Saturday, February 25, 2012

ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി സെമിനാര്‍

വടകര: സമരപഥങ്ങളില്‍ ചരിത്രനേട്ടങ്ങള്‍ കരസ്ഥമാക്കിയ ചുരുട്ട് തൊഴിലാളികളും ബീഡിത്തൊഴിലാളികളും നെയ്ത്ത് തൊഴിലാളികളും പോരാട്ടങ്ങളിലൂടെ ചുവപ്പിച്ച മണ്ണില്‍ , സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂണിയന്‍ സെമിനാര്‍ വടകരയെ ഒരിക്കല്‍ക്കൂടി ചരിത്രത്തില്‍ അടയാളപ്പെടുത്തി. കേളുഏട്ടനും പി പി ശങ്കരേട്ടനും നേതൃത്വം നല്‍കിയ ഐക്യതൊഴിലാളി യൂണിയന്റെ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തത് പുതുതലമുറക്ക് ആവേശമായി.

കുറുമ്പ്രനാട്ടിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ കളിത്തൊട്ടിലായ വടകരയില്‍ ചരിത്രം ഉറങ്ങിക്കിടക്കുന്ന കോട്ടപ്പറമ്പില്‍ "തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും വര്‍ത്തമാനവും" സെമിനാറില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. പതിവ് രാഷ്ട്രീയ സെമിനാറുകളില്‍നിന്ന് വ്യത്യസ്തമായി മറ്റ് പാര്‍ടികളിലും തൊഴിലാളി സംഘടനകളിലുമുള്ള നൂറുകണക്കിന് പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തിരുന്നു. വടകരയിലെ ആദ്യകാല ട്രേഡ്യൂണിയന്‍ നേതാക്കളായ പന്ത്രണ്ട് പേരെ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഷാള്‍ അണിയിച്ച് സെമിനാറില്‍ ആദരിച്ചു.

ഐക്യതൊഴിലാളി യൂണിയന്‍ അംഗമായി 1938ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ദീര്‍ഘകാലം ബിഡി-സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച പി കെ കുമാരന്‍ , ഖാദിരിയ ചുരുട്ട് കമ്പനിത്തൊഴിലാളിയായി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ച് 1944ലെ ബോണസ് സമരത്തിന് നേതൃത്വം നല്‍കിയ പി പി ദാമോദരന്‍ , ചുരുട്ട് തൊഴിലാളിയായി ബോണസ് സമരത്തിന് നേതൃത്വം നല്‍കിയ വി പി കുമാരന്‍ , 1940 മുതല്‍ ചുരുട്ട് തൊഴിലാളി രംഗത്ത് സജീവമായ വി പി കൃഷ്ണന്‍ , 1946ല്‍ ചുരുട്ട് തൊഴിലാളിയായി തൊഴിലാളികളെ സംഘടിപ്പിച്ച കുനിയില്‍ ഗോപാലന്‍ , ബാലസംഘം പ്രവര്‍ത്തകനായി രംഗത്തെത്തി ചുരുട്ടുതൊഴിലാളിയായ സി വി അനന്തന്‍ , കൈത്തറി തൊഴിലാളികളെ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനി ചിങ്ങന്‍ നാരായണന്‍ , 1972ല്‍ ഗണേശ്ബീഡി തൊഴിലാളിയായി കമ്പനി അടച്ചുപൂട്ടുന്നതിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയ ഇല്ലത്ത് ദാമോദരന്‍ , 1940 മുതല്‍ ചുരുട്ട് തൊഴിലാളിയായിരുന്ന വി പി കുഞ്ഞാലി, 1960ലെ പാലയാട് നെയ്ത്ത് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയ ഇളമക്കണ്ടി ചന്തു, ഐക്യത്തൊഴിലാളി യുണിയന്‍ അംഗമായി ബോണസ് സമരത്തില്‍ പങ്കെടുത്ത് പൊലീസ് മര്‍ദനമേറ്റ കെ ടി കെ ഗോവിന്ദന്‍ , 1943ല്‍ ബീഡി സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രവര്‍ത്തകനായി രംഗത്ത് വന്ന, നിരവധി തവണ ജയില്‍വാസവും മദര്‍നവും അനുഭവിച്ച എ ടി കെ കുമാരന്‍ എന്നിവരെയാണ് ആദരിച്ചത്. ബാലസംഘം ഗായകസംഘത്തിെന്‍റ ഗാനമേളയും അരങ്ങേറി. ടി കെ കുഞ്ഞിരാമന്‍ നന്ദി പറഞ്ഞു.

deshabhimani

1 comment:

  1. സമരപഥങ്ങളില്‍ ചരിത്രനേട്ടങ്ങള്‍ കരസ്ഥമാക്കിയ ചുരുട്ട് തൊഴിലാളികളും ബീഡിത്തൊഴിലാളികളും നെയ്ത്ത് തൊഴിലാളികളും പോരാട്ടങ്ങളിലൂടെ ചുവപ്പിച്ച മണ്ണില്‍ , സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂണിയന്‍ സെമിനാര്‍ വടകരയെ ഒരിക്കല്‍ക്കൂടി ചരിത്രത്തില്‍ അടയാളപ്പെടുത്തി. കേളുഏട്ടനും പി പി ശങ്കരേട്ടനും നേതൃത്വം നല്‍കിയ ഐക്യതൊഴിലാളി യൂണിയന്റെ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തത് പുതുതലമുറക്ക് ആവേശമായി.

    ReplyDelete