Monday, February 27, 2012

ഐതിഹാസിക പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഐതിഹാസികസമരത്തിനൊരുങ്ങി. 11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച നടത്തുന്ന പണിമുടക്ക് ഇന്ത്യന്‍ സമരചരിത്രത്തില്‍ അവിസ്മരണീയ ഏടാകും. തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ പണിമുടക്കാരംഭിക്കും. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട ട്രേഡ്യൂണിയനുകളും സഹകരിക്കുന്ന സംയുക്ത പണിമുടക്ക് ഇതാദ്യമാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുംവിധം പണിമുടക്ക് വന്‍ വിജയമാക്കുന്നതിനായി സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ് തുടങ്ങിയ പ്രധാന ട്രേഡ് യൂണിയനുകളുടെയെല്ലാം നേതൃത്വം ഒരേ മനസ്സോടെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലാണ്. പണിമുടക്കിനുള്ള ഒരുക്കം പൂര്‍ത്തിയായെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു.

തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കരാര്‍തൊഴില്‍ അവസാനിപ്പിക്കുക, ഓഹരിവില്‍പ്പന നിര്‍ത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൊതുപണിമുടക്ക്.

സംഘടിത-അസംഘടിത മേഖലകളിലായി രാജ്യത്ത് അമ്പതുകോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കും. ബാങ്ക്-ഇന്‍ഷുറന്‍സ്-ടെലികോം- തപാല്‍ - തുറമുഖം- എണ്ണ-പ്രകൃതിവാതകം-ഖനി-വൈദ്യുതി- ഗതാഗതം&ാറമവെ; തുടങ്ങി പ്രധാന തൊഴില്‍മേഖലകളെല്ലാം സ്തംഭിക്കും. രാജ്യത്തെ എല്ലാ ഫാക്ടറികളും വ്യവസായശാലകളും നിശ്ചലമാകും. ഇതിന് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സമരത്തില്‍ പങ്കാളികളാകും. പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള 32 ആയുധഫാക്ടറികളും എട്ട് പൊതുമേഖലാ പ്രതിരോധസ്ഥാപനങ്ങളും നിശ്ചലമാകും.

കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ കടുത്ത തൊഴിലാളിവിരുദ്ധ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതാണ് രാജ്യവ്യാപക പണിമുടക്കിന് ട്രേഡ്യൂണിയനുകളെ നിര്‍ബന്ധിതരാക്കിയത്. 1991ല്‍ നവഉദാര പരിഷ്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം കുറിച്ച ശേഷം പതിനാലാമത് പൊതുപണിമുടക്കിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇടതുപക്ഷ ട്രേഡ്യൂണിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു പണിമുടക്കുകളില്‍ അധികവും. 2010ല്‍ 13-ാമത് അഖിലേന്ത്യാ പണിമുടക്ക് ഐഎന്‍ടിയുസിയുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ചൊവ്വാഴ്ചത്തെ പണിമുടക്കിലാകട്ടെ ഇതാദ്യമായി ബിഎംഎസും ട്രേഡ്യൂണിയന്‍ ഐക്യത്തില്‍ പങ്കാളികളാകുകയാണ്. പത്തിന ആവശ്യങ്ങളുന്നയിച്ച് പലവട്ടം യുപിഎ സര്‍ക്കാരിനെ ട്രേഡ്യൂണിയനുകള്‍ സമീപിച്ചെങ്കിലും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക്തയ്യാറായില്ല. അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളിവര്‍ഗം ശക്തമായ സമരമുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്തേക്ക് വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റങ്ങളിലൊന്നായി അഖിലേന്ത്യാ പണിമുടക്ക് മാറും.
(എം പ്രശാന്ത്)

കേരളം നിശ്ചലമാകും

തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കില്‍ കേരളം ഒന്നടങ്കം അണിചേരും. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന 24 മണിക്കൂര്‍ സമരത്തില്‍ സംസ്ഥാനം നിശ്ചലമാകും. പാല്‍ , പത്രം, കുടിവെള്ളം, ആശുപത്രി തുടങ്ങിയ മേഖലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും വിവിധ മേഖലകളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളും സ്വകാര്യവാഹനങ്ങളും റോഡിലിറങ്ങില്ല. കടകമ്പോളങ്ങള്‍ അടയും. പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കില്‍ പങ്കെടുക്കും. നിര്‍മാണമേഖലയിലെയും തോട്ടംമേഖലയിലെയും എല്ലാ തൊഴിലാളികളും പണിമുടക്കില്‍ അണിനിരക്കും.

പണിമുടക്ക്: ബംഗാള്‍ സ്തംഭിക്കും

കൊല്‍ക്കത്ത: എല്ലാ ജനവിഭാഗങ്ങളും പങ്കെടുക്കുന്നതോടെ തൊഴിലാളിസംഘടനകള്‍ 28നു പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ പശ്ചിമബംഗാള്‍ സ്തംഭിക്കും. എല്ലാ ഇടതുപക്ഷ കര്‍ഷക സംഘടനകളും ചൊവ്വാഴ്ച സംസ്ഥനത്ത് കാര്‍ഷികപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഗ്രാമീണ കാര്‍ഷികമേഖലയും സ്തംഭിക്കും. കൊല്‍ക്കത്തയിലടക്കം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രകടനങ്ങള്‍ നടന്നു. പ്രധാന കവലകളിലെല്ലാം പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. പണിമുടക്കിന് ഇടതുമുന്നണി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്കിനെതിരെ കോടികള്‍ മുടക്കി പ്രചാരണം നടത്തുന്ന മമത സര്‍ക്കാര്‍ തൊഴിലാളിസമരം പരാജയപ്പെടുത്താനുള്ള എല്ലാ അടവുകളും പയറ്റുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്നും ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നും സര്‍ക്കാര്‍ ഭീഷണി മുഴക്കി. എന്നാല്‍ , മമതയുടെ ഭീഷണി അവഗണിച്ച് ബഹുഭൂരിപക്ഷം സംസ്ഥാന ജീവനക്കാരും സമരത്തില്‍ അണിനിരക്കുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരും തൃണമൂല്‍ നേതാക്കളും സമരം പൊളിക്കാന്‍ രംഗത്തിറങ്ങി. പണിമുടക്ക് ദിവസം വാഹനങ്ങള്‍ നിരത്തിലിറക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന്&ീമരൗലേ;ഗതാഗതമന്ത്രി മദന്‍മിത്ര പ്രഖ്യാപിച്ചു. സമരത്തിനെതിരെ രണ്ടുദിവസമായി എല്ലാ പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ വന്‍ തുകമുടക്കി സര്‍ക്കാര്‍ പരസ്യം നല്‍കുന്നുണ്ട്.
(ഗോപി)

പണിമുടക്ക് : ഐഎന്‍ടിയുസിയെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ ട്രേഡ്യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പൊതുപണിമുടക്കില്‍നിന്ന് ഐഎന്‍ടിയുസിയെ പിന്തിരിപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്തെത്തി. പൊതുപണിമുടക്കില്‍ നിന്ന് ട്രേഡ്യൂണിയനുകള്‍ പിന്‍വാങ്ങണമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഐഎന്‍ടിയുസിയെ പിന്തിരിപ്പിക്കാനുള്ള നീക്കം. പണിമുടക്കിനു മുമ്പ് ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവറെഡ്ഡിക്ക് പ്രധാനമന്ത്രി കത്തയച്ചു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മുന്‍നിര്‍ത്തി പണിമുടക്കില്‍നിന്ന് പിന്‍വാങ്ങണമെന്ന് നേരിട്ട് അഭ്യര്‍ഥിക്കാനാണ് ഐഎന്‍ടിയുസി പ്രസിഡന്റിനെ മാത്രമായി ചര്‍ച്ചയ്ക്ക് വിളിച്ചത്. എല്ലാ ട്രേഡ്യൂണിയന്‍ നേതാക്കളെയും കൂട്ടായി കാണാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് സഞ്ജീവറെഡ്ഡി പറഞ്ഞു. പണിമുടക്ക് എല്ലാ ട്രേഡ്യൂണിയനുകളും സംയുക്തമായി എടുത്ത തീരുമാനമാണ്. തനിക്ക് മാത്രമായി സര്‍ക്കാരിന് ഉറപ്പ് നല്‍കാനാവില്ല- സഞ്ജീവ റെഡ്ഡി പറഞ്ഞു.

ദേശീയപണിമുടക്കിന് പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം

കോട്ടയം: വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 28ന് നടക്കുന്ന ദേശീയപണിമുടക്കിന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേതന വര്‍ധന ലഭിച്ചിട്ട് പന്ത്രണ്ട്വര്‍ഷം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ദേശീയപണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. 28ന് രാവിലെ 10ന് ജില്ലാകേന്ദ്രങ്ങളില്‍ യൂണിയന്‍ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാലന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 28ന് ജില്ല കേന്ദ്രങ്ങളില്‍ പ്രകടനം നടത്തുമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി ബാലഗോപാലും അറിയിച്ചു.

deshabhimani 270212

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഐതിഹാസികസമരത്തിനൊരുങ്ങി. 11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച നടത്തുന്ന പണിമുടക്ക് ഇന്ത്യന്‍ സമരചരിത്രത്തില്‍ അവിസ്മരണീയ ഏടാകും. തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ പണിമുടക്കാരംഭിക്കും. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട ട്രേഡ്യൂണിയനുകളും സഹകരിക്കുന്ന സംയുക്ത പണിമുടക്ക് ഇതാദ്യമാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുംവിധം പണിമുടക്ക് വന്‍ വിജയമാക്കുന്നതിനായി സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ് തുടങ്ങിയ പ്രധാന ട്രേഡ് യൂണിയനുകളുടെയെല്ലാം നേതൃത്വം ഒരേ മനസ്സോടെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലാണ്. പണിമുടക്കിനുള്ള ഒരുക്കം പൂര്‍ത്തിയായെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു.

    ReplyDelete