Saturday, February 25, 2012

ഉന്നത സമ്മര്‍ദം: ഇറ്റാലിയന്‍ കപ്പല്‍ പരിശോധന മാറ്റി

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലെക്സി പരിശോധിച്ച്  തോക്ക് കണ്ടെടുക്കാനുള്ള തീരുമാനം അവസാന നിമിഷം നാടകീയമായി മാറ്റി. കപ്പല്‍ പരിശോധിക്കാനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഉന്നതരില്‍നിന്നുള്ള സമ്മര്‍ദംമൂലം പരിശോധന മാറ്റുകയായിരുന്നുവെന്നാണ് സൂചന. ശനിയാഴ്ച കപ്പല്‍ പരിശോധന നടക്കും.

പുറംകടലിലായിരുന്ന കപ്പല്‍ പരിശോധനയ്ക്കായി വെള്ളിയാഴ്ച രാവിലെ കൊച്ചി തുറമുഖത്തെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ അടുപ്പിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ , റവന്യു, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കപ്പലിനുസമീപം എത്തുകയും ചെയ്തതിനു ശേഷമാണ് പരിശോധന മാറ്റിയത്. വെള്ളിയാഴ്ച തിരക്കിട്ടു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാറാണ് കപ്പല്‍പരിശോധന ശനിയാഴ്ച നടത്തുമെന്ന് അറിയിച്ചത്. പരിശോധനാ സമയത്ത് ഇറ്റാലിയന്‍ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യം വേണമെന്ന് കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറ്റലി രണ്ട് സാങ്കേതിക വിദഗ്ധരെ അയക്കുമെന്നും ഇറ്റാലിയന്‍ പ്രതിനിധികള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമീഷണര്‍ പറഞ്ഞു. ഇവര്‍ക്ക് വെള്ളിയാഴ്ച എത്താന്‍കഴിയാത്തതിനാലാണ് പരിശോധന മാറ്റിയതെന്നാണ് വിശദീകരണം. ശനിയാഴ്ച രാവിലെ സംഘം കൊച്ചിയിലെത്തും. ഇതിനുശേഷം കപ്പല്‍ പരിശോധിച്ച് ആയുധം കണ്ടെടുക്കുമെന്നും കമീഷണര്‍ പറഞ്ഞു. കമീഷണറുടെ വാര്‍ത്താസമ്മേളന സമയത്തും ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ കപ്പലിനുസമീപം കാത്തുനില്‍ക്കുകയായിരുന്നു. പിന്നീടാണ് ഇവര്‍ മടങ്ങിയത്.

ഇറ്റാലിയന്‍ സേനയിലെ സാങ്കേതികവിദഗ്ധരും മേജര്‍മാരുമായ ഗ്ലോബസ് ലൂക്ക, പ്ലാറ്റിനി പോളോ എന്നിവരെ പരിശോധനാ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇറ്റലി ആവശ്യപ്പെട്ടിരുന്നത്. ഇറ്റലിയില്‍നിന്ന് നേരിട്ട് വിമാനമില്ലാത്തതും സാങ്കേതിക വിദഗ്ധരില്‍ ഒരാളുടെ വിസാ നടപടി പൂര്‍ത്തിയാകാത്തതുമാണ് വൈകാന്‍ കാരണമായി അറിയിച്ചിട്ടുള്ളത്. സംയുക്ത പരിശോധനയെന്ന ആവശ്യമാണ് ഇറ്റാലിയന്‍ അധികൃതര്‍ മുന്നോട്ടുവച്ചത്. ഇത് നിയമപരമായി കഴിയാത്തതിനാല്‍ പരിശോധനാ സമയത്ത് ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാമെന്ന് ധാരണയിലെത്തുകയായിരുന്നു. ഇതനുസരിച്ച് ഇറ്റാലിയന്‍ അധികൃതര്‍ കൊല്ലം കോടതിയെ സമീപിക്കുകയും കോടതി അനുമതി നല്‍കുകയുമായിരുന്നുവെന്ന് കമീഷണര്‍ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കസ്റ്റഡിയിലെടുത്തവരോട് മാന്യമായ രീതിയിലാണ് കേരള പൊലീസ് ഇടപെടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാന്‍ പൗലോ കുടിലോ പറഞ്ഞു. ഇറ്റാലിയന്‍ മിലിറ്ററി അറ്റാഷെ ക്യാപ്റ്റന്‍ ഫ്രാങ്കോ ഫേയറോ, ഉന്നത നാവിക ഉദ്യോഗസ്ഥന്‍ അലക്സാന്‍ഡ്രിയോ പിയോറി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 250212

1 comment:

  1. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലെക്സി പരിശോധിച്ച് തോക്ക് കണ്ടെടുക്കാനുള്ള തീരുമാനം അവസാന നിമിഷം നാടകീയമായി മാറ്റി. കപ്പല്‍ പരിശോധിക്കാനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഉന്നതരില്‍നിന്നുള്ള സമ്മര്‍ദംമൂലം പരിശോധന മാറ്റുകയായിരുന്നുവെന്നാണ് സൂചന. ശനിയാഴ്ച കപ്പല്‍ പരിശോധന നടക്കും.

    ReplyDelete