Sunday, February 26, 2012

അനധികൃത കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്ന് നഗരസഭയോട് സര്‍ക്കാര്‍

അനധികൃത കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്ന് സര്‍ക്കാര്‍ . തദ്ദേശസ്വയംഭരണവകുപ്പാണ് ഉത്തരവിലൂടെ കോര്‍പറേഷന് നിര്‍ദേശം നല്‍കിയത്. വെള്ളാര്‍ വാര്‍ഡില്‍ കോവളം പൊലീസ്സ്റ്റേഷനു സമീപം ഷീജ ഹര്‍ഷകുമാര്‍ ചട്ടവിരുദ്ധമായി നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നഗരസഭ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച കെട്ടിടമാണിത്. തദ്ദേശസ്വയംഭരണവകുപ്പിന്റെ ജി ഒ (ആര്‍ടി) 156-2012 എന്ന ഉത്തരവിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

പ്രത്യേക സോണലില്‍പ്പെട്ട വെള്ളാര്‍ഭാഗത്ത് ഷീജ ഹര്‍ഷകുമാറിന് രണ്ടുനില കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ അനുമതി നല്‍കിയത്. 2007ല്‍ പെര്‍മിറ്റ് വാങ്ങി 2008ല്‍ പണി ആരംഭിച്ചു. ആദ്യപ്ലാനില്‍നിന്ന് വ്യതിചലിച്ച് കെട്ടിടം അഞ്ചുനിലയായി ഉയര്‍ത്തി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അന്നത്തെ മേയര്‍ സി ജയന്‍ബാബുവിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി മേയര്‍ , നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ , നഗരസഭയുടെ അഡീഷണല്‍ സെക്രട്ടറി, എന്‍ജിനിയര്‍ എന്നിവരടങ്ങിയ സമിതി അന്വേഷണം നടത്തി. കെട്ടിട നിര്‍മാണം അനധികൃതമാണെന്നു കണ്ടെത്തി. നഗരസഭാ ടൗണ്‍ പ്ലാനിങ് ഓഫീസറായിരുന്ന എം ശശികുമാര്‍ , റവന്യൂ ഇന്‍സ്പെക്ടര്‍ കെ രാജഗോപാല്‍ , ബില്‍ഡിങ് ഇന്‍സ്പെക്ടര്‍മാരായ എം രാധ, കെ ശ്രീധരന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കി. കെ ശ്രീധരനും എം രാധയും ഒഴികെ ഉള്ളവര്‍ അന്ന് സസ്പെന്‍ഷനിലായിരുന്നു. ഇതോടൊപ്പം റീജണല്‍ ടൗണ്‍ പ്ലാനിങ് ഓഫീസിലെ സീനിയര്‍ സര്‍വേയര്‍ ദിനേശ്കുമാറും കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയ ആര്‍ക്കിടെക്റ്റുമാരും അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും കെട്ടിടം പൊളിച്ചുമാറ്റണമെന്നും ആര്‍ക്കിടെക്റ്റുമാരുടെ ലൈസന്‍സ് റദ്ദുചെയ്യണമെന്നും ശുപാര്‍ശചെയ്ത അന്വേഷണ റിപ്പോര്‍ട്ട് സമിതി കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചു. ഇത് അംഗീകരിച്ച് കെട്ടിടം പൊളിച്ചുനീക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടു. കെട്ടിടത്തിനു നല്‍കിയ പെര്‍മിറ്റ് ഒക്കുപ്പെന്‍സി, നമ്പര്‍ എന്നിവ നഗരസഭ റദ്ദുചെയ്തു. കെട്ടിടം പൊളിച്ചുമാറ്റാന്‍ ടൗണ്‍പ്ലാനിങ് വിഭാഗം നടപടി ആരംഭിച്ചു. പൊളിച്ചുമാറ്റല്‍ നടപടിക്കെതിരെ കെട്ടിട ഉടമ ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും നഗരസഭയുടെ നടപടി ശരിവച്ചു. ഹൈക്കോടതിയില്‍ നല്‍കിയ രണ്ടു കേസിലും അനുകൂലവിധി സമ്പാദിക്കാനായില്ല. കെട്ടിടനിര്‍മാണം ക്രമവല്‍ക്കരിച്ച് കിട്ടുന്നതിന് നല്‍കിയ അപേക്ഷയും സര്‍ക്കാര്‍ നിരസിച്ചു. സര്‍ക്കാരിനു നല്‍കിയ അപ്പീലില്‍ കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കാനാകില്ലെന്ന തീരുമാനം ഉറപ്പിക്കുകയും ചെയ്തു. ഈ കെട്ടിടത്തിനാണ് നമ്പര്‍ നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിനു പിന്നില്‍ വന്‍ അഴിമതി ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

തകരപ്പറമ്പ് മേല്‍പ്പാലം: സിപിഐ എമ്മിന് എതിര്‍പ്പില്ല

തകരപ്പറമ്പ് പവര്‍ഹൗസ് മേല്‍പ്പാലം നിര്‍മിക്കുന്നതിന് സിപിഎ എം എതിരല്ലെന്ന് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. തലസ്ഥാനനഗര വികസനത്തിനായി 2004ല്‍ ആരംഭിച്ച ഈ പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെറിയൊരു ശതമാനംമാത്രമാണ് നടപ്പാക്കിയത്. റോഡിന്റെ 90 ശതമാനവും അക്വിസിഷന്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് 2004ല്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ ധാരാളം പോരായ്മകള്‍ ഉണ്ടായിട്ടും സിപിഐ എം പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു. പദ്ധതിയുടെ നടത്തിപ്പില്‍ കണ്ട ഏറ്റവും വലിയ പോരായ്മ വികസനത്തിനുവേണ്ടി സ്ഥലം അക്വയര്‍ചെയ്ത് ഒഴിപ്പിക്കപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയിരുന്നില്ല. ഓവര്‍ബ്രിഡ്ജില്‍ത്തന്നെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം അക്വയര്‍ചെയ്യുന്നതിനായി നോട്ടിഫൈചെയ്ത സ്ഥലമാണ് ഒരു സ്വകാര്യവ്യക്തി കെട്ടിടംപണിത് വലിയ വ്യാപാരസ്ഥാപനം നടത്തുന്നത്. ഇത് നിയമസഭയില്‍ പ്രശ്നമായപ്പോള്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി ചില നടപടി സ്വീകരിച്ചു. അതിനെതിരെ സ്ഥലം ഉടമ ഹൈക്കോടതിയില്‍ പോയതുകാരണം സ്ഥലം അക്വയര്‍ ചെയ്യുന്നതിനുവേണ്ടി രണ്ടുകോടി രൂപ ട്രിഡ കെട്ടിവച്ചിരിക്കുകയാണ്.

സെന്‍ട്രല്‍ തിയറ്റര്‍ റോഡ് തലസ്ഥാനനഗരിയിലെ മര്‍മപ്രധാനമായ റോഡാണ്. റെയില്‍വേസ്റ്റേഷന്റെ രണ്ടാം ഗേറ്റിലേക്ക് വന്നുപോകുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ്. പഴവങ്ങാടി ഗണപതികോവിലില്‍നിന്ന് ചാല, കിള്ളിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന എളുപ്പമാര്‍ഗവുമാണ്. ഈ റോഡിന്റെ മധ്യത്തില്‍ ബങ്ക് നിര്‍മിക്കുന്നതു മാത്രമാണ് സിപിഐ എം എതിര്‍ക്കുന്നത്. തകരപ്പറമ്പ്, പവര്‍ഹൗസ് ഭാഗത്തേക്കുള്ള ഫ്ളൈഓവര്‍ നിര്‍മാണത്തിന് എല്ലാ പിന്തുണയും സിപിഐ എം നല്‍കും. ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് പുനരധിവാസം നല്‍കുന്നതിന് സ്ഥലം കണ്ടെത്തി പ്രശ്നം പരിഹരിക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.

deshabhimani 250212

1 comment:

  1. അനധികൃത കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്ന് സര്‍ക്കാര്‍ . തദ്ദേശസ്വയംഭരണവകുപ്പാണ് ഉത്തരവിലൂടെ കോര്‍പറേഷന് നിര്‍ദേശം നല്‍കിയത്. വെള്ളാര്‍ വാര്‍ഡില്‍ കോവളം പൊലീസ്സ്റ്റേഷനു സമീപം ഷീജ ഹര്‍ഷകുമാര്‍ ചട്ടവിരുദ്ധമായി നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നഗരസഭ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച കെട്ടിടമാണിത്. തദ്ദേശസ്വയംഭരണവകുപ്പിന്റെ ജി ഒ (ആര്‍ടി) 156-2012 എന്ന ഉത്തരവിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

    ReplyDelete