Friday, January 6, 2012

കൊച്ചി മെട്രോ: നിര്‍മാണ മേല്‍നോട്ടം ഡിഎംആര്‍സിക്ക് നല്‍കണം- പി രാജീവ്

കൊച്ചി മെട്രോയുടെ നിര്‍മാണ മേല്‍നോട്ടം ഡല്‍ഹി മെട്രോറെയില്‍ കോര്‍പറേഷനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു. ഡിഎംആര്‍സിയുടെ പങ്കാളിത്തമുണ്ടെങ്കില്‍ മാത്രമേ ഇ ശ്രീധരന്‍ കൊച്ചി മെട്രോയുമായി സഹകരിക്കൂവെന്ന് രാജീവ് പറഞ്ഞു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ഇ ശ്രീധരനുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം വാര്‍ത്താസമ്മേളനത്തില്‍ രാജീവ് പറഞ്ഞു.

ഡിഎംആര്‍സിയെ സഹകരിപ്പിച്ചാല്‍ ജപ്പാന്‍ ബാങ്ക് വായ്പ കിട്ടില്ലെന്നത് അടിസ്ഥാനരഹിതമാണ്. ഡല്‍ഹി മെട്രോയ്ക്ക് 16,000 കോടി രൂപയാണ് ജപ്പാന്‍ ബാങ്ക് വായ്പ നല്‍കിയത്. കൊച്ചി മെട്രോയ്ക്ക് 1600 കോടിമാത്രം മതി. താന്‍ നേരിട്ട് ചര്‍ച്ച നടത്തി 1.5 ശതമാനം പലിശനിരക്കില്‍ ജപ്പാന്‍ ബാങ്കില്‍നിന്ന് വായ്പയ്ക്ക് വഴിതുറന്നിട്ടുണ്ടെന്നാണ് ടോം ജോസ് അവകാശപ്പെടുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ പദ്ധതികള്‍ക്കെല്ലാം 1.3 ശതമാനം പലിശനിരക്കിലാണ് ജപ്പാന്‍ ബാങ്ക് വായ്പ നല്‍കിയിട്ടുള്ളത്. മാത്രമല്ല, ജപ്പാന്‍ വായ്പ കിട്ടുന്ന ഘട്ടത്തിലേക്ക് പദ്ധതി എത്തിയിട്ടില്ല. കേന്ദ്രാനുമതി ലഭിച്ചശേഷം മാത്രമേ വായ്പയ്ക്ക് അപേക്ഷിക്കാനാകൂ. ഡിഎംആര്‍സിയെ സഹകരിപ്പിച്ചാല്‍ ആഗോള ടെന്‍ഡര്‍ വിളിക്കാനാകില്ലെന്ന വാദം തെറ്റാണ്. നിര്‍മാണത്തിന്റെ ഓരോ ഘട്ടവും ആഗോള ടെന്‍ഡര്‍ വിളിച്ചാണ് ഡിഎംആര്‍സി പൂര്‍ത്തീകരിക്കുക. ഡിഎംആര്‍സിയെ ഒഴിവാക്കി താന്‍മാത്രം വന്നതുകൊണ്ട് കാര്യമില്ലെന്നാണ് ശ്രീധരന്‍ പറഞ്ഞത്. ഒരു വ്യക്തിക്കുമാത്രമായി ഒന്നും ചെയ്യാനാകില്ല. ഡിഎംആര്‍സികൂടി ഉണ്ടെങ്കില്‍ നിര്‍മാണം വേഗത്തില്‍ കൊണ്ടുപോകാനാകും. അധിക ചെലവ് 42 ശതമാനമെങ്കിലും കുറയ്ക്കാനാകും. ഇതുവഴി മാത്രം 300 കോടിയുടെയെങ്കിലും ലാഭമുണ്ടാകും.

ഡിഎംആര്‍സിയെ സഹകരിപ്പിക്കാതെയാണ് ബംഗളൂരു മെട്രോ പണി തുടങ്ങിയത്. എന്നാല്‍ , നിര്‍മാണം ഇഴഞ്ഞുനീങ്ങുകയും അധികചെലവ് ഏറുകയും ചെയ്തതോടെ ഉപദേശങ്ങള്‍ക്കായി ഡല്‍ഹി മെട്രോയെത്തന്നെ അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു. ഡല്‍ഹി മെട്രോയുമായി സഹകരിച്ചാണ് ജയ്പുര്‍ മെട്രോ നിര്‍മാണവും മുന്നോട്ട് കൊണ്ടുപോകുന്നത്. മുഖ്യമന്ത്രിയും ടോം ജോസുമൊക്കെ ശ്രീധരനുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നതാണ്. അതുകൊണ്ട് അവര്‍ക്കാര്‍ക്കും അവ്യക്തതയുടെ പ്രശ്നമുണ്ടാകേണ്ടതില്ല. ബോധപൂര്‍വം പുകമറ സൃഷ്ടിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരണം. 1964 കോടി രൂപയ്ക്ക് 2010ല്‍ തീരേണ്ട പദ്ധതി എന്തുകൊണ്ട് അനന്തമായി നീണ്ടുവെന്നതിന് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരാണ് സമാധാനം പറയേണ്ടത്. ഇന്നിപ്പോള്‍ ചെലവ് 5000 കോടി വരുമെന്നാണ് കണക്കാക്കുന്നത്. ചെലവില്‍ വന്ന ഈ വര്‍ധനയ്ക്ക് ഉത്തരവാദികള്‍ കേന്ദ്രംമാത്രമാണെന്ന് രാജീവ് പറഞ്ഞു.

deshabhimani 060112

1 comment:

  1. കൊച്ചി മെട്രോയുടെ നിര്‍മാണ മേല്‍നോട്ടം ഡല്‍ഹി മെട്രോറെയില്‍ കോര്‍പറേഷനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു. ഡിഎംആര്‍സിയുടെ പങ്കാളിത്തമുണ്ടെങ്കില്‍ മാത്രമേ ഇ ശ്രീധരന്‍ കൊച്ചി മെട്രോയുമായി സഹകരിക്കൂവെന്ന് രാജീവ് പറഞ്ഞു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ഇ ശ്രീധരനുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം വാര്‍ത്താസമ്മേളനത്തില്‍ രാജീവ് പറഞ്ഞു.

    ReplyDelete