നിരായുധരായ രണ്ട് മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചുകൊന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ഇന്ത്യന്‍ ശിക്ഷാനിയമം കാറ്റില്‍പ്പറത്തി ഇറ്റലിക്ക് കീഴടങ്ങി. ഇന്ത്യന്‍ നിയമപ്രകാരം എല്ലാ നടപടിയും പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനു വിരുദ്ധമായാണ് പൊലീസിന്റെ ഓരോ നടപടിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുക്കാനും കപ്പലില്‍നിന്ന് തെളിവ് ശേഖരിക്കാനും ഇറ്റാലിയില്‍നിന്നുള്ള ഉന്നതസംഘം വരുന്നതുവരെ കാത്തുനിന്നത് തെളിവുകള്‍ തേച്ചുമാച്ചുകളയാന്‍ അവസരമൊരുക്കിയെന്ന് ആരോപണമുണ്ട്. അതുപോലെ, മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തെ അനുവദിച്ചത് പ്രതികള്‍ക്ക് അനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാന്‍ സാധ്യത ഒരുക്കി. ഇത് ഇന്ത്യന്‍ ശിക്ഷാനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു.
കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ്. പ്രതികള്‍ക്കോ ബന്ധുക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വാദിഭാഗത്തിന് എതിരായി തെളിവുകള്‍ സമാഹരിക്കാന്‍ അവകാശമില്ല. ഇങ്ങനെ തെളിവ് ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിനാണ് പൊലീസ് കൂട്ടുനിന്നത്. ഫെബ്രുവരി 15നാണ് സംഭവം നടന്നത്. അന്നുതന്നെ കേസ് ഒതുക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും ജനരോഷം ഭയന്ന് രണ്ട് സൈനികരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും പ്രതികള്‍ക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതോടൊപ്പം തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള പരിശോധനാ വാറന്റിന് കോടതിയെ സമീപിക്കണമായിരുന്നു. എന്നാല്‍ , ഒരാഴ്ച കഴിഞ്ഞ് മാത്രമാണ് കോടതിയെ സമീപിച്ചത്. കോടതിയില്‍നിന്ന് വാറന്റ് കിട്ടിയിട്ടും പരിശോധനയ്ക്ക് ഇറ്റാലിയന്‍ സംഘം വരുന്നതുവരെ കാത്തുനിന്നു. പരിശോധന നടന്നത് സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞ് മാത്രം. കപ്പല്‍ പരിശോധനയുടെ വിശദാംശങ്ങള്‍ ഇറ്റാലിയന്‍ സംഘത്തിന് പിന്നീട് നല്‍കിയാല്‍ മതിയായിരുന്നു. അതും വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ മാത്രമെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ത്തന്നെ പറയുന്നു.
വെടിയുതിര്‍ത്ത തോക്കുമായി ബന്ധപ്പെട്ട തെളിവുകള്‍ ദൃഢപ്പെടുത്താന്‍ രാസപരിശോധന അനിവാര്യമാണ്. ഇതിനായി തോക്കും അനുബന്ധസാമഗ്രികളും സംഭവം നടന്ന ഉടന്‍ കസ്റ്റഡിയിലെടുക്കേണ്ടതായിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നത് രാസപരിശോധനാഫലം അട്ടിമറിക്കാന്‍ അവസരമായി. തോക്കില്‍നിന്ന് പുറന്തള്ളുന്ന വെടിമരുന്നിന്റെ അംശം നാവികര്‍ ധരിച്ച ജാക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കി തെളിയിക്കാന്‍ കഴിയും. പരിശോധന നീണ്ടത് ജാക്കറ്റിലെ വെടിമരുന്ന് അംശങ്ങള്‍ നീക്കാന്‍ അവസരം നല്‍കും. വൈകിയുള്ള പരിശോധനയുടെ ആധികാരികത ചോദ്യംചെയ്യാനും പ്രതികള്‍ക്ക് കഴിയും. കപ്പലില്‍ പൊലീസ് ഓരോ പരിശോധനയും നടത്തിയത് ഇറ്റാലിയന്‍ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം തെളിവുകള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യം കേരള പൊലീസിന് ലഭിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കടലിലെ അക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ ഇരകളുടെ രാജ്യത്തെ നിയമമനുസരിച്ച് നടത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യക്തമായ പ്രമേയമുണ്ട്. ഇറ്റലിക്കാര്‍ അക്രമത്തിനിരയായപ്പോള്‍ ഉള്‍പ്പെടെ ഈ പ്രമേയപ്രകാരമാണ് കേസെടുത്തത്. ഈ പ്രമേയമനുസരിച്ച് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ കേസും ഇന്ത്യന്‍ ശിക്ഷാനിയമനുസരിച്ച് തന്നെയാണ് നടത്തേണ്ടത്. ഇതു ലംഘിച്ചാണ് ഇറ്റലിക്ക് കീഴടങ്ങുന്നത്.
(എം രഘുനാഥ്)
ഇറ്റാലിയന്‍ സംഘത്തിന് ബോട്ട് പരിശോധിക്കാന്‍ സൗകര്യംചെയ്തു
കൊല്ലം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നും സൈനികര്‍ വെടിവച്ച മത്സ്യബന്ധന ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സൈനികസംഘത്തിന് അധികൃതര്‍ സൗകര്യം ചെയ്തത് വിവാദമായി. കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ കൊച്ചിയില്‍നിന്ന് ഞായറാഴ്ച പകല്‍ മൂന്നിനാണ് നീണ്ടകരയില്‍ ഇറ്റാലിയന്‍ സംഘം എത്തിയത്. ഒരു മണിക്കൂര്‍ പരിശോധനയ്ക്കുശേഷമാണ് അഞ്ചംഗ ഇറ്റാലിയന്‍ സംഘം മടങ്ങിയത്. ബോട്ടിന്റെ ചിത്രങ്ങളും എടുത്തു. തീരദേശ പൊലീസിന്റെ കസ്റ്റഡിയില്‍ നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് സൂക്ഷിച്ച "സെന്റ് ആന്റണി" ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സൈനികസംഘത്തിന് അനുമതി നല്‍കിയത് കേസ് അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടാകുമെന്ന സംശയം ബലപ്പെടുത്തി.
വെടിയേറ്റുമരിച്ച വാലന്റൈന്റെ മൂതാക്കരയിലെ വീട് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി സന്ദര്‍ശിക്കുമ്പോഴാണ് ഇറ്റാലിയന്‍ സംഘം നീണ്ടകരയിലെത്തിയത്. ഇറ്റാലിയന്‍ സേനയിലെ മേജര്‍ ജനറല്‍ പോളോ റൊമാനോ, മേജര്‍മാരായ ഫ്ളീബസ് ലൂക്കാ, പൗളോ ഫ്രെറ്റിനി, കമാന്‍ഡര്‍ ജീന്‍ പോള്‍ പിയറിനി, റിയര്‍ അഡ്മിറല്‍ ഫേബിയോ കാസിയോ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വെടിവയ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരായ കൊല്ലം ക്രൈംബ്രാഞ്ച് എസ്പി സാം ക്രിസ്റ്റി ഡാനിയല്‍ , ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ പി ജെ ജേക്കബ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബോട്ടിനുള്ളില്‍ വിശദ പരിശോധന നടത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വെടിയുണ്ടകള്‍ പതിഞ്ഞ ബോട്ടിലെ ഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയുംചെയ്തു. അതീവ രഹസ്യമായാണ് ഇറ്റാലിയന്‍ സംഘം നീണ്ടകരയില്‍ എത്തിയത്. കോസ്റ്റല്‍ പൊലീസും വിവരം അറിഞ്ഞില്ല. എന്നാല്‍ ഇറ്റാലിയന്‍ സംഘം ബോട്ടില്‍ പരിശോധന നടത്തിയിട്ടില്ലെന്നും ബോട്ട് സന്ദര്‍ശിക്കുക മാത്രമായിരുന്നെന്നുമാണ് പ്രത്യേക അന്വേഷകസംഘത്തിന്റെ വിശദീകരണം.
കപ്പലിലെ ആയുധങ്ങളെല്ലാം പിടിച്ചെടുത്തതായി പൊലീസ്
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ കോടതി ഉത്തരവ് പ്രകാരമുള്ള എല്ലാ ആയുധങ്ങളും ഇറ്റാലിയന്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്തതായി എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. കപ്പലില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ കൊച്ചി പോര്‍ട്ട്ട്രസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീല്‍ചെയ്ത് ഹാര്‍ബര്‍ പൊലീസ്സ്റ്റേഷനില്‍ സൂക്ഷിച്ച ആയുധങ്ങള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പിന്നീട് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് കൊണ്ടുപോകും. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ആയുധങ്ങളെപ്പറിയുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. നാലു ട്രങ്കുകളിലാക്കി ഇന്ത്യന്‍ -ഇറ്റാലിയന്‍ അധികൃതരുടെ സീല്‍ പതിപ്പിച്ചാണ് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. അറസ്റ്റിലായ ഇറ്റാലിയന്‍ നാവികസേനയുടെ ചീഫ് മാസ്റ്റര്‍ സാര്‍ജന്റ് ലസ്റ്റോറെ മാസ്സി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരുടെ കസ്റ്റഡി നീട്ടുന്നതിനെക്കുറിച്ച് അന്വേഷണസംഘം തീരുമാനിക്കും. ഹൈക്കോടതി തീരുമാനം അനുസരിച്ചു മാത്രമേ കപ്പലിന് കൊച്ചി വിടാനാകൂ. കപ്പല്‍ ജീവനക്കാരെ ഇനിയും ചോദ്യംചെയ്യുമെന്ന് കമീഷണര്‍ പറഞ്ഞു. സംസ്ഥാന ഫോറന്‍സിക് വകുപ്പിലെ ബാലിസ്റ്റിക് വിഭാഗം അസി. ഡയറക്ടര്‍ എന്‍ ജി നിഷ, സയന്റിഫിക് അസിസ്റ്റന്റ് സൂസന്‍ ആന്റണി, റവന്യൂ-കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു. കോസ്റ്റ്ഗാര്‍ഡ്, നേവി എന്നിവയും പരിശോധനയ്ക്ക് സഹായിച്ചു. ഇറ്റലിയില്‍നിന്നുള്ള ബാലിസ്റ്റിക് വിദഗ്ധര്‍ , ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരും പരിശോധനാസമയത്ത് കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലിന്റെ എല്ലാ ഭാഗവും പരിശോധിച്ചതായും ഇറ്റാലിയന്‍ അധികൃതര്‍ പരിശോധനയുമായി പൂര്‍ണമായും സഹകരിച്ചുവെന്നും കമീഷണര്‍ അറിയിച്ചു.
തോക്കുകള്‍ ഫോറന്‍സിക് ലാബിന് കൈമാറി
കൊല്ലം: ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലെക്സിയില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വിശദപരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ഡോളി തോമസ് വര്‍ഗീസാണ് നിര്‍ദേശം നല്‍കിയത്. എട്ടോളം തോക്കുകളും തിരകളും രണ്ടു മണിക്കൂര്‍ സമയമെടുത്ത് കോടതി വിശദമായി പരിശോധിച്ചു. അതീവരഹസ്യമായിരുന്നു പരിശോധന. അതിനുശേഷമാണ് ലാബില്‍ വിശദപരിശോധന നടത്താന്‍ തീരുമാനിച്ചത്. അല്‍പസമയത്തിനകം തോക്കുകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
വെടിവച്ചത് നിയമം പാലിക്കാതെ: വൈസ് അഡ്മിറല്‍
കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്കാ ലെക്സിയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവച്ചത് നിയമം പാലിച്ചുകൊണ്ടല്ലെന്ന് വൈസ് അഡ്മിറല്‍ കെ എന്‍ സുശീല്‍ . അതിനാല്‍ ഇറ്റാലിയന്‍ സൈനികര്‍ക്ക് പ്രത്യേക പരിരക്ഷ കിട്ടില്ല. കപ്പലില്‍ ക്യാപ്റ്റന്റെ നിര്‍ദേശമനുസരിച്ചാണ് സുരക്ഷാ സൈനികര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അതുണ്ടായില്ല. വെടിവച്ചതിനെക്കുറിച്ച് കപ്പല്‍ നാവികസേനയെ അറിയിച്ചില്ല. വെടിവയ്പിന്റെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ കപ്പലിലെ ഇലക്ട്രോണിക് മാപ്പിങ് പരിശോധനാ വിധേയമാക്കണമെന്നും കെ എന്‍ സുശീല്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
deshabhimani 280212
നിരായുധരായ രണ്ട് മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചുകൊന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ഇന്ത്യന്‍ ശിക്ഷാനിയമം കാറ്റില്‍പ്പറത്തി ഇറ്റലിക്ക് കീഴടങ്ങി. ഇന്ത്യന്‍ നിയമപ്രകാരം എല്ലാ നടപടിയും പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനു വിരുദ്ധമായാണ് പൊലീസിന്റെ ഓരോ നടപടിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുക്കാനും കപ്പലില്‍നിന്ന് തെളിവ് ശേഖരിക്കാനും ഇറ്റാലിയില്‍നിന്നുള്ള ഉന്നതസംഘം വരുന്നതുവരെ കാത്തുനിന്നത് തെളിവുകള്‍ തേച്ചുമാച്ചുകളയാന്‍ അവസരമൊരുക്കിയെന്ന് ആരോപണമുണ്ട്. അതുപോലെ, മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തെ അനുവദിച്ചത് പ്രതികള്‍ക്ക് അനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാന്‍ സാധ്യത ഒരുക്കി. ഇത് ഇന്ത്യന്‍ ശിക്ഷാനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു
ReplyDelete