കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ പ്രാഥമിക ആലോചനകളില്‍നിന്ന് മേയര്‍ എ കെ പ്രേമജത്തെയും നഗരത്തിന്റെ എംഎല്‍എ എ പ്രദീപ്കുമാറിനെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും സാമൂഹ്യ-രാഷ്ട്രീയ-തൊഴിലാളി പ്രതിനിധികളെയും അകറ്റിനിര്‍ത്തിയതിനുപിന്നില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യം. നഗരത്തിരക്കിലെ യാത്രാദുരിതങ്ങള്‍ക്ക് പരിഹാരമാകുന്ന പദ്ധതിയുടെ ആദ്യ ആലോചനാവേളയില്‍തന്നെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഗൂഢ അജന്‍ഡ അരങ്ങേറിയത് പദ്ധതിയുടെ നിറം കെടുത്തുന്നതായി. പദ്ധതി നടപ്പാകണമെങ്കില്‍ നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം വേണം. എന്നിട്ടും രാഷ്ട്രീയ താല്‍പ്പര്യത്തില്‍ മേയറെ ഒഴിവാക്കി. നഗര ഗതാഗതത്തിന്റെ സ്പന്ദനമറിയുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാത്തതിനും ന്യായീകരണമില്ല.
ആരുടെയെല്ലാമോ ഇഷ്ടയിടങ്ങളിലൂടെവേണം പാത പോകാനെന്ന ആദ്യനീക്കം പദ്ധതി പ്രദേശം കാണാനെത്തിയ ഇ ശ്രീധരന്‍തന്നെ തിരുത്തി. ബംഗളൂരൂവിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്സ് തയ്യാറാക്കിയ സാധ്യതാ റിപ്പോര്‍ട്ടില്‍ പ്രഥമ പരിശോധനയില്‍തന്നെ ശ്രീധരന്‍ തിരുത്തലുകള്‍ നിര്‍ദേശിച്ചു. മൂന്നു ഘട്ടപദ്ധതിയില്‍ മെഡിക്കല്‍ കോളേജ്-മീഞ്ചന്ത, മീഞ്ചന്ത-രാമനാട്ടുകര, രാമനാട്ടുകര-കരിപ്പൂര്‍ വിമാനത്താവളം എന്നിങ്ങനെ 35 കിലോമീറ്ററായിരുന്നു ആദ്യം വിഭാവനം ചെയ്തത്. എന്നാല്‍ ശ്രീധരനെ കാണിച്ച സ്ഥലത്തുപോലും നഗരത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് മാറ്റം അനിവാര്യമാണെന്നു കണ്ടു. റെയില്‍വേ സ്റ്റേഷനില്‍ മോണോ സ്റ്റേഷന്‍ ശ്രീധരന്റെ നിര്‍ദേശമാണ്. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകരവരെയുള്ള പ്രദേശങ്ങളാണ് ശ്രീധരനെ കാണിച്ചത്. ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍തന്നെ പദ്ധതിയില്‍ കാര്യമായ മാറ്റം വന്നു. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്തവരെയുള്ള 13.5 കിലോമീറ്റര്‍ പാതയായിരുന്നു ലക്ഷ്യം. ഇത് മലാപ്പറമ്പ്വരെ നീട്ടണമെന്നാണ് ശ്രീധരന്‍ നിര്‍ദേശിച്ചത്. അതിനപ്പുറം എന്‍ജിഒ ക്വാര്‍ട്ടേഴ്സ്വരെ ആദ്യഘട്ടം എത്തിയാലേ നഗരത്തിരക്കിന് ആശ്വാസമാകൂ. വടക്കന്‍ ഭാഗമായ എലത്തൂരിനെ പദ്ധതിയില്‍നിന്ന് അവഗണിച്ചതിനും ന്യായീകരണമില്ല.
നഗരത്തിലെ ഗതാഗത പ്രശ്നങ്ങളുടെ മുഴുവന്‍ കാര്യങ്ങളുമറിയാവുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും ഗതാഗതമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവരെയും അവഗണിച്ച് പദ്ധതിയില്‍ ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുലര്‍ത്തുന്നതിന് നീതീകരണമില്ലെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. മോണോ റെയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച് നീങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന്റെ ഉറച്ച നിലപാട് സര്‍ക്കാര്‍ മോഹങ്ങള്‍ക്കു തിരിച്ചടി
നഗരത്തിലെ മോണോ റെയില്‍ പദ്ധതി പൊതുമേഖലയില്‍ തന്നെയാകണമെന്ന ഇ ശ്രീധരന്റെ കര്‍ശന നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നും എന്നാല്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കാമെന്നേറ്റ ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന് അതില്‍ താല്‍പര്യമില്ലെന്നുമുള്ള പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം സര്‍ക്കാരിന്റെ മോഹം വെളിവാക്കുന്നതായി.
നിര്‍ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിച്ച മെട്രോമാന്‍ ഇ ശ്രീധരനുമായി മന്ത്രി ഇബ്രാഹിംകുഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് ചര്‍ച്ച നടത്തിയത്. നഗരത്തിലെ പ്രതിപക്ഷ എംഎല്‍എയെയോ മേയറെയോ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല. മന്ത്രി തന്നെ നേരിട്ടാണ് സര്‍ക്കാരിന്റെ "സ്വകാര്യ മോഹങ്ങള്‍" ശ്രീധരനോട് വെളിപ്പെടുത്തിയത്. എന്നാല്‍ സ്വകാര്യപങ്കാളിത്തത്തെ ആദ്യം തന്നെ അദ്ദേഹം എതിര്‍ത്തു. കാലതാമസവും പദ്ധതി യാഥാര്‍ഥ്യമായാല്‍ ജനങ്ങള്‍ക്ക് യാത്രക്കൂലി ഇനത്തില്‍ വര്‍ധിച്ച ചെലവുമല്ലാതെ മറ്റൊന്നും സ്വകാര്യപങ്കാളിത്തംകൊണ്ട് ലഭിക്കില്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി. ഇ ശ്രീധരനെ പിണക്കി മോണോ റെയില്‍ യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പോയാല്‍ വന്‍ ജനരോഷത്തിനിടയാക്കുമെന്നും കണ്ടതോടെ സര്‍ക്കാര്‍ മനസ്സില്ലാമനസ്സോടെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കുകയായിരുന്നു.
deshabhimani 290212
No comments:
Post a Comment