Wednesday, February 29, 2012

മൂലമറ്റത്ത് അപകടം ആവര്‍ത്തിക്കുന്നു

അധികൃതരുടെ അലംഭാവവും ഭരണാനുകൂല സംഘടനകളുടെ അമിത ഇടപെടലുംകാരണം മൂലമറ്റം പവര്‍ഹൗസില്‍ അപകടവും പ്രതിസന്ധിയും രൂക്ഷമാകുന്നു. ഞായറാഴ്ച വൈകിട്ട് പവര്‍ഹൗസിലെ ഒന്നാംനമ്പര്‍ ജനറേറ്ററിന്റെ ഓക്സിലറി സപ്ലെയിലെ തീപിടിത്തം മൂലം ഒന്നും രണ്ടും ജനറേറ്ററുകള്‍ നിലച്ചത് സംസ്ഥാനത്ത് വൈദ്യൂതി പ്രതിസന്ധി രൂക്ഷമാക്കും. ഒന്നാംനമ്പര്‍ ജനറേറ്ററിന്റെ ഔട്ട്പുട്ട് ഇന്‍സുലേഷന്‍ തകരാര്‍ മൂലമാണ് തീ പിടിത്തം ഉണ്ടായതെന്നാണ് സൂചന. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ജനറേറ്ററുകള്‍ മതിയായ അറ്റകുറ്റപ്പണിയില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. ഞായറാഴ്ച തീപിടിത്തം ഉണ്ടായ ഉടനെ പ്രധാന ജീവനക്കാര്‍ ഭയചികിതരായി മാറിനില്‍ക്കുകയായിരുന്നു. അപകടം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ രണ്ടാംനമ്പര്‍ ജനറേറ്റര്‍ ഓഫാക്കാന്‍ പവര്‍ഹൗസിനകത്തുള്ള ജീവനക്കാര്‍ തയ്യാറായില്ലെന്നും അറിയുന്നു. പുറത്തുള്ള ജീവനക്കാരാണ് എമര്‍ജന്‍സി പ്രവര്‍ത്തിപ്പിച്ച് ജനറേറ്റര്‍ നിര്‍ത്തിയത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

പവര്‍ഹൗസില്‍ പരിചയസമ്പന്നരായ ജീവനക്കാരും കുറവാണ്്. ഭരണകക്ഷി യൂണിയനില്‍പ്പെട്ട പരിചയസമ്പന്നര്‍ സ്വാധീനമുപയോഗിച്ച് ഈ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകും. പകരം പുതുതായി ജോലിയില്‍ കയറുന്നവരെ നിര്‍ബന്ധിച്ച് ഇവിടെ ഡ്യൂട്ടിക്കിടുകയാണ്. ഇതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ വേണ്ട മെയിന്റനന്‍സ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. 1976ല്‍ ഒന്നാംഘട്ടത്തില്‍ 1, 2 , 3 ജനറേറ്ററുകള്‍ കമീഷന്‍ ചെയ്തു. 1986ല്‍ 4, 5 ,6 ജനറേറ്ററുകളും കമീഷന്‍ ചെയ്തു. 25 വര്‍ഷത്തെ കാലാവധിയാണ് പറഞ്ഞിരുന്നത്. കാലാവധി കഴിഞ്ഞതിനാല്‍ പല അനുബന്ധ ഉപകരണങ്ങളും ശേഷി നഷ്ടപ്പെട്ടതുമാണ്. ഇവ മാറ്റാതെ അറ്റകുറ്റപ്പണിനടത്തി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ജൂണ്‍ 20ന് അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ പാനല്‍ബോര്‍ഡ് പൊട്ടിത്തെറിച്ച് അസി. എന്‍ജിനിയറും സബ് എന്‍ജിനിയറും മരിച്ചതിനെക്കുറിച്ച് ദുരൂഹതകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണവും ഉന്നത ഇടപെടലുകളില്‍ അട്ടിമറിക്കപ്പെട്ടു. ഇതിനുശേഷം അസി. എന്‍ജിനിയര്‍ പവര്‍ഹൗസ് തുരങ്കത്തിലൂടെ അമിതവേഗത്തില്‍ ജീപ്പോടിച്ച് കൂറ്റന്‍ ഷട്ടര്‍ തകര്‍ത്ത സംഭവമുണ്ടായി. ജനറേറ്ററിന് സമീപം വരെയെത്തയ ജീപ്പ് വീപ്പക്കുറ്റികളില്‍ തട്ടിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇതുസംബന്ധിച്ചും ഒരു നടപടിയുമുണ്ടായില്ല.

deshabhimani 280212

No comments:

Post a Comment