Monday, February 27, 2012

നേഴ്സിങ്: വായ്പയെടുത്ത് പഠിച്ചവര്‍ കടക്കെണിയില്‍

കൃത്യമായ നിയമനിര്‍മാണം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ നേഴ്സിങ് മേഖലയില്‍ കൂട്ട ആത്മഹത്യക്കു സാധ്യതയുള്ളതായി നേഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. എസ് ബലരാമന്‍ പറഞ്ഞു. ഭീമമായ തുക വായ്പയെടുത്താണ് പലരും നേഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്. ഇതു തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ പലരും കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുകയാണ്. ജീവനക്കാരുടെ പിഎഫ്, ഇഎസ്ഐ എന്നിവ മിക്ക ആശുപത്രികളും അടയ്ക്കാറില്ല. ശമ്പളത്തില്‍നിന്ന് ഇവ കൃത്യമായി പിടിക്കുന്നതിനു തെളിവ് ലഭിച്ചിട്ടുണ്ടെന്നും എസ് ബലരാമന്‍ പറഞ്ഞു. കമ്മിറ്റി മെയ് ഒന്നിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേഴ്സുമാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡയറക്ടറേറ്റ് സ്ഥാപിക്കണമെന്ന് ശുപാര്‍ശചെയ്യും. അഞ്ച് ജില്ലകളില്‍ ഇതിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന ജില്ലകളിലും അടുത്തമാസത്തോടെ തെളിവെടുപ്പ് നടക്കുമെന്ന് ഡോ. എസ് ബലരാമന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കമ്മിറ്റി സിറ്റിങ് നടത്തിയത്. മറ്റ് ജില്ലകളിലെ സിറ്റിങ് മാര്‍ച്ചിനകം പൂര്‍ത്തിയാക്കും. സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ നേരിടുന്ന കടുത്ത ചൂഷണം സംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ആശുപത്രികളില്‍ ഒരേപോലെ ചൂഷണം നടക്കുന്നു. നേഴ്സുമാര്‍ക്ക് മിനിമം വേതനംപോലും ലഭിക്കുന്നില്ലെന്ന പരാതിയാണ് സിറ്റിങ്ങില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. നിയമനത്തിന് വന്‍തുക ബോണ്ട് വാങ്ങുന്നതായും കണ്ടെത്തി. ജോലി ഉപേക്ഷിക്കുമ്പോള്‍ ഈ തുക തിരിച്ചുനല്‍കാതെ പീഡിപ്പിക്കുന്നു. വന്‍ തുക ശമ്പളം നല്‍കുന്നതായി ആശുപത്രി രേഖയിലുള്ളപ്പോള്‍ തുഛമായ തുകയാണ് നേഴ്സുമാര്‍ക്ക് ലഭിക്കുന്നത്. പലയിടത്തും 15 മണിക്കൂറിന് മുകളില്‍ തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്നതായും അര്‍ഹമായ അവധി അനുവദിക്കാതിരിക്കുന്നതായും പരാതിയുണ്ടെന്ന് ബലരാമന്‍ പറഞ്ഞു.

പരാതികള്‍ സംബന്ധിച്ച് ആവശ്യമായ തെളിവുകളും കമീഷന്‍ ശേഖരിച്ചു. പലയിടത്തും ശമ്പള സ്ലിപ്പ് തുണ്ടുകടലാസില്‍ എഴുതിയാണ് നല്‍കുന്നത്. ഇതില്‍ ആശുപത്രിയുടെ പേരോ വിലാസമോ രേഖപ്പെടുത്തുന്നില്ല. പരിശീലന സര്‍ട്ടിഫിക്കറ്റ് നല്‍കാതെയും മാനേജ്മെന്റുകള്‍ നേഴ്സുമാരെ പീഡിപ്പിക്കുന്നു. നിയമവിരുദ്ധമായി മുദ്രക്കടലാസില്‍ വ്യവസ്ഥ എഴുതിവാങ്ങിയശേഷമാണ് പലയിടത്തും നിയമനം. നേഴ്സിങ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രസന്നകുമാരിയാണ് കമ്മിറ്റി കണ്‍വീനര്‍ . തൃശൂര്‍ നേഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വത്സല ജോസഫ്, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് നേഴ്സിങ് സര്‍വീസ് ഡോ. പി ദേവകി, കേരള നേഴ്സസ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രാര്‍ എന്നിവര്‍ക്കു പുറമെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ , ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത്സയന്‍സ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് കമ്മിറ്റിയിലുള്ളത്.
(സി പ്രജോഷ്കുമാര്‍)

deshabhimani 270212

1 comment:

  1. കൃത്യമായ നിയമനിര്‍മാണം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ നേഴ്സിങ് മേഖലയില്‍ കൂട്ട ആത്മഹത്യക്കു സാധ്യതയുള്ളതായി നേഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. എസ് ബലരാമന്‍ പറഞ്ഞു. ഭീമമായ തുക വായ്പയെടുത്താണ് പലരും നേഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്. ഇതു തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ പലരും കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുകയാണ്. ജീവനക്കാരുടെ പിഎഫ്, ഇഎസ്ഐ എന്നിവ മിക്ക ആശുപത്രികളും അടയ്ക്കാറില്ല. ശമ്പളത്തില്‍നിന്ന് ഇവ കൃത്യമായി പിടിക്കുന്നതിനു തെളിവ് ലഭിച്ചിട്ടുണ്ടെന്നും എസ് ബലരാമന്‍ പറഞ്ഞു. കമ്മിറ്റി മെയ് ഒന്നിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേഴ്സുമാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡയറക്ടറേറ്റ് സ്ഥാപിക്കണമെന്ന് ശുപാര്‍ശചെയ്യും. അഞ്ച് ജില്ലകളില്‍ ഇതിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന ജില്ലകളിലും അടുത്തമാസത്തോടെ തെളിവെടുപ്പ് നടക്കുമെന്ന് ഡോ. എസ് ബലരാമന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

    ReplyDelete