Monday, February 27, 2012

പണമുണ്ടോ? വണ്ടാനത്ത് സുഖചികിത്സ ഓകെ

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന സമ്പന്നര്‍ക്ക് സുഖചികിത്സയും വിഐപി പരിഗണനയും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്ന ഒരുവിഭാഗം സമ്പന്നര്‍ക്കായി ചില ഡോക്ടര്‍മാരാണ് സുഖചികിത്സ ഒരുക്കുന്നത്. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും അതിന് പുല്ലുവില കല്‍പ്പിച്ച് ഇപ്പോഴും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ശസ്ത്രക്രിയാ വിഭാഗത്തിലെ ഒരുവിഭാഗം ഡോക്ടര്‍മാരാണ് രോഗികളില്‍നിന്ന് അന്യായമായി പണം കൈപ്പറ്റി ചികിത്സയില്‍ വേര്‍തിരിവ് കാട്ടുന്നത്.
വിവിധ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ ശസ്ത്രക്രിയയ്ക്കുമുമ്പും ശേഷവും ആശുപത്രിയിലെ ഒമ്പത്, 10 വാര്‍ഡുകളിലെത്തി ചികിത്സ നല്‍കാറ്. ഇതില്‍ ഒമ്പതാംവാര്‍ഡ് സ്ത്രീകള്‍ക്കും 10-ാം വാര്‍ഡ് പുരുഷന്മാര്‍ക്കുമാണ് നീക്കിവച്ചിട്ടുള്ളത്. എന്നാല്‍ സര്‍ജറി വിഭാഗത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആലപ്പുഴ, കായംകുളം സ്വദേശികളായ മൂന്ന് ഡോക്ടര്‍മാരെ പ്രത്യേകമായി കാണുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും നല്‍കുന്ന വാര്‍ഡുകള്‍ 11ഉം 12ഉം ആണ്. ആശുപത്രിയിലെ ജെ ബ്ലോക്കില്‍ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന 11, 12 വാര്‍ഡുകളില്‍ പ്രത്യേകം മുറികളായി തിരിച്ചിട്ടുണ്ട്. 25ലധികം മുറികളുള്ള ഓരോ വാര്‍ഡിലെയും മുറികളില്‍ രോഗികളുടെയും ഒപ്പമുള്ളവരുടെയും സ്വകാര്യത നഷ്ടപ്പെടാത്തവിധം മൂന്നുവീതം രോഗികളെ പ്രവേശിപ്പിക്കാനാകും.

വിവിധ അപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍ക്കും ഹെര്‍ണ്യ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ക്കും ക്യാന്‍സര്‍ സംബന്ധമായ മുഴകള്‍ നീക്കം ചെയ്യുന്നതിനുള്‍പ്പെടെ ചികിത്സയ്ക്കെത്തുന്ന രോഗികളെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ഡോക്ടര്‍മാര്‍ പ്രത്യേകം വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. അപകടങ്ങളില്‍പ്പെട്ടോ ശസ്ത്രക്രിയ സംബന്ധിയായ അസുഖങ്ങളില്‍പ്പെട്ടോ ആശുപത്രി ഒപിയിലെത്തുന്ന രോഗികള്‍ക്ക് ഈ ഡോക്ടര്‍മാര്‍ മതിയായ പരിഗണന ബോധപൂര്‍വം നല്‍കാറില്ല. തുടര്‍ന്ന് ഇവരുടെ വീടുകളിലെത്തി കാണുന്ന രോഗികളില്‍നിന്നോ ഒപ്പമുള്ളവരില്‍നിന്നോ പണം വാങ്ങിയശേഷം രോഗികളെ 11, 12 വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. പിന്നീട് ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ ഒരാഴ്ചമുമ്പ് പ്രവേശിപ്പിച്ച് വിവിധ ടെസ്റ്റുകള്‍ക്ക് വിധേയരാക്കും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന നിശ്ചിത തുക ഈ സമയം ഈടാക്കിയശേഷം ശസ്ത്രക്രിയാ ദിവസത്തിനു തലേന്ന് അടുത്ത ഗഡു തുക ഡോക്ടറുടെ വീട്ടില്‍ എത്തിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. പിന്നീട് ശസ്ത്രക്രിയക്കുശേഷം ഡിസ്ചാര്‍ജാകുന്നതിന് മുമ്പും ഡോക്ടറെ വീട്ടിലെത്തി പ്രത്യേകമായി കാണണമെന്നും നിര്‍ദേശിക്കും. ഇങ്ങനെ മൂന്നുഘട്ടങ്ങളിലായി സ്വകാര്യ പ്രാക്ടീസിനെത്തുന്നവരില്‍നിന്ന് അസുഖത്തിന്റെ കാഠിന്യവും ശസ്ത്രക്രിയയുടെ തോതുമനുസരിച്ച് 5000 മുതല്‍ 10,000 രൂപവരെയാണ് ഈടാക്കുന്നത്. ഇങ്ങനെ നല്‍കുന്ന രോഗികള്‍ക്ക് മൂന്നാഴ്ചമുതല്‍ ഒരുമാസംവരെയാണ് സുഖചികിത്സയും വിഐപി പരിഗണനയും ലഭ്യമാക്കുന്നത്. ന്യൂറോ സര്‍ജറിയടക്കമുള്ള വിഭാഗങ്ങളില്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമ്പോഴാണ് ആശുപത്രിയെ തകര്‍ക്കുന്ന ഇത്തരം നടപടി.

deshabhimani 270212

No comments:

Post a Comment