Monday, February 27, 2012

കേന്ദ്രമന്ത്രി ലക്ഷ്യംവച്ചത് എല്‍ ഡി എഫിനെ കൊള്ളുന്നത് യു ഡി എഫിന്

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ കേന്ദ്രം അനുവദിച്ച നൂറ് കോടി രൂപ ചെലവഴിച്ചില്ലെന്ന കേന്ദ്ര മന്ത്രി കെ വി തോമസിന്റെ പ്രസ്താവന യു ഡി എഫ് സര്‍ക്കാറിന് എതിരായ കൂറ്റാരോപണമായി. കാരണക്കാര്‍ പുതിയ സര്‍ക്കാറാണെന്ന് അറിയാതെ മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിനെയാണ് മന്ത്രി ലക്ഷ്യമാക്കിയത്. ഞായറാഴ്ച വയനാട്ടില്‍ എത്തിയ കേന്ദ്ര മന്ത്രി വാര്‍ത്താലേഖകരോടാണ് ഇക്കാര്യം അറിയിച്ചത്.

വയനാട്ടിലെ പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വൈവിധ്യമുള്ളതും തൊഴിലധിഷ്ഠിതവുമായ കോഴ്‌സുകള്‍ ആരംഭിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നൂറ് കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. കേന്ദ്ര സെക്രട്ടേറിയറ്റില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ ഐ എ എസ് ഓഫീസര്‍ ഡോ ബി അശോക് ഇതിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിനും യു ജി സി അടക്കമുള്ള ഏജന്‍സികള്‍ക്കും സമര്‍പ്പിച്ചിരുന്നു. ഭാവനാശാലിയായ ഓഫീസര്‍ എന്ന നിലയിലാണ് 2010 ഓഗസ്റ്റ് രണ്ടിന് ഉദ്ഘാടനം ചെയ്ത പുതിയ സര്‍വകലാശാലയുടെ സാരഥിയായി ഡോ അശോകിനെ എല്‍ ഡി എഫ് സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് കണ്ടെത്തിയത്. മൃഗസംരക്ഷണ മേഖലയില്‍ നിലവില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള തുടര്‍പഠനം, തൊഴില്‍ സാധ്യത ഏറെയുള്ളതും കേരളത്തില്‍ പരിചിതമല്ലാത്തതുമായ മൃഗസംരക്ഷണ മേഖലയിലെ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയെല്ലാം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തിന് വേണ്ടി പുതിയ കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ ജോലികളും തുടങ്ങിയിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ച് മാസങ്ങള്‍ക്കകം  ഡോ അശോകിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. ഇതോടെ പുതിയ സര്‍വകലാശാലയില്‍ ആവിഷ്‌ക്കരിച്ച കോഴ്‌സുകളും വികസന പ്രവൃത്തികളുമെല്ലാം ഏറെക്കുറെ നിലച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിപദമടക്കം നിരവധി ചുമതലകള്‍ നിര്‍വഹിക്കുന്ന മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ഡോ കെ ജയകുമാറിനാണ് വൈസ് ചാന്‍സലറുടെ ചുമതല നല്‍കിയത്. കൃത്യാന്തര ബാഹുല്യത്താല്‍ അദ്ദേഹത്തിന് സര്‍വകലാശാല ആസ്ഥാനത്ത് ഒരിക്കല്‍ പോലും എത്താന്‍ കഴിഞ്ഞില്ല. ഡോ അശോകിനെ വി സി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ട് സംസ്ഥാനമാകെ പ്രവര്‍ത്തന പരിധിയുള്ള സര്‍വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റാനാണ് അണിയറ ശ്രമമെന്ന് സംശയിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണം ചെലഴിച്ചില്ലെന്ന കേന്ദ്ര മന്ത്രിയുടെ കുറ്റപ്പെടുക്കല്‍ ഈ സംശയം ബലപ്പെടുത്തുന്നതാണ്. തുടക്കം മുതല്‍ ഇത്തരമൊരു നീക്കം നടന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം പൂക്കോട് തന്നെയാവുമെന്ന് ഉറപ്പിക്കാനായത്. തുടക്കത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ഓഫീസ് ഭരണപരമായ സൗകര്യങ്ങള്‍ കൂടി പരിഗണിച്ച് തിരുവനന്തപുരത്ത് താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചതാണ്. അത് ഇനിയും പൂക്കോട്ടേക്ക് എത്തിയില്ല. ഈ ഓഫീസ് തിരുവനന്തപുരത്ത് തന്നെ നിലനിര്‍ത്താന്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ചരടുവലികള്‍ വീണ്ടും സജീവമായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെ വൈസ് ചാന്‍സലറെ മാറ്റിയതാണ് കേന്ദ്ര ഫണ്ട് ചെലവഴിക്കാത്തതിന്റെ പ്രധാനകാരണമെന്ന് ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പണം ചെലവഴിക്കാത്തതിന്റെ ഉത്തരവാദിത്തം മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ മേല്‍ ആരോപിക്കാനാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞതെങ്കിലും അത് കൊണ്ടത് യു ഡി എഫ് സര്‍ക്കാറിനാണ്

വി ജി വിജയന്‍ janayugom 280212

1 comment:

  1. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ കേന്ദ്രം അനുവദിച്ച നൂറ് കോടി രൂപ ചെലവഴിച്ചില്ലെന്ന കേന്ദ്ര മന്ത്രി കെ വി തോമസിന്റെ പ്രസ്താവന യു ഡി എഫ് സര്‍ക്കാറിന് എതിരായ കൂറ്റാരോപണമായി. കാരണക്കാര്‍ പുതിയ സര്‍ക്കാറാണെന്ന് അറിയാതെ മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിനെയാണ് മന്ത്രി ലക്ഷ്യമാക്കിയത്. ഞായറാഴ്ച വയനാട്ടില്‍ എത്തിയ കേന്ദ്ര മന്ത്രി വാര്‍ത്താലേഖകരോടാണ് ഇക്കാര്യം അറിയിച്ചത്.

    ReplyDelete