Tuesday, February 28, 2012

ട്രാവന്‍കൂര്‍ സിമന്റ്സിന് പുതിയ പദ്ധതി: പ്രഖ്യാപനം വാസ്തവവിരുദ്ധം

ട്രാവന്‍കൂര്‍ സിമന്റ്സിന് ആക്കുളം കായലിന്റെ ആഴംകൂട്ടല്‍ പദ്ധതിയുടെ ഭാഗമായി 30കോടി രൂപ ലഭിക്കുമെന്ന വിധത്തില്‍ ചെയര്‍മാന്‍ നടത്തിയ മാധ്യമപ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് കേരള സിമന്റ്സ് ലേബര്‍ യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി അഡ്വ. കെ അനില്‍കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010 ഫെബ്രുവരി 16ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ആക്കുളം കായലിന്റെ ആഴംകൂട്ടല്‍ ജോലികള്‍ ട്രാവന്‍കൂര്‍ സിമന്റ്സിനെയും സംസ്ഥാന മാരിടൈം ഡെവലപ്മെന്റ് കോര്‍പറേഷനെയും ഏല്‍പ്പിച്ചത്. ഇരുകമ്പനികളുടെയും സംയുക്തജോലിയായതിനാല്‍ 15 കോടിരൂപയേ ട്രാവന്‍കൂര്‍ സിമന്റ്സിന് ലഭിക്കൂ. ഇതില്‍ കായലിന്റെ ആഴം കൂട്ടല്‍ ജോലിക്കനുവദിച്ച 17 കോടിയുടെ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുന്ന ലാഭവിഹിതമായ അഞ്ച് കോടിയിലും പകുതിമാത്രമേ കമ്പനിക്ക് ലഭിക്കൂ.

പ്രവൃത്തികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ പലിശയിനത്തില്‍ 75ലക്ഷം രൂപ ഇപ്പോള്‍ തന്നെ കമ്പനിയുടെ വിഹിതമായി ലഭിച്ചു. ആക്കുളം കായലിന് സംരംക്ഷണഭിത്തി കെട്ടുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 13കോടി രൂപയുടെ പ്രവൃത്തികള്‍ ഉള്‍നാടന്‍ ജലഗതാഗതവകുപ്പിനെ ഏല്‍പ്പിച്ചിരുന്നു. അവര്‍ ജോലി പൂര്‍ത്തീകരിക്കാതെ വന്നപ്പോള്‍ ഈ പ്രവൃത്തിയും ഇരു പൊതുമേഖലാസ്ഥാപനങ്ങളെയും ഏല്‍പ്പിച്ചു. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ 2011 ജൂലൈ 13ന് ചേര്‍ന്ന ഉന്നതതലസമിതിയോഗം തീരുമാനിച്ചതാണ്. ഈ കാലയളവില്‍ കമ്പനിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ ചുമതലയേറ്റിട്ടില്ല. ട്രാവന്‍കൂര്‍ സിമന്റ്സിന് യുഡിഎഫ് സര്‍ക്കാര്‍ പുതുതായി തുക അനുവദിക്കുന്നു എന്ന നിലയില്‍ പ്രചാരണങ്ങള്‍ വരുന്നത് വസ്തുതാവിരുദ്ധമാണ്. വടുതല കായലില്‍ കക്ക ഡ്രഡ്ജിങ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ സിമന്റ് ഉല്‍പ്പാദനം നടക്കുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇതുവരെ ഡ്രഡ്ജിങ് നടന്നിട്ടില്ല. ഉടന്‍ സിമന്റ് ഉല്‍പ്പാദനം പുനരാരംഭിക്കുകയാണ് വേണ്ടതെന്നും കേരള സിമന്റ്സ് ലേബര്‍ യൂണിയന്‍ വ്യക്തമാക്കി.

deshabhimani 280212

1 comment:

  1. ട്രാവന്‍കൂര്‍ സിമന്റ്സിന് ആക്കുളം കായലിന്റെ ആഴംകൂട്ടല്‍ പദ്ധതിയുടെ ഭാഗമായി 30കോടി രൂപ ലഭിക്കുമെന്ന വിധത്തില്‍ ചെയര്‍മാന്‍ നടത്തിയ മാധ്യമപ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് കേരള സിമന്റ്സ് ലേബര്‍ യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി അഡ്വ. കെ അനില്‍കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010 ഫെബ്രുവരി 16ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ആക്കുളം കായലിന്റെ ആഴംകൂട്ടല്‍ ജോലികള്‍ ട്രാവന്‍കൂര്‍ സിമന്റ്സിനെയും സംസ്ഥാന മാരിടൈം ഡെവലപ്മെന്റ് കോര്‍പറേഷനെയും ഏല്‍പ്പിച്ചത്. ഇരുകമ്പനികളുടെയും സംയുക്തജോലിയായതിനാല്‍ 15 കോടിരൂപയേ ട്രാവന്‍കൂര്‍ സിമന്റ്സിന് ലഭിക്കൂ. ഇതില്‍ കായലിന്റെ ആഴം കൂട്ടല്‍ ജോലിക്കനുവദിച്ച 17 കോടിയുടെ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുന്ന ലാഭവിഹിതമായ അഞ്ച് കോടിയിലും പകുതിമാത്രമേ കമ്പനിക്ക് ലഭിക്കൂ.

    ReplyDelete