Friday, January 6, 2012

അധ്വാനിക്കുന്നവരുടെ കരുത്തും പ്രതീക്ഷയുമായി മുന്നോട്ട്...

ചോരയും കണ്ണീരും നനഞ്ഞ പോരാട്ടവഴികളിലൂടെ സഞ്ചരിച്ചാണ് ജില്ലയിലെ വിപ്ലവപ്രസ്ഥാനം കരുത്താര്‍ജിച്ചത്. അനേകം രക്തസാക്ഷികളുടെ ഹൃദയരക്തത്തിലാണ് ഈ ചെങ്കോട്ടയുടെ അഭേദ്യമായ ഭിത്തികള്‍ ഉറപ്പിച്ചെടുത്തത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ ജീവിതങ്ങളിലൂടെയാണ് നെല്ലറയുടെ വിപ്ലവപ്രസ്ഥാനം പച്ചപിടിച്ചത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ പാലക്കാട് ജില്ലാ സമ്മേളനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സമരതീക്ഷ്ണങ്ങളായ ഇന്നലെകളാണ് സ്മരണകളില്‍ ഇരമ്പിനില്‍ക്കുന്നത്. മണ്ണിലും ചേറിലും പുഴുക്കളെപ്പോലെ ഇഴഞ്ഞവര്‍ കാലുറപ്പിച്ച് നട്ടെല്ലുനിവര്‍ത്തി തലകുനിക്കാത്ത മനുഷ്യരായിത്തീര്‍ന്ന ഐതിഹാസികസമരകഥ ഈ നെല്ലറയ്ക്കു സ്വന്തം.

പച്ചപ്പ് കിളിര്‍ത്തു തഴയ്ക്കുന്ന പാലക്കാടന്‍പശിമയുള്ള മണ്ണില്‍ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചുവന്ന വിത്തുവീണപ്പോള്‍ അതു കിളിര്‍ത്തുതഴച്ചുവളര്‍ന്നതും പൂവിട്ടതും കതിര്‍ക്കനമായി വിളഞ്ഞതും അതിവേഗത്തിലായിരുന്നു. ചേറില്‍ ചവിട്ടിപ്പൂഴ്ത്തിയപ്പോള്‍ അത് മുളച്ചുപൊന്തി. നിവര്‍ന്നുനില്‍ക്കാന്‍ പഠിച്ചവര്‍ ഭീഷണിക്കുമുന്നില്‍ ചൂളിയില്ല. മര്‍ദ്ദനത്തിന്റെ കൊടുംവെയിലില്‍ ഒട്ടും വാടിയില്ല. കര്‍ഷകത്തൊഴിലാളികള്‍ക്ക് മേല്‍ക്കുപ്പായം ധരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ചെറുപ്പക്കാരികളായ കര്‍ഷകത്തൊഴിലാളികള്‍ ബ്ലൗസ് ധരിക്കാതെയാണ് പാടത്തിറങ്ങിയത്. 1953ല്‍ കുത്തനൂര്‍ മൂര്‍ക്കത്ത്കളത്തില്‍ ഒരുദിവസം 30കര്‍ഷകത്തൊഴിലാളികള്‍ ബ്ലൗസിട്ട് കൊയ്ത്തിനിറങ്ങി. ജന്മിമാര്‍ കലിതുള്ളി. അവര്‍ തൊഴിലാളികളെ തടഞ്ഞു. കമ്യൂണിസ്റ്റ്പാര്‍ടിയുടെയും കര്‍ഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ ഉറച്ചുനിന്നു. ഒടുവില്‍ പൊന്നിന്‍ചിങ്ങമാസത്തിലെ ഉത്രാടംനാളില്‍ ചരിത്രത്തിലാദ്യമായി കര്‍ഷകത്തൊഴിലാളികള്‍ മാറുമറച്ച് കൊയ്ത്തിനിറങ്ങി. മനുഷ്യരെന്ന അഭിമാനമുയര്‍ത്തിപ്പിടിക്കാന്‍ കരുത്തുപകര്‍ന്ന ഈ സമരത്തിന് നേതൃത്വം നല്‍കിയത് ആര്‍ കൃഷ്ണന്‍ , കെ ടി ഫിലിപ്പ്, കെ എ വേലായുധന്‍ എന്നീ സഖാക്കളാണ്.

1957 ഒക്ടോബര്‍ ഒന്നിനാണ് അരണ്ടപ്പള്ളം ആറു വെടിയേറ്റ് മരിച്ചത്. ശിവരാമകൃഷ്ണന്‍ എന്ന ഭൂവുടമയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിലാണ് ആറു രക്തസാക്ഷിയായത്. നല്ലേപ്പിള്ളി പഞ്ചായത്തിലെ കര്‍ഷകത്തൊഴിലാളികളുടെ സമരനായകനായിരുന്നു ആറു. 1967ല്‍ അധികാരത്തില്‍വന്ന ഇ എം എസ് മന്ത്രിസഭയെ അട്ടിമറിച്ചശേഷം ഒരു കുറുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നു. ഇത് ജനവിധിക്കെതിരാണെന്നും അതിനാല്‍ സര്‍ക്കാര്‍ അസംബ്ലിയില്‍ ഭൂരിപക്ഷംതെളിയിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. നിയമസഭ വിളിച്ചുകൂട്ടാതെ നീട്ടിക്കൊണ്ടുപോയ സന്ദര്‍ഭത്തിലാണ് ഉടന്‍ നിയമസഭ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം 1969 ഡിസംബര്‍ ഒന്നിന് സംസ്ഥാനവ്യാപകമായി കലക്ടറേറ്റ് പിക്കറ്റ് ചെയ്തത്. പാലക്കാട് കോട്ടയ്ക്കകത്തായിരുന്നു അന്നത്തെ കലക്ടറേറ്റ്. വന്‍ ജനപങ്കാളിത്തമുണ്ടായ ആ സമരത്തില്‍ കലക്ടറേറ്റ് പൂര്‍ണമായും സ്തംഭിച്ചു. വൈകിട്ട് അഞ്ചായിട്ടും പിക്കറ്റിങ് തീര്‍ന്നില്ല. സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഒരുതടവുപുള്ളിയെ അകത്തുകയറ്റണമെന്ന്പറഞ്ഞ് പൊലീസ് പ്രകോപനമുണ്ടാക്കിയത്. ഒരു മുന്നറിയിപ്പും നല്‍കാതെ ലാത്തിച്ചാര്‍ജും വെടിവയ്പും നടത്തുകയായിരുന്നു. കൊല്ലാന്‍ ലക്ഷ്യംവച്ചുതന്നെയാണ് ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിവച്ചത്. നാല് ധീര സഖാക്കള്‍ പാലക്കാട് കോട്ടമൈതാനിയില്‍ വെടിയേറ്റുവീണു. സഖാക്കള്‍ സുകുമാരന്‍ , രാജന്‍ , ചെല്ലന്‍ , മാണിക്യന്‍ എന്നിവരായിരുന്നു ആ രക്തസാക്ഷികള്‍ . ജില്ലയുടെ പോരാട്ടചരിത്രത്തിന്റെ നാള്‍വഴികളില്‍ ഡിസംബര്‍ ഒന്ന് ചുവന്നലിപികളാല്‍ കുറിക്കപ്പെട്ടു.

1970കള്‍ ജില്ലയിലാകെ പടര്‍ന്നുപിടിച്ച കര്‍ഷകത്തൊഴിലാളിസമരം പുതിയ അവകാശബോധത്തിന്റെയും പുത്തന്‍ജനമുന്നേറ്റത്തിന്റെയും കുതിപ്പായിരുന്നു. എഴുപതുകള്‍ ജില്ലയിലാകെ പടിഞ്ഞാറും കിഴക്കും വ്യത്യാസമില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ മെച്ചപ്പെട്ട കൂലിക്കുവേണ്ടി സമരം ചെയ്തു. വിളഞ്ഞ പാടങ്ങള്‍ കൊയ്തെടുക്കാന്‍ ഭൂവുടമകള്‍ പല തന്ത്രങ്ങളും പയറ്റി. ഗുണ്ടകളെ ഇറക്കി രാത്രിസമയത്ത് സ്വന്തം പാടം കട്ടുകൊയ്യാന്‍നോക്കി. മണ്ണിന്റെ മക്കള്‍ രാപ്പകല്‍ കാവല്‍നിന്നു. "മണ്ണിളക്കിയതും നിലമൊരുക്കിയതും വിത്തുവിതച്ചതും ഞങ്ങളെങ്കില്‍ , കൊയ്യുന്നതും ഞങ്ങള്‍തന്നെ ആയിരിക്കുമെന്ന് മണ്ണിന്റെ മക്കള്‍ പ്രഖ്യാപിച്ചു". ഗുണ്ടകളെ അവര്‍ നേരിട്ടു. പൊലീസ്മര്‍ദനങ്ങളില്‍ തളര്‍ന്നില്ല. കള്ളക്കേസുകളില്‍ പതറിയില്ല. പാടങ്ങളില്‍നിന്നുള്ള പടയൊരുക്കും ജില്ലയിലാകെ അലയടിച്ചു. മണ്ണിന്റെ മക്കള്‍ ചെങ്കൊടിത്തണലില്‍ ഉറച്ചുനിന്നു. ഈ സമരമുന്നേറ്റത്തിനിടയിലാണ് 1973ല്‍ കൃഷ്ണനുണ്ണിക്കുറുപ്പ് വധിക്കപ്പെടുന്നതും. ഭൂരിഭാഗം കര്‍ഷകരും സമരം ഒത്തുതീര്‍ക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ ഓലശേരിയിലെയും കമ്പിളിച്ചുങ്കംപ്രദേശത്തേയും ചുരുക്കം ചില ഭൂവുടമകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല. കര്‍ഷകത്തൊഴിലാളിസമരത്തെ ദേശീയ കര്‍ഷകസമാജത്തിന്റെയും നാടന്‍മാടമ്പിമാരുടെ ഗുണ്ടപ്പാടയുടെയും പിന്‍ബലത്തോടെ അക്രമംകൊണ്ട് നേരിടാനാണ് അവര്‍ ഒരുങ്ങിയത്. അക്രമത്തെ ചെറുത്ത കൃഷ്ണനുണ്ണിക്കുറുപ്പിനുനേരെ പാലപ്പള്ളത്തുവച്ച് മാടമ്പികള്‍ നിറയൊഴിച്ചു. ഗുണ്ടകള്‍ ആ സഖാവിനെ പുറകില്‍നിന്ന് കുത്തിവീഴ്ത്തി. മണ്ണിന്റെ മക്കളുടെ പോരാട്ടസ്വപ്നങ്ങളെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച കൃഷ്ണനുണ്ണിക്കുറുപ്പ് പാടങ്ങളിലെ പടയൊരുക്കത്തിന്റെ രക്തസാക്ഷിയായി.

1970ല്‍ ചെള്ളിയുടെ ഭൂമി ഒഴുപ്പിക്കാന്‍വന്ന ജന്മിമാരായ വലിയ പാലത്തിങ്കല്‍ ഹാജിമാരുടെ ഗുണ്ടകളുമായി ഏറ്റുമുട്ടിയാണ് പട്ടാമ്പിക്കടുത്ത് വിളയൂരില്‍ സെയ്താലിക്കുട്ടി രക്തസാക്ഷിയായത്. ജില്ലയിലെ എണ്ണമറ്റ കര്‍ഷകപോരാട്ടങ്ങളെ, ജനിച്ച മണ്ണിന്റെ അവകാശത്തിനായുള്ള കര്‍ഷകന്റെ പോരാട്ടങ്ങളെ സ്വന്തം ചോരകൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു സെയ്താലിക്കുട്ടി. സെയ്താലിക്കുട്ടിയുടെ സ്മൃതിമണ്ഡപത്തില്‍നിന്നാണ് സമ്മേളന നഗറിലുയര്‍ത്തുന്ന രക്തപതാക കൊണ്ടുവന്നത്. ആര്‍എസ്എസ് ക്രിമിനലുകളുടെ ആക്രമണത്തിനിരയായി രക്തസാക്ഷിത്വംവരിച്ച എറവക്കാട് മുഹമ്മദുണ്ണിയുടെ ബലികുടീരത്തില്‍നിന്നാണ് കൊടിമരം കൊണ്ടുവന്നത്. ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ രക്തസാക്ഷികളായ അട്ടപ്പള്ളത്ത് നാരായണന്‍ , ചന്ദ്രന്‍ എന്നിവരുടെ സ്മൃതിമണ്ഡപത്തില്‍നിന്നാണ് സമ്മേളനത്തില്‍ തെളിയിക്കാനുള്ള ദീപശിഖ പ്രയാണം ആരംഭിക്കുന്നത്.

ആര്‍എസ്എസ്- കോണ്‍ഗ്രസ്ക്രിമിനലുകളുടെ ആക്രമണത്തിനിരയായി രക്തസാക്ഷികളായ നിരവധി സഖാക്കളുടെ സ്മരണകള്‍ നമുക്കുള്ളില്‍ ഇരമ്പിനില്‍ക്കുന്നു. പുതിയ പോരാട്ടങ്ങള്‍ക്ക് നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു. യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനും പാര്‍ടി ജില്ലാകമ്മിറ്റി അംഗവുമായിരുന്ന ജയകൃഷ്ണന്‍ , ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ സി ബാലകൃഷ്ണന്‍ (മുണ്ടൂര്‍), എ ഗോപാലകൃഷ്ണന്‍ , ഡി രവീന്ദ്രന്‍ (മലമ്പുഴ), എം കെ വീമ്പന്‍ (കോങ്ങാട്), വിദ്യാര്‍ഥികളായിരുന്ന സെയ്താലി, പി കെ രാജന്‍ (പട്ടാമ്പി), മുഹമ്മദ് മുസ്തഫ, പുല്ലത്ത് അബ്ദുള്‍ഗഫൂര്‍(മണ്ണാര്‍ക്കാട്), വേലായുധന്‍ (കൊടുവായൂര്‍), കുട്ടിച്ചന്ദ്രന്‍ (കൊല്ലങ്കോട്), വീഴ്ലി ചന്ദ്രന്‍ , പനങ്ങാട്ടിരി ചന്ദ്രന്‍ , പുത്തന്‍പാടം വിജയന്‍ , വിത്തനശേരി ശിവകുമാര്‍ , പി അയ്യപ്പന്‍ (തൃത്താല), ഇബ്രാഹിം കപ്പൂര്‍), എന്‍ കെ അപ്പുക്കുട്ടന്‍ , ജെയിംസ്, വി വി മാത്യു (കിഴക്കഞ്ചേരി), സോമന്‍ , ബോബന്‍ (മംഗലം), കെ മണിയന്‍ , കെ വി രവി(കണ്ണമ്പ്ര), നാകു (വണ്ടാഴി), എം രാജന്‍ , പി ശിവന്‍ , കെ നാരായണന്‍ , കെ ചന്ദ്രന്‍ , പി സദാനന്ദന്‍ , കെ ശിവരാമന്‍ , നാരായണന്‍ (പുതുശേരി) തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.

ഈ ധീര സഖാക്കള്‍ നമ്മുടെ മോചനസ്വപ്നങ്ങള്‍ക്ക് ഹൃദയരക്തംകൊണ്ട് നിറംപകര്‍ന്നവരാണ്. ആ സ്വപ്നങ്ങളെ മുറുകെപിടിച്ചു മുന്നേറാന്‍ നമുക്ക് കഴിയണം. അവര്‍ക്ക് പൂര്‍ത്തീകരിക്കാനാവാതെപോയ കടമകള്‍ നിറവേറ്റാനുള്ള ശ്രമം തുടരാനുള്ളതാണ് നമ്മുടെ ജീവിതമെന്ന് മനസ്സിലുറപ്പിച്ച് നാം മുന്നേറണം. ഐക്യത്തിന്റെ കരുത്തുള്ള ഒരു പാര്‍ടിക്കുമാത്രമേ അതു നിര്‍വഹിക്കാനാവു. ഐക്യം ശക്തിപ്പെടുത്താനുള്ള പോരാട്ടത്തില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതു നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് നാം ഇത്തവണ സമ്മേളനത്തെ അഭിമുഖീകരിക്കുന്നത്. ചുരം കടന്നെത്തി ചൂളം കുത്തിയടിക്കുന്ന കാറ്റിലും ഉലയാതെ നിവര്‍ന്നുനിന്ന് ആകാശത്തോളം ശിരസുയര്‍ത്തുന്ന കരിമ്പനകളുടെ നാട്ടില്‍ , കാലപ്രവാഹത്തിലും ഉറച്ചുനില്‍ക്കുന്ന നെടുംകോട്ടയുടെ നാട്ടില്‍ , നാട്ടിന്‍പുറത്തിന്റെ നന്മകളെയും ഇമ്പമാര്‍ന്ന ഈ പച്ചപ്പിനെയും കോര്‍പറേറ്റ് മൂലധനത്തിന് തീറെഴുതാതെ നിലനിര്‍ത്തുന്ന ഈ നെല്ലറയില്‍ അധ്വാനിക്കുന്നവന്റെ കരുത്തും പ്രതീക്ഷയുമായി ഈ പ്രസ്ഥാനം മുന്നോട്ടു കുതിക്കും. നീതിക്കായി ചിന്തിയ ഒരുതുള്ളി രക്തംപോലും വെറുതെ ഉണങ്ങിപ്പോകില്ല. ഓരോ തുള്ളിയും നമ്മുടെ കരളിലെ കനലായി അന്ത്യശ്വാസംവരെ ജ്വലിച്ചുനില്‍ക്കും.

deshabhimani 060112

1 comment:

  1. ചോരയും കണ്ണീരും നനഞ്ഞ പോരാട്ടവഴികളിലൂടെ സഞ്ചരിച്ചാണ് ജില്ലയിലെ വിപ്ലവപ്രസ്ഥാനം കരുത്താര്‍ജിച്ചത്. അനേകം രക്തസാക്ഷികളുടെ ഹൃദയരക്തത്തിലാണ് ഈ ചെങ്കോട്ടയുടെ അഭേദ്യമായ ഭിത്തികള്‍ ഉറപ്പിച്ചെടുത്തത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ ജീവിതങ്ങളിലൂടെയാണ് നെല്ലറയുടെ വിപ്ലവപ്രസ്ഥാനം പച്ചപിടിച്ചത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ പാലക്കാട് ജില്ലാ സമ്മേളനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സമരതീക്ഷ്ണങ്ങളായ ഇന്നലെകളാണ് സ്മരണകളില്‍ ഇരമ്പിനില്‍ക്കുന്നത്. മണ്ണിലും ചേറിലും പുഴുക്കളെപ്പോലെ ഇഴഞ്ഞവര്‍ കാലുറപ്പിച്ച് നട്ടെല്ലുനിവര്‍ത്തി തലകുനിക്കാത്ത മനുഷ്യരായിത്തീര്‍ന്ന ഐതിഹാസികസമരകഥ ഈ നെല്ലറയ്ക്കു സ്വന്തം.

    ReplyDelete