Saturday, February 25, 2012

പരീക്ഷയെഴുതി മടങ്ങുന്ന വിദ്യാര്‍ഥികളെ എംഎസ്എഫ്- ലീഗ് സംഘം മര്‍ദിച്ചു

ഇരിട്ടി: പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ എംഎസ്എഫ്- ലീഗ് സംഘം മര്‍ദിച്ചു. പരിക്കേറ്റ ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ജിസ് ജെയിംസ്, കെ വി അമല്‍ എന്നിവരെ പി ടി ചാക്കോ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയ പോസ്റ്റാഫീസ് പരിസരത്ത് കാത്തുനിന്ന അക്രമികള്‍ ഇരുവരെയും വളഞ്ഞിട്ട് തല്ലി. കടകളില്‍നിന്ന് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ഇടപെട്ടതോടെ അക്രമികള്‍ പയഞ്ചേരിമുക്ക് ഭാഗത്തേക്ക് ഓടി. സ്ഥലത്തെത്തിയ പൊലീസ് ജനങ്ങള്‍ക്ക് നേരെ തിരിഞ്ഞു. സിപിഐ എം നേതാക്കള്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കി. സിഐ വി വി മനോജ്, എസ്ഐ കെ ജെ ബിനോയി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ജനങ്ങളെ പിന്തിരിപ്പിച്ചു. കഴിഞ്ഞ ദിവസം ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം എംഎസ്എഫ്- ലീഗ് ക്രിമിനലുകള്‍ കല്ലെറിഞ്ഞ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് എസ്എഫ്ഐ പ്രവര്‍ത്തകരായ അമലിനെയും ജിസിനെയും സ്കൂള്‍ വിട്ട് വരുമ്പോള്‍ ആക്രമിച്ചത്. സ്കൂള്‍ വാര്‍ഷിക കൈയേറ്റം പൊലീസ് ഗൗരവപൂര്‍വം കാണാത്തതാണ് അക്രമം ആവര്‍ത്തിക്കാന്‍ കാരണം.

കള്ളനോട്ട് കേസില്‍ ലീഗ് പ്രവര്‍ത്തകന് 7 വര്‍ഷം തടവ്

തളിപ്പറമ്പ്: സിപിഐ എം നേതാക്കളെ വധിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുസ്ലിംലീഗ് പ്രവര്‍ത്തകന് കള്ളനോട്ട് കേസില്‍ ഏഴുവര്‍ഷം കഠിനതടവ്. പട്ടുവം മുതുകുടയിലെ മഠത്തില്‍ ജാഫര്‍ സിദ്ദിഖ് എന്ന മുതുകുട ജാഫറി (42)നെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് ഞാറ്റുവയലിലെ പുന്നക്കന്‍ അണ്ടിവളപ്പില്‍ മുഹമ്മദ്കുഞ്ഞി (42)ക്കും ശിക്ഷ വിധിച്ചു. പയ്യന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി സി എസ് സുധയാണ് ശിക്ഷിച്ചത്. നാലാംപ്രതി എളംബേരത്തെ ചപ്പന്‍ മൂസ, അഞ്ചാംപ്രതി രവി എന്ന രവീന്ദ്രന്‍ എന്നിവരെ വെറുതെ വിട്ടു. മറ്റൊരു പ്രതി നെരുവമ്പ്രത്തെ അബൂബക്കര്‍ സിദ്ദിഖ് ഒളിവിലാണ്. ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും. 2003 ഏപ്രില്‍ ഏഴിനാണ് സിഐ സന്തോഷും സംഘവുമാണ്ജാഫറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി കള്ളനോട്ടടി യന്ത്രം ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പിടിച്ചെടുത്തത്. മുതുകുട, പട്ടുവം, അരിയില്‍ , വെള്ളിക്കീല്‍ എന്നിവിടങ്ങളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ജാഫര്‍ .

മംഗരയില്‍ ലീഗ് അക്രമം; 3 പേര്‍ക്ക് പരിക്ക്

ചപ്പാരപ്പടവ്: മംഗരയില്‍ ലീഗ് അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പള്ളിനടയില്‍ തെക്കന്‍ അബ്ദുള്ള (58), മകന്‍ മുഹമ്മദ്കുഞ്ഞി (32), പള്ളിനടയില്‍ ഹബീബ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പകല്‍ രണ്ടിന് പള്ളിയില്‍ പോയി വരുന്ന ഇരുപത്തഞ്ചോളം വരുന്ന ലീഗുകാരാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. മംഗര ബദരിയനഗര്‍ ബ്രാഞ്ച് സെക്രട്ടറി പി സി മൊയ്തുവിന്റെ ഉപ്പയാണ് അബ്ദുള്ള. കഴിഞ്ഞ ഞായറാഴ്ച രാത്രി അബ്ദുള്ളയുടെ കട ലീഗുകാര്‍ ആക്രമിച്ച് ഫര്‍ണിച്ചറും മേല്‍ക്കൂരയും നശിപ്പിച്ചിരുന്നു. അക്രമത്തില്‍ അബ്ദുള്ളക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷംസുദീന്‍ മുസ്ല്യാര്‍ , തോട്ടോന്‍ മമ്മു, പി വി മമ്മു, ഖലീല്‍ റഹ്മാന്‍ , മണ്ണന്‍ ഇബ്രാഹിം, സുബൈര്‍ , പി വി അബ്ദുള്‍ മനാഫ്, പി വി ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം. പരിക്കേറ്റ് സഹകരണ ആശുപത്രിയില്‍ കഴിയുന്ന സിപിഐ എം പ്രവര്‍ത്തകരെ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി പി ജയരാജന്‍ , സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ് എംഎല്‍എ, തളിപ്പറമ്പ് ഏരിയാസെക്രട്ടറി പി വാസുദേവന്‍ , ആലക്കോട് ഏരിയാസെക്രട്ടറി എം കരുണാകരന്‍ , കെ കുഞ്ഞിക്കോരന്‍ , പി വി ബാബുരാജ്, പി രവീന്ദ്രന്‍ , ടി പ്രഭാകരന്‍ , പി ശശി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുതോമസ് എന്നിവരാണ് സന്ദര്‍ശിച്ചത്.

deshabhimani 250212

1 comment:

  1. പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ എംഎസ്എഫ്- ലീഗ് സംഘം മര്‍ദിച്ചു. പരിക്കേറ്റ ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ജിസ് ജെയിംസ്, കെ വി അമല്‍ എന്നിവരെ പി ടി ചാക്കോ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയ പോസ്റ്റാഫീസ് പരിസരത്ത് കാത്തുനിന്ന അക്രമികള്‍ ഇരുവരെയും വളഞ്ഞിട്ട് തല്ലി. കടകളില്‍നിന്ന് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ഇടപെട്ടതോടെ അക്രമികള്‍ പയഞ്ചേരിമുക്ക് ഭാഗത്തേക്ക് ഓടി.

    ReplyDelete