Sunday, February 26, 2012

വിമാനകമ്പനിയെ സഹായിക്കുന്നവര്‍ കര്‍ഷക ആത്മഹത്യ കാണാത്തതെന്ത്: നീലോല്‍പ്പല്‍ബസു


കുത്തക വിമാനക്കമ്പനിയായ കിങ് ഫിഷറിനെ രക്ഷിക്കാന്‍ കോടികള്‍ നല്‍കുന്ന മന്‍മോഹന്‍ സിങ് കടക്കെണിയില്‍പെട്ട് ആത്മഹ്യത്യചെയ്യുന്ന കേരളത്തിലെ കര്‍ഷകരെ എന്തുകൊണ്ട് സഹായിക്കുന്നില്ലെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പ്പല്‍ബസു എംപി ചോദിച്ചു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ അനുബന്ധമായി കക്കോടിയില്‍ "ടുണീഷ്യ മുതല്‍ വാള്‍സ്ട്രീറ്റ് വരെ" വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുത്തക മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിജയ്മല്യയെ സഹായിക്കാനുള്ള പുറപ്പാട്. അദ്ദേഹത്തിന്റെ മദ്യം അടക്കമുള്ള അനേകം വ്യവസായങ്ങളില്‍ ഒന്നായ കിങ്ഫിഷര്‍ വിമാന കമ്പനി നടത്തിക്കൊണ്ടുപോകാനാകില്ലെന്നു പറഞ്ഞപ്പോള്‍ ഉടന്‍ മല്യയെ സഹായിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രം. എന്നാല്‍ കടക്കെണിയില്‍ പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്താല്‍ അത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ ബാധിക്കുന്നേയില്ല. കോടിക്കണക്കിന് ദരിദ്രരുള്ള രാജ്യത്താണ് നാമമാത്ര കുത്തക മുതലാളിമാരെ വഴിവിട്ട് സഹായിക്കുന്നത്. 2004 വരെ ശത കോടീശ്വരന്മാര്‍ രാജ്യത്ത് ഒമ്പതായിരുന്നെങ്കില്‍ ഇന്ന് 59 ആയി. മുകേഷ് അമ്പാനിക്ക് മിനുട്ടില്‍ 50 ലക്ഷമാണ് ലാഭം. ഒരു വര്‍ഷത്തെ വരുമാനം ഊഹിക്കാവുന്നതിലും അപ്പുറത്താണ്. 83 കോടി ജനങ്ങള്‍ ദിവസം 20 രൂപയില്‍ താഴെ വരുമാനമുള്ളവരായി ജീവിക്കുന്നതും ഈ രാജ്യത്ത് തന്നെ.

ലോകത്ത് മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ധന മൂലധന മാഫിയകള്‍ക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ സോഷ്യലിസത്തിന്റെ് ഭാവിയാണ് തെളിയിക്കുന്നത്. മുതലാളിത്തം ധനമൂലധന മാഫിയാ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന 1970കള്‍ മുതല്‍ അതിന്റെ തകര്‍ച്ച തുടങ്ങിയതാണ്. എന്നാല്‍ എല്ലാ മേഖലയിലും വിജയം നേടിയ സോവിയറ്റ് യൂണിയനെയും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളെയും തകര്‍ക്കാന്‍ മുതലാളിത്തം ശ്രമം നടത്തി. അവര്‍ക്ക് താല്‍ക്കാലികമായി വിജയിക്കാനായി. ചേരിചേരാ രാജ്യങ്ങളില്‍ പോലും മുതലാളിത്തം ഇടപെട്ടു. സോഷ്യലിസത്തിനേറ്റ തിരിച്ചടി താല്‍ക്കാലികമായിരുന്നുവെന്ന് ലോകത്ത് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ തെളിയിക്കുകയാണെന്നും നീലോല്‍പ്പല്‍ബസു പറഞ്ഞു. സെമിനാറില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ചന്ദ്രന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി മാമ്പറ്റ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

deshabhimani 260212

1 comment:

  1. കുത്തക വിമാനക്കമ്പനിയായ കിങ് ഫിഷറിനെ രക്ഷിക്കാന്‍ കോടികള്‍ നല്‍കുന്ന മന്‍മോഹന്‍ സിങ് കടക്കെണിയില്‍പെട്ട് ആത്മഹ്യത്യചെയ്യുന്ന കേരളത്തിലെ കര്‍ഷകരെ എന്തുകൊണ്ട് സഹായിക്കുന്നില്ലെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പ്പല്‍ബസു എംപി ചോദിച്ചു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ അനുബന്ധമായി കക്കോടിയില്‍ "ടുണീഷ്യ മുതല്‍ വാള്‍സ്ട്രീറ്റ് വരെ" വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete