട്ടേ ഈ നടപടിയെ കാണാനാവൂ.
ജനാധിപത്യരീതിയിലുള്ള ഭരണക്രമമാണ് കുടുംബശ്രീ സംവിധാനത്തിനുള്ളത്. കുടുംബശ്രീക്ക് ആവശ്യാനുസരണം ഫണ്ട് നല്കി ചിട്ടയായ പ്രവര്‍ത്തനം സംഘടിപ്പിക്കാനും എല്‍ഡിഎഫ് ഭരണകാലത്ത് കഴിഞ്ഞു. കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചത്. ബൈലോ അനുസരിച്ച് കുടുംബശ്രീ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതല കലക്ടര്‍മാരില്‍ നിക്ഷിപ്തമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് മാറ്റിവച്ചതിന്റെ കാരണം ദുരൂഹമാണ്. കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ എംഭഭാസ്കരന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ തെരഞ്ഞെടുപ്പ്: പുതിയ മാര്‍ഗനിര്‍ദേശമായി
മഞ്ചേരി: കുടുംബശ്രീ എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പിന് പുതിയ മാര്‍ഗനിര്‍ദേശമായി. തെരഞ്ഞെടുപ്പിനാവശ്യമായ നിയന്ത്രണംസംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു. ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതല കലക്ടര്‍ക്കാണ്. ജില്ലയില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിശ്രമങ്ങള്‍ക്കും രാഷ്ട്രീയവല്‍ക്കരണത്തിനും ഇത് തിരിച്ചടിയാകും. സര്‍ക്കാരില്‍നിന്ന് സ്ഥിരവരുമാനമോ ഓണറേറിയമോ കൈപ്പറ്റുന്നവര്‍ എഡിഎസ്, സിഡിഎസ് ഭാരവാഹിസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആശ വര്‍ക്കര്‍മാരെ വിവിധയിടങ്ങളില്‍ ലീഗ് മത്സരിപ്പിച്ചിരുന്നു. പുതിയ നിര്‍ദേശപ്രകാരം ഇത് റദ്ദാക്കേണ്ടിവരും. ലീഗ് സ്വാധീനത്തിന് അടിപ്പെട്ട ചില റിട്ടേണിങ് ഓഫീസര്‍മാര്‍ "ആശ വര്‍ക്കര്‍മാര്‍ക്ക് മത്സരിക്കാം" എന്ന പരസ്യപ്രഖ്യാപനത്തോടെയാണ് ചിലയിടത്ത് തെരഞ്ഞെടുപ്പ് നടത്തിയത്.
തെരഞ്ഞെടുപ്പിനെത്തുന്ന സ്ത്രീകള്‍ക്ക് അത്യാവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പാടാക്കണം. നിരവധിയിടങ്ങളില്‍ സ്ത്രീകളെ ലീഗ് പഞ്ചായത്തംഗങ്ങള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബശ്രീ യൂണിറ്റ് പ്രതിനിധികളായി സ്വന്തം ഇഷ്ടക്കാരെ തെരഞ്ഞെടുക്കുകയും ചോദ്യംചെയ്യുന്നവരെ പാര്‍ടി, പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീകള്‍ക്ക് നിര്‍ഭയമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കണമെന്നും മാര്‍ഗനിര്‍ദേശരേഖയില്‍ പറയുന്നു.
ജില്ലയിലെ കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പുകളില്‍ വ്യാപക അട്ടിമറിയാണ് പഞ്ചായത്തുകളുടെ ഇടപെടലിലൂടെ മുസ്ലിംലീഗ് നടത്തിയത്. ഇടപെടല്‍ നിയമവിരുദ്ധമാണെങ്കിലും ഇത് നിയന്ത്രിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശത്തില്‍ പരാമര്‍ശമില്ല. എഡിഎസായ ആശാവര്‍ക്കറെ "ആശ"യില്നിന്ന് പുറത്താക്കി കുഴിമണ്ണ പഞ്ചായത്ത് ഉത്തരവിറക്കിയിരുന്നു. പഞ്ചായത്തുകള്‍ക്ക് ആശ വര്‍ക്കറെ പുറത്താക്കാന്‍ അധികാരമില്ലെന്നിരിക്കെയാണിത്. തെരഞ്ഞെടുപ്പിന് ആവശ്യമായ സ്ഥലം ലഭ്യമാക്കണം. സ്ത്രീകള്‍ക്ക് ഇരിപ്പിടത്തിനുളള സൗകര്യം ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് പൊതുയോഗസ്ഥലത്ത് ഉച്ചഭാഷിണി ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ. ഏതെങ്കിലും ബാഹ്യ ഇടപെടല്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചാല്‍ പൊലീസിന്റെ സഹായം തേടണം. ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശത്തില്‍ പറയുന്നു.
ആര്‍ഒമാര്‍ ഭൂരിഭാഗവും ലീഗിന്റെ വാര്‍ഡംഗവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതും ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പ് നടക്കുന്നിടത്ത് പ്രവേശിക്കുന്നതും സംബന്ധിച്ച് നിരവധി പരാതികള്‍ കലക്ടര്‍ക്ക് ലഭിച്ചിരുന്നു. ലീഗ് നേതാക്കളുടെ വീട്ടില്‍ ആര്‍ഒമാര്‍ യോഗം ചേരുന്നതിലും ഒത്തുകളിക്കുന്നതിലും പ്രതിഷേധിച്ച് ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണവുമുണ്ടായി. ഇനി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കലക്ടര്‍ക്ക് നടപടി സ്വീകരിക്കാം. പുതിയ മാര്ഗനിര്ദേശമനുസരിച്ചാകും ഇനി തെരഞ്ഞെടുപ്പെന്ന് കലക്ടര്‍ എം സി മോഹന്‍ദാസ് അറിയിച്ചു.
അട്ടിമറിക്കാനുള്ള നീക്കം അപലപനീയം: മഹിളാ അസോസിയേഷന്
മലപ്പുറം: ജില്ലയിലെ എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തില്‍ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തങ്ങളുടെ നോമിനികളെ ഉള്‍പ്പെടുത്തി എഡിഎസും സിഡിഎസും തട്ടിക്കൂട്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മുസ്ലിംലീഗ് നടത്തുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. സ്വതന്ത്രമായി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ ആജ്ഞാനുവര്ത്തികള്വഴി തട്ടിയെടുക്കാനുള്ള താല്‍പ്പര്യമാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നില്‍ . യുഡിഎഫ് നടത്തുന്ന നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഭക്ഷ്യസുരക്ഷ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കത്തിനെതിരെ 30ന് വില്ലേജ് ഓഫീസുകള്‍ക്കുമുന്നില്‍ ധര്‍ണ നടത്താനും കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി കദീജ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി സുചിത്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ പി സുമതി, സി വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
സാക്ഷരതാ പ്രവര്‍ത്തനവും രാഷ്ട്രീയവല്‍ക്കരിക്കാന്‍ നീക്കം
കോട്ടക്കല്‍ : ജില്ലയില്‍ സാക്ഷരതാ മിഷന് പ്രവര്‍ത്തനം രാഷ്ട്രീയവല്‍ക്കരിക്കാന്‍ മുസ്ലിംലീഗ് നീക്കം തുടങ്ങി. ബ്ലോക്കില്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തുന്ന പ്രേരക്മാരില്‍ മുസ്ലിംലീഗിനെ അനുകൂലിക്കാത്തവരെ തരംതാഴ്ത്തുന്നതിനും പിരിച്ചുവിടാനുമാണ് ജില്ലാ കോഡിനേറ്റര്‍ അബ്ദുള്‍റഷീദ് ശ്രമിക്കുന്നത്. ജില്ലയില്‍ തരം താഴ്ത്തലിന്റെ ഭാഗമായി ആറ് ബ്ലോക്ക് പ്രേരക്മാര്‍ക്ക് പഞ്ചായത്ത് തലത്തില്‍ പ്രേരക്മാരായി പ്രവര്‍ത്തിക്കാനും അവലോകന മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതില്ല എന്നുമാണ് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചത്. പ്രേരക്മാരെ തരംതാഴ്ത്തി മുസ്ലിംലീഗിന് താല്‍പ്പര്യമുള്ളവരെ ബ്ലോക്ക് പ്രേരക്മാരാക്കാനാണ് നീക്കം. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള പ്രേരക്മാര്‍ , തുടര്‍വിദ്യാകേന്ദ്രം പ്രേരക്മാര്‍ , അസിസ്റ്റന്റ് പ്രേരക്്മാര് എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് സീനിയോറിറ്റിയുടെയും പ്രവര്‍ത്തനശേഷിയുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പ്രേരക്മാരെയാണ് ഭരണമാറ്റത്തിന്റെ മറവില്‍ തരംതാഴ്ത്താനും ഒഴിവാക്കാനും ശ്രമിക്കുന്നത്.
എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമിക്കപ്പെട്ടവരും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരുമായ പ്രേരക്മാരെ ഭരണമാറ്റത്തിന്റെയോ രാഷ്ട്രീയ പക്ഷപാതത്തിന്റെയോ പേരില്‍ പിരിച്ചുവിടാന്‍ പാടില്ലെന്ന സാക്ഷരതാ മിഷന്റെ നിയമാവലിക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് ജില്ലയില്‍ ബ്ലോക്ക് പ്രേരക്മാരെ മാറ്റിയത്. മാതൃക സൃഷ്ടിച്ച തുടര്‍ വിദ്യാഭ്യാസ പരിപാടി മുസ്ലിംലീഗിന് താല്‍പ്പര്യമുള്ളവരെ തിരുകി ക്കയറ്റി രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
deshabhimani 170112
ലോകത്തിനാകെ മാതൃകയായി കേരളത്തില്‍ ഉയര്‍ന്നുവന്ന കുടുംബശ്രീയുടെ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം ജില്ലാകമ്മറ്റി മുഴുവന്‍ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചു.
ReplyDelete