Sunday, February 26, 2012

ഇറ്റലി കപ്പല്‍ വെടിവച്ചത് അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശം ലംഘിച്ച്

ഇറ്റാലിയന്‍ കപ്പലില്‍നിന്ന് തോക്ക് കണ്ടെടുത്തു

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ച ഇറ്റാലിയന്‍ കപ്പലില്‍നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ഇവയുടെ വിശദവിവരം അന്വേഷണം പൂര്‍ത്തിയായശേഷമേ വെളിപ്പെടുത്താനാകൂവെന്ന് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. കപ്പലിലെ പരിശോധന പൂര്‍ത്തിയാക്കി ആയുധങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിനു കൈമാറും. തുടര്‍ന്ന് വിശദമായ ശാസ്ത്രീയപരിശോധന നടത്തും. വെടിവയ്ക്കാന്‍ ഉപയോഗിച്ചത് ഇതേ ആയുധങ്ങളാണോ എന്ന് ഫോറന്‍സിക് പരിശോധനയിലേ സ്ഥിരീകരിക്കൂ.

ശനിയാഴ്ച ഉച്ചയ്ക്ക് കപ്പലില്‍ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടര്‍ന്നു. കപ്പലില്‍ 25 ശതമാനത്തോളം പരിശോധന പൂര്‍ത്തിയായെന്ന് എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. അന്വേഷണത്തിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും കണ്ടെടുക്കും. കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ ഇറ്റാലിയന്‍ നിര്‍മിതമാണ്. കപ്പലിലുള്ള എല്ലാ സാധനങ്ങളുടെയും കണക്ക് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ സംസ്ഥാന ഫോറന്‍സിക് വകുപ്പിലെ ബാലിസ്റ്റിക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ജി നിഷ, സയന്റിഫിക് അസിസ്റ്റന്റ് സൂസന്‍ ആന്റണി എന്നിവര്‍ കൊച്ചി തുറമുഖത്തെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ എത്തി.

പരിശോധനയ്ക്കു നേതൃത്വം നല്‍കുന്ന കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ, എറണാകുളം കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ എന്നിവര്‍ ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് നേവി സംഘത്തിനൊപ്പമാണ് എത്തിയത്. നേവി, കോസ്റ്റ്ഗാര്‍ഡ് എന്നിവയും പരിശോധനയില്‍ സഹായിക്കുന്നുണ്ട്. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാന്‍ പാലേ കുട്ടിലോ, ഇറ്റാലിയന്‍ സേനയിലെ സാങ്കേതികവിദഗ്ധരും മേജര്‍മാരുമായ ഗ്ലോബസ് ലൂക്ക, പ്ലാറ്റിനി പോളോ എന്നിവര്‍ പരിശോധന നടക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈനികരെ കപ്പലില്‍ എത്തിച്ചില്ല. ഒറ്റദിവസം കൊണ്ടുതന്നെ പരിശോധന പൂര്‍ത്തിയാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍ പരിശോധനയ്ക്കായി വെള്ളിയാഴ്ച രാവിലെ കൊച്ചി തുറമുഖത്തെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ എത്തിച്ചിരുന്നു. ഫോറന്‍സിക്, വിരലടയാളവിദഗ്ധര്‍ , റവന്യു, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയ്ക്കായി എത്തുകയും ചെയ്തു. എന്നാല്‍ , അപ്രതീക്ഷിതമായി പരിശോധന മാറ്റിവയ്ക്കുകയായിരുന്നു.

ഇറ്റലി കപ്പല്‍ വെടിവച്ചത് അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശം ലംഘിച്ച്

കൊല്ലം: ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്കാ ലെക്സിയിലെ സൈനികര്‍ മീന്‍പിടിത്ത ബോട്ടിനുനേരെ വെടിവച്ചത് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ (ഐഎംഒ) മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി. സായുധരായ കടല്‍കൊള്ളക്കാരുടെ ആക്രമണം ഉണ്ടായാലും എതിര്‍ത്ത് വെടിവയ്ക്കാന്‍ വ്യവസ്ഥയില്ല. ജീവനു ഭീഷണിയുണ്ടാകുന്ന അടിയന്തരഘട്ടത്തില്‍ മാത്രമേ സായുധ പ്രത്യാക്രമണം പാടുള്ളൂ എന്നാണ് ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദേശം.

സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ 2011 സെപ്തംബറില്‍ മാര്‍ഗരേഖ പുതുക്കി. ഇതുപ്രകാരം കൊള്ളക്കാരുടെ ആക്രമണസാധ്യതയുള്ള മേഖലയില്‍ സായുധരായ സുരക്ഷാഭടന്മാരെ കപ്പലുകളില്‍ കൊണ്ടുപോകാന്‍ ഷിപ്പിങ് കമ്പനികള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ , ആയുധം ഉപയോഗിക്കുന്നതിന് വ്യക്തമായ നിബന്ധനകളാണ് ഐഎംഒ നിര്‍ദേശിക്കുന്നത്. മരണം സംഭവിക്കത്തക്ക രൂക്ഷമായ ആക്രമണസാഹചര്യത്തില്‍ സ്വയരക്ഷയ്ക്കുമാത്രമേ സുരക്ഷാഭടന്മാര്‍ക്ക് വെടിവയ്ക്കാന്‍ അനുമതിയുള്ളൂ. അക്രമികളെ കഴിയുന്നതും മറ്റു മാര്‍ഗങ്ങളിലൂടെ പിന്തിരിപ്പിക്കണമെന്നും മാര്‍ഗരേഖ പറയുന്നു. എന്നാല്‍ , മത്സ്യത്തൊഴിലാളികള്‍ക്കുനേരെ കപ്പലില്‍നിന്ന് 16 തവണയാണ് സൈനികരായ ലെസ്തോറേ മാസി മിലിയാനോയും സാല്‍വത്തോറേ ജിറോണും വെടി ഉതിര്‍ത്തത്. ഇവയില്‍ നാല് വെടിയുണ്ടകളാണ് വാലന്റൈന്‍ , അജേഷ് സിങ്കു എന്നിവരുടെ മരണത്തിനിടയാക്കിയത്.

കപ്പലിലെ സെക്യൂരിറ്റി യൂണിറ്റിന്റെ ചുമതലക്കാരനായ കേണല്‍ ലെസ്തോറേ മാസി മിലിയാനോ റോമിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിലേക്ക് അയച്ച റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇറ്റാലിയന്‍ പത്രങ്ങള്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. തങ്ങളുടെ വെടിയേറ്റല്ല മത്സ്യത്തൊഴിലാളികള്‍ മരിച്ചതെന്നും സംഭവം നടക്കുമ്പോള്‍ കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് വെളിയിലായിരുന്നു എന്നും സ്ഥാപിക്കാനാണ് ലെസ്തോറേ റിപ്പോര്‍ട്ടില്‍ ശ്രമിച്ചത്. കപ്പലിനുനേരെ പാഞ്ഞുവന്ന അഞ്ചുപേരടങ്ങുന്ന സായുധരായ കടല്‍കൊള്ളക്കാര്‍ക്ക് മുന്നറിയിപ്പായി മൂന്നുതവണ വെടിവയ്ക്കുക മാത്രമാണ് ഉണ്ടായതെന്നും മത്സ്യത്തൊഴിലാളികള്‍ മരിച്ചത് കടല്‍കൊള്ളക്കാരുടെ ആക്രമണത്തിലാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
(സനല്‍ ഡി പ്രേം)

സൈനികരെ രക്ഷിക്കാന്‍ ശ്രമം

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചതിന് അറസ്റ്റിലായ ഇറ്റാലിയന്‍ സൈനികരെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇറ്റലി നയതന്ത്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് സൈനികരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നത്. സൈനികരെ ജയിലില്‍ അയക്കാതിരിക്കാനാണ് അന്വേഷണത്തിനെന്ന പേരില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയതെന്നാണ് സൂചന. വെടിവച്ച സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അറസ്റ്റിലായ സൈനികരും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിര്‍ദേശിച്ചു. അനുകൂല നടപടി ഉണ്ടായാല്‍ ജയിലില്‍ കഴിയാതെ സൈനികര്‍ക്ക് ഇന്ത്യ വിടാനാകും.

ഇറ്റാലിയന്‍ കപ്പലിലെ ചീഫ് മാസ്റ്റര്‍ സാര്‍ജന്റ് ലസ്റ്റോറെ മസ്സി മിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. കൊല്ലം സിജെഎം കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനുശേഷം വ്യാഴാഴ്ച വീണ്ടും കോടതിയില്‍ എത്തിച്ചു. തുടര്‍ന്ന് ഒരാഴ്ചത്തേക്കുകൂടി കസ്റ്റഡിയില്‍ വാങ്ങി. തോപ്പുംപടി സിഐഎസ്എഫ് ഗസ്റ്റ്ഹൗസില്‍ കനത്ത പൊലീസ് ബന്തവസില്‍ പാര്‍പ്പിച്ചിരിക്കയാണിപ്പോള്‍ . എന്നാല്‍ പിന്നീട് ഇവരെ ചോദ്യം ചെയ്യുകയോ മറ്റ് അന്വേഷണങ്ങള്‍ നടത്തുകയോ ചെയ്തില്ല. ശനിയാഴ്ച തോക്ക് കണ്ടെടുക്കാനായി ഇവരെ കപ്പലില്‍ കൊണ്ടുപോയി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇരുവരെയും കൊണ്ടുപോയില്ല. ബോട്ടിനുനേരെ വെടിയുതിര്‍ത്തുവെന്ന് നാവികസേനാംഗങ്ങള്‍ നേരത്തെ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികളെയല്ല കടല്‍ക്കൊള്ളക്കാര്‍ക്കു നേരെയാണ് വെടിവച്ചതെന്നാണ് ഇവര്‍ പറയുന്നത്.

deshabhimani 260212

1 comment:

  1. ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്കാ ലെക്സിയിലെ സൈനികര്‍ മീന്‍പിടിത്ത ബോട്ടിനുനേരെ വെടിവച്ചത് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ (ഐഎംഒ) മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി. സായുധരായ കടല്‍കൊള്ളക്കാരുടെ ആക്രമണം ഉണ്ടായാലും എതിര്‍ത്ത് വെടിവയ്ക്കാന്‍ വ്യവസ്ഥയില്ല. ജീവനു ഭീഷണിയുണ്ടാകുന്ന അടിയന്തരഘട്ടത്തില്‍ മാത്രമേ സായുധ പ്രത്യാക്രമണം പാടുള്ളൂ എന്നാണ് ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദേശം.

    ReplyDelete