അഴിമതി കേസുകള്‍ ക്ലോസ്
പാമൊലിന്‍ , ടൈറ്റാനിയം, ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം, റേഷന്‍ ഡിപ്പോ അഴിമതി... ഒമ്പതുമാസത്തിനുള്ളില്‍ ഉമ്മന്‍ചാണ്ടി ഭരണം പരണത്തുവച്ച കേസുകളുടെ നിര നീണ്ടതാണ്. പാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയെ വിചാരണചെയ്യുന്ന സ്ഥിതിയിലെത്തിയെങ്കില്‍ ടൈറ്റാനിയം മലിനീകരണ നിയന്ത്രണപദ്ധതിയിലെ അഴിമതി കേസ് അന്വേഷണം ഒച്ചിനെ തോല്‍പ്പിക്കുന്ന "വേഗത്തി"ലാണ്. അഴിമതി കേസില്‍ കുറ്റപത്രം വാങ്ങിയ മന്ത്രിമാരെ ഒപ്പമിരുത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ "അഴിമതിവിരുദ്ധ ഭരണം".
ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണ പിള്ളയെ ജയില്‍മോചിതനാക്കി ഉമ്മന്‍ചാണ്ടി കൂറ് തെളിയിച്ചു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നിവരാണ് കോടതിയില്‍നിന്ന് കുറ്റപത്രം വാങ്ങിയത്. അടൂര്‍ പ്രകാശിനെതിരെ കുറ്റപത്രം നല്‍കിയ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത് നിയമവൃത്തങ്ങളെ ഞെട്ടിച്ചു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് നിരസിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ ഹനീഫയെ യുഡിഎഫ് നേതാക്കള്‍ കൂട്ടവിചാരണ നടത്തി. ഒടുവില്‍ കേസ് തുടര്‍ന്ന് കേള്‍ക്കുന്നതില്‍നിന്ന് അദ്ദേഹം പിന്മാറി. തുടര്‍ന്ന്, തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റി. പഴയ റിപ്പോര്‍ട്ട് അതേപടി വിജിലന്‍സ് വീണ്ടും നല്‍കിയിരിക്കുകയാണ്. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മൊഴി കൂടുതലായി ചേര്‍ത്തു. ഇരുവരും ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കില്ലല്ലോ. ടൈറ്റാനിയം അഴിമതി കേസില്‍ അന്വേഷണം നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സ് കോടതി അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. കോടതി പലതവണ കര്‍ശന നിലപാട് സ്വീകരിച്ചിട്ടും ഈ കേസും അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഹര്‍ജിക്കാരനായ വ്യക്തിയുടെ മൊഴി എടുക്കാന്‍പോലും കോടതിക്ക് ഇടപെടേണ്ടിവന്നു.
ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്നത് ദിവസങ്ങള്‍മാത്രം. മാരകരോഗങ്ങളുണ്ടെന്ന് പറഞ്ഞ് നഗരത്തിലെ നക്ഷത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിള്ളയെ വൈകാതെ വിട്ടയച്ചു. ഐസ്ക്രീം കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണവും യുഡിഎഫ് ഭരണം അട്ടിമറിച്ചു. പ്രത്യേക അന്വേഷണസംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി അന്വേഷണം വഴിതെറ്റിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കിയെങ്കിലും ഈ കേസും അടഞ്ഞ അധ്യായമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. നിലവിലുള്ള അഴിമതി കേസുകള്‍ ഒന്നൊന്നായി "ക്ലോസ്" ചെയ്യുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. ഒപ്പം വന്‍ അഴിമതികള്‍ അരങ്ങുതകര്‍ക്കുകയുമാണ്.
വില പൊള്ളുമ്പോഴും മാവേലി സ്റ്റോര്‍ കാലി
മാവേലി സ്റ്റോറുകളില്‍ നിത്യോപയോഗസാധനങ്ങളില്ല. റേഷന്‍കടകളോടനുബന്ധിച്ചുള്ള ശബരി സ്റ്റോറുകള്‍ അടച്ചുപൂട്ടിയ നിലയിലും. അഞ്ചുവര്‍ഷം ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ത്തതിന്റെ ക്രെഡിറ്റ് യുഡിഎഫ് സര്‍ക്കാരിന്. സര്‍ക്കാര്‍ സബ്സിഡിയുള്ള 13 ഇന നിത്യോപയോഗസാധനങ്ങള്‍ നഗരകേന്ദ്രങ്ങളിലെ സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍ മാത്രമേയുള്ളൂ. എല്ലായിടത്തും ഇവ എത്തിക്കാന്‍ പണമില്ലെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്. 50 കോടി രൂപയാണ് മാണിയുടെ ബജറ്റില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിലയിരുത്തിയിരുന്നത്. ഇതില്‍ 17 കോടിയോളം ഓണക്കാലത്തെ ബിപിഎല്‍ കിറ്റിന് ചെലവിടണം. ബാക്കി 33 കോടി കൊണ്ടു വേണം സബ്്സിഡി സാധനങ്ങള്‍ വാങ്ങി വിതരണംചെയ്യാന്‍ . പൊള്ളുന്ന വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ മുന്‍കാലങ്ങളില്‍ ശബരി സ്റ്റോറുകളും പ്രവര്‍ത്തിച്ചിരുന്നു. പയര്‍വര്‍ഗങ്ങള്‍ അടക്കമുള്ള സബ്സിഡി ഇനങ്ങള്‍ ശബരി സ്റ്റോറുകളില്‍ മാസങ്ങളായി ഇല്ല.
കൊച്ചി മെട്രോയ്ക്ക് ചുവപ്പ് തന്നെ
2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ മുഖ്യ വാഗ്ദാനവും പ്രചാരണായുധവും കൊച്ചി മെട്രോ റെയില്‍ പദ്ധതിയായിരുന്നു. ഡല്‍ഹിയില്‍ എത്തിയാല്‍ മടക്കത്തപാലില്‍ മെട്രോയ്ക്ക് കേന്ദ്ര അനുമതിപത്രം എത്തിയിരിക്കും എന്നായിരുന്നു തോമസിന്റെ വാഗ്ദാനം. കൊല്ലം മൂന്നായി. അനുമതി അപേക്ഷയുടെ കാര്യം ഒന്നുമായില്ല. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ , കൊച്ചി മെട്രോ ഓഫീസ്, അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള കമ്പനി എന്നിവയും മറ്റു പശ്ചാത്തല സംവിധാനങ്ങളും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. ഓഫീസ് തുടങ്ങാന്‍ മാത്രം 50 ലക്ഷംരൂപ അനുവദിച്ചു. 159 കോടി രൂപ കൊച്ചി മെട്രോക്ക് കൈമാറിയിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. അനുബന്ധ നിര്‍മാണപദ്ധതികള്‍ ആകെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പദ്ധതി അനുമതിക്കാര്യം കേന്ദ്രമന്ത്രിസഭയുടെ പടിവാതിലില്‍ വരെ എത്തിച്ചു.
ഇതില്‍ നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാന്‍ യുഡിഎഫ് സര്‍ക്കാരിനായിട്ടില്ല. പദ്ധതിക്ക് പലരീതിയില്‍ തുരങ്കംവയ്ക്കാനും മുതലെടുപ്പിനും ശ്രമിക്കുകയും ചെയ്തു. അനുബന്ധ പണി ഉദ്ഘാടനം എന്ന പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത് നടത്തിയ മാമാങ്കം മാത്രമാണ് ആകെയുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 159 കോടി രൂപ മുഖ്യമന്ത്രിയുടെ ബന്ധു മാനേജരായ സ്വകാര്യ ബാങ്കിലേക്കു മാറ്റാനും നീക്കമുണ്ടായി. ഡിഎംആര്‍സിയെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനായി പിന്നത്തെ നീക്കം. ഇതില്‍ പ്രതിഷേധിച്ച് പദ്ധതി നിര്‍മാണച്ചുമതല ഒഴിയുകയാണെന്ന് ഡിഎംആര്‍സി എംഡി ഇ ശ്രീധരന്‍ പ്രഖ്യാപിച്ചു. വലിയ ജനകീയപ്രക്ഷോഭം. അനിശ്ചിതത്വം. അവസാനം സര്‍ക്കാര്‍ പിന്‍വലിഞ്ഞു. പദ്ധതി ഡിഎംആര്‍സിക്കു തന്നെ. പക്ഷേ പദ്ധതി നിര്‍ദ്ദേശത്തിന്റെ പുതുക്കിയ കുറിപ്പ് പൊതുനിക്ഷേപ ബോര്‍ഡിനു (പിഐബി) മുമ്പാകെയാണ്. ബോര്‍ഡ് എന്നു യോഗം ചേരുമെന്നു നിശ്ചയിച്ചിട്ടില്ല. അതിന്റെ അംഗീകാരമായശേഷമേ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ വരൂ. 1950 കോടി രൂപയാണ് പദ്ധതിക്ക് ആദ്യം കണക്കാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഏഴുവര്‍ഷമായി അനുമതി നീട്ടികൊണ്ടുപോയതുമൂലം ചെലവ് കുത്തനെ ഉയര്‍ന്നു. പുതിയ പദ്ധതി ചെലവ് 5146 കോടി രൂപയാണ്. ഒരു ദിവസം വൈകിയാല്‍ 30 ലക്ഷംരൂപ അധികചെലവു വരുമെന്നതാണ് ഡിഎംആര്‍സി കണക്ക്.
മാന്ദ്യഭീതിയില്‍ കേരളം
ചരിത്രത്തിലാദ്യമായി ട്രഷറിയില്‍ മൂവായിരത്തോളംകോടി രൂപ ബാക്കിവച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എന്നാല്‍ , മാസങ്ങള്‍ക്കകം സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലേക്ക് വീണു. സംസ്ഥാനം സാമ്പത്തികപ്രയാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പറഞ്ഞു. യുഡിഎഫ് അധികാരമേറ്റശേഷം സംസ്ഥാനത്തിന്റെ സാമ്പത്തികനില പരുങ്ങലിലായതായി ധനമന്ത്രി നേരത്തെ തുറന്നുപറഞ്ഞിരുന്നു. നികുതിവരുമാനം ഉള്‍പ്പെടെ കുറയുന്നതും ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും സംസ്ഥാനത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഇവരുടെ വാക്കുകളില്‍നിന്ന് തെളിയുന്നു.
പ്രതിസന്ധിയുടെ പേരുപറഞ്ഞ് നിയമന നിരോധനം അടിച്ചേല്‍പ്പിക്കാനാണ് നീക്കം. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങുന്നു. ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ നിയന്ത്രണംവിട്ട് പണം ചെലവഴിക്കുന്നതില്‍ ധനവകുപ്പ് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ തെളിവായിരുന്നു ജനസമ്പര്‍ക്കപരിപാടി. കരാറുകാര്‍ക്ക് ആയിരം കോടിയിലധികം രൂപ ബാധ്യത വരുത്തിവച്ചാണ് 2006ല്‍ യുഡിഎഫ് അധികാരമൊഴിഞ്ഞത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനടക്കമുള്ള എല്ലാ ക്ഷേമപെന്‍ഷനും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും തൊഴിലില്ലായ്മവേതനവും രണ്ടുവര്‍ഷത്തിലധികം കുടിശ്ശികയായിരുന്നു. ഇതെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തു. ഒരു മാസത്തെപ്പോലും കുടിശ്ശിക വരുത്താതെയാണ് എല്‍ഡിഎഫ് അധികാരമൊഴിഞ്ഞത്. കരാറുകാര്‍ക്കും കുടിശ്ശിക ഉണ്ടായിരുന്നില്ല.
സപ്ലൈകോയില്‍ വറ്റല്‍മുളക് വാങ്ങുന്നില്ല; സ്റ്റേഷനറികളുടെ വില കൂട്ടാന്‍ സര്‍ക്കുലര്‍
വറ്റല്‍മുളക്, ജീരകം എന്നിവ ഇനി "ഉപയോഗിക്കേണ്ടെന്ന്" സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ . ഇവ വാങ്ങുന്നത് കോര്‍പറേഷന്‍ നിര്‍ത്തി. കൂടാതെ സോപ്പ്, ടൂത്ത്പേസ്റ്റ്, ചന്ദനത്തിരി തുടങ്ങിയ സ്റ്റേഷനറി സാധനങ്ങള്‍ക്ക് വില്‍പന വില വര്‍ധിപ്പിച്ച് കൂടുതല്‍ കമ്മീഷന്‍ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ സര്‍ക്കുലറും ഇറക്കി. ഇതെ തുടര്‍ന്ന് മാവേലി സ്റ്റോറുകളിലും ലാഭം മാര്‍ക്കറ്റുകളിലും മുളകും ജീരകവും കിട്ടാതായി. സ്റ്റേഷനറി സാധനങ്ങളുടെ വില ത്രിവേണി സ്റ്റോറിലേതിനേക്കാള്‍ കൂടി. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ സംവിധാനത്തോട് യുഡിഎഫ് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷനെ ഈ സ്ഥിതിയിലെത്തിച്ചത്. ഇതോടെ സിവില്‍സപ്ലൈസ് ഡിപ്പോകളിലെയും ലാഭം മാര്‍ക്കറ്റുകളിലെയും വിറ്റുവരവ് 10- 20 ശതമാനം വരെ കുറഞ്ഞു. സബ്സിഡി നല്‍കിയ ഇനത്തില്‍ സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കാനുള്ള 268 കോടി രൂപ അനുവദിക്കാത്തതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണുള്ളത്.
സിവില്‍ സപ്ലൈസ് കാര്യമായി സബ്സിഡി നല്‍കുന്ന രണ്ട് അവശ്യ സാധനങ്ങളാണ് വറ്റല്‍മുളകും ജീരകവും. മാസം 600 ടണ്ണിലേറെ ആവശ്യമുള്ള വറ്റല്‍ മുളക് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഒരു കിലോ പോലും കോര്‍പറേഷന്‍ എടുത്തില്ല. രണ്ടു മാസവും ടെന്‍ഡര്‍ നല്‍കിയ ശേഷം വാങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജീരകവും കഴിഞ്ഞ രണ്ടുമാസം വാങ്ങിയില്ല. അടുത്തമാസത്തോടെ ഇവ ഡിപ്പോകളില്‍ നിന്ന് പൂര്‍ണമായി അപ്രത്യക്ഷമാകും. തുവരപരിപ്പും ഡിപ്പോകളിലില്ല. വറ്റല്‍ മുളകിന് പുറംവിപണിയില്‍ 75 രൂപ വിലയുള്ളപ്പോള്‍ സിവില്‍സപ്ലൈസ് 45 രൂപയ്ക്കാണ് നല്‍കിയിരുന്നത്. 130 രൂപ വിലയുള്ള ജീരകം 92 രൂപയ്ക്കും. കടലയും പയറുമടക്കം മറ്റ് പല അവശ്യവസ്തുക്കളും വേണ്ടതിന്റെ പകുതി മാത്രമാണ് വാങ്ങുന്നത്. പഞ്ചസാര വിവിധ ഡിപ്പോകളിലേക്കായി 4800 ടണ്‍ വേണ്ടിടത്ത് കോര്‍പറേഷന്‍ 2000 ടണ്‍ മാത്രമാണ് കഴിഞ്ഞമാസം വാങ്ങിയത്. ജനുവരിയില്‍ 365 ടണ്‍ പയര്‍ വാങ്ങിയ സ്ഥാനത്ത് ഫെബ്രുവരിയില്‍ അത് വെറും 90 ടണ്ണായി. ഉഴുന്നിന്റെ അളവ് 750 ടണ്ണില്‍ നിന്ന് 650 ആയി കുറഞ്ഞു. ഇവയെല്ലാം പുറംവിപണിയിലെ വില്‍പന വിലയോട് അടുത്താണ് കോര്‍പറേഷന്‍ നല്‍കുന്നത്. വാങ്ങല്‍ വിലയും ചെലവായ തുകയും കണക്കാക്കി മാത്രമേ വില്‍പന വില നിശ്ചയിക്കാവൂയെന്ന്നേരത്തെ ഭക്ഷ്യമന്ത്രാലയം സിവില്‍സപ്ലൈസ് കോര്‍പറേഷനോട് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കാനുള്ള തുക ലഭിച്ചില്ലെങ്കില്‍ സബ്സിഡി തുടരാനാകില്ലെന്ന് സിവില്‍സപ്ലൈസ് വൃത്തങ്ങള്‍ പറഞ്ഞു.
സ്റ്റേഷനറി സാധന വിലയില്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന ആദായം കുറച്ച് നഷ്ടം നികത്താനാണ് സിവില്‍ സപ്ലൈസ് ശ്രമിക്കുന്നത്. ചന്ദനത്തിരിയുടെ വില്‍പനവിലയുടെ 41 ശതമാനവും ലോക്കല്‍ ടൂത്ത്പേസ്റ്റുകളുടെ 23 ശതമാനവും സിവില്‍സപ്ലൈസ് കോര്‍പറേഷന് ലാഭവിഹിതം വേണമെന്നാണ് പുതിയ സര്‍ക്കുലര്‍ . സോപ്പുകള്‍ക്ക് 20 ശതമാനവും. ഇതോടെ സിവില്‍സപ്ലൈസ് ഡിപ്പോകളിലും കണ്‍സ്യുമര്‍ഫെഡിന്റെ കീഴിലുള്ള ത്രിവേണി സ്റ്റോറുകളിലും ഈ സാധനങ്ങളുടെ വിലകള്‍ തമ്മിലുള്ള അന്തരം ഒന്നും രണ്ടും രൂപവരെ കൂടി. ഉദാഹരണത്തിന് സണ്‍ലൈറ്റിന്റെ 15 രൂപ വില്‍പന വിലയുള്ള കട്ടസോപ്പിന് മാവേലിസ്റ്റോറില്‍ 14.60 രൂപ ഈടാക്കുമ്പോള്‍ ത്രിവേണി സ്റ്റോറുകളില്‍ അതിന്റെ വില 14 രൂപ മാത്രമാണ്. അവശ്യസാധനങ്ങള്‍ കിട്ടാതാകുകയും വില കൂടുകയും ചെയ്തതോടെ ഡിപ്പോകളിലെ വിറ്റുവരവും കുറയുകയാണെന്ന് സിവില്‍സപ്ലൈസ് വൃത്തങ്ങള്‍ പറഞ്ഞു.
deshabhimani 260212
പാമൊലിന്‍ , ടൈറ്റാനിയം, ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം, റേഷന്‍ ഡിപ്പോ അഴിമതി... ഒമ്പതുമാസത്തിനുള്ളില്‍ ഉമ്മന്‍ചാണ്ടി ഭരണം പരണത്തുവച്ച കേസുകളുടെ നിര നീണ്ടതാണ്. പാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയെ വിചാരണചെയ്യുന്ന സ്ഥിതിയിലെത്തിയെങ്കില്‍ ടൈറ്റാനിയം മലിനീകരണ നിയന്ത്രണപദ്ധതിയിലെ അഴിമതി കേസ് അന്വേഷണം ഒച്ചിനെ തോല്‍പ്പിക്കുന്ന "വേഗത്തി"ലാണ്. അഴിമതി കേസില്‍ കുറ്റപത്രം വാങ്ങിയ മന്ത്രിമാരെ ഒപ്പമിരുത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ "അഴിമതിവിരുദ്ധ ഭരണം"
ReplyDelete