Sunday, February 26, 2012

തേനാങ്കിളിക്കറിയാം പിറവത്തിന്റെ സ്വന്തം ചാക്കോച്ചനെ


"എന്തേലും ആവശ്യമുണ്ടേല്‍ ഓടിച്ചെല്ലാന്‍ നമ്മടെ മുട്ടപ്പിള്ളിലെ ചാക്കോച്ചനല്ലേ ഉള്ളു. ബാക്കിയുള്ളവരൊക്കെ വന്നു ചിരിച്ചുകാണിച്ചിട്ടു പോകും. നമ്മളൊരാവശ്യം പറഞ്ഞുചെന്നാല്‍ ന്യായമാണേല്‍ നടത്തിത്തരണം. ചാക്കോച്ചന്‍ അങ്ങനാ. പാര്‍ടി നോക്കിയല്ല ഞങ്ങക്കൊക്കെ വീടുണ്ടാക്കിത്തന്നത്. അങ്ങനെയുള്ള ചാക്കോച്ചന്‍ എലക്ഷനുനിന്നാ പിന്നെ വേറെയാര്‍ക്കാ ഓട്ടു ചെയ്യേണ്ടത്?- ഒലിയപ്പുറത്തെ വീടിനുമുന്നില്‍നിന്ന് തേനാങ്കിളി ചോദിക്കുന്നു.

തേനാങ്കിളിക്കും അയല്‍പക്കത്തെ തങ്കമ്മയ്ക്കും തങ്കയ്ക്കും എന്നുതുടങ്ങി തിരുമാറാടി, ഒലിയപ്പുറം പ്രദേശത്തുള്ളവര്‍ക്കെല്ലാം പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് മുട്ടപ്പിള്ളിലെ ചാക്കോച്ചനാണ്. എം ജെ ജേക്കബ് ആദ്യവട്ടം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് തേനാങ്കിളിയുള്‍പ്പെടെ പത്തു കുടുംബങ്ങള്‍ക്ക് വീടിനു ഫണ്ട്നല്‍കിയത്. കേരളത്തില്‍ത്തന്നെ ആദ്യസംഭവമായിരുന്നു പഞ്ചായത്ത്തലത്തില്‍ ഭവനനിര്‍മാണപദ്ധതി. എം ജെ ജേക്കബ് എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഇച്ഛാശക്തിയായിരുന്നു നിര്‍ധനര്‍ക്ക് തലചായ്ക്കാനിടം സമ്മാനിച്ച ഈ പാര്‍പ്പിടപദ്ധതി. ജനമനസ്സറിഞ്ഞ പ്രസിഡന്റിന് നാട്ടുകാര്‍ നല്‍കിയ രണ്ടാമൂഴവും എം ജെ പാഴാക്കിയില്ല. ഇക്കുറി പഞ്ചായത്തിലെ ഓലമേഞ്ഞ വീടുകള്‍ പൂര്‍ണമായി മാറ്റുകയായിരുന്നു ലക്ഷ്യം. പ്രസിഡന്റ് മുന്നോട്ടുവച്ച ആശയത്തിനു പിന്നില്‍ ഐക്യദാര്‍ഢ്യവുമായി നാട്ടുകാരും എം ജെയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന രാഷ്ട്രീയ എതിരാളികളും അണിനിരന്നതോടെ വികസനവഴിയില്‍ തിരുമാറാടി പുതിയൊരധ്യായം എഴുതിച്ചേര്‍ത്തു. അങ്ങനെ തീര്‍ത്തും നിര്‍ധനരായ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇടവപ്പാതിയും തുലാവര്‍ഷവുമേല്‍ക്കാതെ, മകരമഞ്ഞില്‍ അശരണരാകാതെ കിടന്നുറങ്ങാമെന്ന നിലവന്നു.

എം ജെ പ്രസിഡന്റായിരിക്കേ വീടുലഭിച്ച ഒലിയപ്പുറം ജങ്ഷനു സമീപത്തെ മോഹനനെപ്പോലുള്ളവര്‍ക്ക് പക്ഷേ, മഴക്കാലത്ത് വീട്ടിലെത്താന്‍ ചളിക്കുളമായ റോഡ് താണ്ടണമായിരുന്നു. എം ജെ എംഎല്‍എ ആയതോടെ ആ പ്രശ്നത്തിന് ശാശ്വത പരിഹാരംകണ്ടു. മണ്‍റോഡ് പൂര്‍ണമായും കോണ്‍ക്രീറ്റ്ചെയ്തു. എം ജെയുടെ സുമനസ്സുകൊണ്ട് അനുവദിച്ചുകിട്ടിയ വീട് പുതുക്കിപ്പണിയാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് മോഹനന്റെ ഭാര്യ കുമാരി സമ്മതിക്കുന്നു. അതെന്തായാലും അത്തരമൊരു പദ്ധതിയുമായി പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ എം ജെ മുന്നോട്ടുവന്നതിനെക്കുറിച്ച് എല്ലാവര്‍ക്കുമുണ്ട് ബോധ്യം; കാരണം മുട്ടപ്പിള്ളില്‍ ചാക്കോച്ചന് പാവപ്പെട്ടവന്റെ പ്രശ്നങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ കഴിയില്ലെന്നത് എതിരാളികള്‍ക്കുപോലും അറിവുള്ളതാണല്ലോ.

deshabhimani 250212

1 comment:

  1. "എന്തേലും ആവശ്യമുണ്ടേല്‍ ഓടിച്ചെല്ലാന്‍ നമ്മടെ മുട്ടപ്പിള്ളിലെ ചാക്കോച്ചനല്ലേ ഉള്ളു. ബാക്കിയുള്ളവരൊക്കെ വന്നു ചിരിച്ചുകാണിച്ചിട്ടു പോകും. നമ്മളൊരാവശ്യം പറഞ്ഞുചെന്നാല്‍ ന്യായമാണേല്‍ നടത്തിത്തരണം. ചാക്കോച്ചന്‍ അങ്ങനാ. പാര്‍ടി നോക്കിയല്ല ഞങ്ങക്കൊക്കെ വീടുണ്ടാക്കിത്തന്നത്. അങ്ങനെയുള്ള ചാക്കോച്ചന്‍ എലക്ഷനുനിന്നാ പിന്നെ വേറെയാര്‍ക്കാ ഓട്ടു ചെയ്യേണ്ടത്?- ഒലിയപ്പുറത്തെ വീടിനുമുന്നില്‍നിന്ന് തേനാങ്കിളി ചോദിക്കുന്നു.

    ReplyDelete