Sunday, February 26, 2012

വൈമാക്സ്: സിബിഐ കേസെടുത്തു

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയ 535 കോടി രൂപയുടെ വൈമാക്സ് അഴിമതിയില്‍ സിബിഐ കേസെടുത്തു. നാല് മുതിര്‍ന്ന ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ കേസിന്റെ ഭാഗമായി സിബിഐ തെരച്ചില്‍ നടത്തി. മുന്‍ ടെലികോം മന്ത്രി എ രാജയുമായി ബന്ധമുള്ള കമ്പനിയുടെ ഓഫീസിലും റെയ്ഡ് നടന്നു. വൈമാക്സ് കേസിലും രാജ പ്രതിയാകുമെന്നാണ് സൂചന.

മൊബൈലുകളിലും ലാപ്ടോപ്പുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്ന വയര്‍ലെസ് സംവിധാനമാണ് വൈമാക്സ് സര്‍വീസ്. വൈമാക്സ് സേവനവിതരണത്തിനായി ഫ്രാഞ്ചൈസികള്‍ തുറക്കുന്നതിന് സ്വകാര്യ കമ്പനികളെ ക്ഷണിക്കാന്‍ എ രാജ മന്ത്രിയായിരുന്ന കാലത്ത് ബിഎസ്എന്‍എല്‍ തീരുമാനിക്കുകയായിരുന്നു. സ്പെക്ട്രം വിതരണത്തിന് സമാനമായ വിധത്തിലാണ് വൈമാക്സിലും ഫ്രാഞ്ചൈസി വിതരണ അഴിമതി അരങ്ങേറിയത്. ടെന്‍ഡര്‍ പിടിക്കുന്നതിന് രാജ സ്വന്തക്കാരെക്കൊണ്ട് കമ്പനികള്‍ തട്ടിക്കൂട്ടിയെന്നാണ് ആക്ഷേപം.

2009ല്‍ സ്റ്റാര്‍നെറ്റ് കമ്യൂണിക്കേഷന്‍സ് എന്ന കമ്പനിക്ക് വൈമാക്സ് ഫ്രാഞ്ചൈസി അനുവദിച്ചതിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തി തെളിവുകളുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് കേസെടുത്തത്. ടെന്‍ഡര്‍ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് സ്റ്റാര്‍നെറ്റിന് ഫ്രാഞ്ചൈസി അനുവദിച്ചതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടുവര്‍ഷം നൂറുകോടിയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളെ മാത്രം ടെന്‍ഡറിന് പരിഗണിച്ചാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ , സ്റ്റാര്‍നെറ്റിന് ഈ യോഗ്യതയില്ലെന്ന് അന്വേഷണത്തില്‍ സിബിഐക്ക് ബോധ്യപ്പെട്ടു. കുറഞ്ഞ നിരക്കില്‍ സ്റ്റാര്‍നെറ്റിന് കരാര്‍ നല്‍കുക വഴി ബിഎസ്എന്‍എല്ലിന് 535.50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐയുടെ അനുമാനം.

സ്റ്റാര്‍നെറ്റിന് കരാര്‍ നല്‍കിയ ഘട്ടത്തില്‍ ബിഎസ്എന്‍എല്ലിന്റെ ചെയര്‍മാനും എംഡിയുമായിരുന്ന കുല്‍ദീപ് ഗോയല്‍ , ഡയറക്ടര്‍ (കണ്‍സ്യൂമര്‍ മൊബിലിറ്റി) ആര്‍ കെ അഗര്‍വാള്‍ , ജനറല്‍ മാനേജരായിരുന്ന പ്രദീപ് നാരങ്, ഡിജിഎം (സ്ട്രാറ്റജിക് പ്ലാനിങ്) അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ സ്റ്റാര്‍നെറ്റ്, വെല്‍കോം എന്നീ കമ്പനികളെയും സ്റ്റാര്‍നെറ്റിന്റെ ഡയറക്ടര്‍മാരായ രാജേഷ് ഭട്ട്, എസ് മനോഹരന്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ഒമ്പതുസംഘങ്ങള്‍ ഡല്‍ഹി, ഫരീദാബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശനിയാഴ്ച തെരച്ചില്‍ നടത്തി. മൂന്ന് സര്‍ക്കിളുകളിലെ ഫ്രാഞ്ചൈസി ചുമതലയാണ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ട് സ്റ്റാര്‍നെറ്റിന് നല്‍കിയത്. നിലവില്‍ രാജ കേസില്‍ പ്രതിയായിട്ടില്ലെങ്കിലും സിബിഐ തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് സൂചന. സ്റ്റാര്‍നെറ്റിന് രാജയുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

deshabhimani 260212

1 comment:

  1. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയ 535 കോടി രൂപയുടെ വൈമാക്സ് അഴിമതിയില്‍ സിബിഐ കേസെടുത്തു. നാല് മുതിര്‍ന്ന ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ കേസിന്റെ ഭാഗമായി സിബിഐ തെരച്ചില്‍ നടത്തി. മുന്‍ ടെലികോം മന്ത്രി എ രാജയുമായി ബന്ധമുള്ള കമ്പനിയുടെ ഓഫീസിലും റെയ്ഡ് നടന്നു. വൈമാക്സ് കേസിലും രാജ പ്രതിയാകുമെന്നാണ് സൂചന.

    ReplyDelete