Monday, February 27, 2012

ആര്‍എസ്എസുകാര്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടാക്രമിച്ചു

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ മാടയ്ക്കല്‍ പടിഞ്ഞാറ് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ആര്‍എസ്എസ് ആക്രമണം. അര്‍ത്തുങ്കല്‍ ലോക്കല്‍ പരിധിയിലെ പുളിച്ചുവട് ബ്രാഞ്ച് സെക്രട്ടറി കുന്നേല്‍ രജി വിജയന്റെ വീടിനുനേരെയാണ് ആക്രമണം. ഞായറാഴ്ച പകല്‍ മൂന്നോടെയാണ് സംഭവം. ദണ്ഡ്, വടിവാള്‍ തുടങ്ങിയ ആയുധങ്ങളുമായി 20ല്‍പരം പേര്‍ രജിയെ തിരക്കിയാണ് എത്തിയത്. രജിയെ കിട്ടാതെ വന്നപ്പോള്‍ വീടാക്രമിക്കുകയായിരുന്നു. മേല്‍ക്കൂരയുടെ ഒരുഭാഗം ദണ്ഡ് ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. കസേര ഉള്‍പ്പെടെ ഉപകരണങ്ങളും അടിച്ചുടച്ചു. സംഭവസമയം റെജിയുടെ അച്ഛന്‍ വിജയന്‍ സ്ഥലത്ത് ഉണ്ടായിരുന്നു. കൊലവിളി മുഴക്കിയ അക്രമിസംഘം രജിയെയും അനുജന്‍ അനിയെയും അന്വേഷിച്ച് പരിസരങ്ങളില്‍ ചുറ്റി. പരസ്യമായി ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഇത്. സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോഴും അക്രമികള്‍ സ്ഥലത്തുണ്ടായിരുന്നു. പൊലീസ് ഇവരെ വിരട്ടിയോടിച്ചു.

കടക്കരപ്പള്ളി കൊട്ടാരം ഭാഗത്തുള്ളവരും സ്ഥിരം കുറ്റവാളികളുമായ മനു എന്ന ഗണേശന്‍ , പ്രിയേഷ്, പ്രിജത്ത്, പൊടിയന്‍ കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമിസംഘമെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതേ സംഘം സ്ഥിരമായി ഈ പ്രദേശത്ത് സിപിഐ എം പ്രവര്‍ത്തകരെയും അവരുടെ വീടുകള്‍ ആക്രമിക്കുന്നതും പതിവാണ്. 2011 ഫെബ്രുവരി ആറിന് രജിയുടേത് ഉള്‍പ്പെടെ ഏതാനും വീടുകള്‍ ആക്രമിച്ചിരുന്നു. ഡിസംബര്‍ 31ന് രാത്രി സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ശ്യാംമോഹനെയും ശ്യാംജിത്തിനെയും ആര്‍എസ്എസുകാര്‍ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു. അക്രമത്തിനിരയായ വീട് സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി സി കെ ഭാസ്കരന്‍ , ഏരിയ കമ്മിറ്റിയംഗം പി എസ് ഷാജി, അര്‍ത്തുങ്കല്‍ ലോക്കല്‍ സെക്രട്ടറി പി എല്‍ മാത്തന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. ഇവിടെ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

എസ്എഫ്ഐ നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടി

ചാരുംമൂട്: എസ്എഫ്ഐ നേതാവിനെ ആര്‍എസ്എസ് ക്രിമിനല്‍സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. എസ്എഫ്ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ പാലമേല്‍ തെക്ക് മേഖലാ കമ്മിറ്റിയംഗവുമായ പണയില്‍ എസ്എസ് ഭവനത്തില്‍ ശ്രീരാജിനെയാണ് (23) ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30ന് ബൈക്കില്‍ നൂറനാട് കാവുംപാട് ജങ്ഷനിലാണ് സംഭവം. ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ ആര്‍എസ്എസ് സംഘം മാരകായുധങ്ങളുമായി ശ്രീരാജിനെ ആക്രമിക്കുകയായിരുന്നു. ഇരുകൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റു. ശരീരമാസകലം അടിയുടെ പാടുകളുണ്ട്. രക്തത്തില്‍ കുളിച്ചുകിടന്ന ശ്രീരാജിനെ നാട്ടുകാരാണ് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.

ആര്‍എസ്എസുകാരായ ജയകൃഷ്ണന്‍ , ഹരികൃഷ്ണന്‍ , അരുണ്‍ , അഭിലാഷ് എന്നിവരും കണ്ടാലറിയാവുന്ന പത്തുപേരും ചേര്‍ന്നാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് ശ്രീരാജ് പറഞ്ഞു. ശ്രീരാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ എത്രയുംവേഗം അറസ്റ്റുചെയ്യണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവന്‍ ആവശ്യപ്പെട്ടു. പട്ടാപ്പകല്‍ നൂറനാട് കാവുംപാട് മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് അക്രമം നടത്തിയശേഷവും ആര്‍എസ്എസുകാര്‍ അഴിഞ്ഞാടുകയായിരുന്നു. കുറെനാളുകളായി പാലമേലില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍തന്നെയാണ് ശ്രീരാജിനെയും വകവരുത്താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അക്രമം അവസാനിപ്പിക്കണം: സിപിഐ എം

ചേര്‍ത്തല: അര്‍ത്തുങ്കല്‍ മേഖലയിലെ ആലുങ്കല്‍ , പുളിച്ചുവട് പ്രദേശങ്ങളില്‍ ആര്‍എസ്എസ് ക്രിമനലുകള്‍ നിരന്തരം ആക്രമണം നടത്തുകയാണെന്ന് സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി സി കെ ഭാസ്കരന്‍ പ്രസ്താവനയില്‍ പറഞ്ഞു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രധാന പ്രവര്‍ത്തകരെ മാരകമായി പലകുറി ആക്രമിച്ചു. നിരവധി വീടുകള്‍ പലതവണ തകര്‍ത്തു. ഇതിനെല്ലാംപിന്നില്‍ ഒരേസംഘം തന്നെയാണുള്ളത്. ഒടുവില്‍ സിപിഐ എം പുളിച്ചുവട് ബ്രാഞ്ച് സെക്രട്ടറി രജിയുടെ വീട് ആക്രമിച്ചു. കഴിഞ്ഞ വര്‍ഷവും ഇതേ വീട് തകര്‍ത്തിരുന്നു. കടക്കരപ്പള്ളി കൊട്ടാരം ഭാഗത്തുള്ള ആര്‍എസ്എസ് ക്രിമിനലുകളാണ് സായുധരായി വിഹരിക്കുന്നത്. ഈ സാമൂഹ്യവിരുദ്ധശക്തികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സി കെ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. അക്രമം ഇനിയും തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആര്‍എസ്എസ്- യുഡിഎഫ്- പൊലീസ് അവിശുദ്ധ ബന്ധം അവസാനിപ്പിക്കണം:സിപിഐ എം

മല്ലപ്പള്ളി: സിപിഐ എമ്മിനെതിരെ യുഡിഎഫ് പിന്തുണയോടെ ആര്‍എസ്എസ് നടത്തുന്ന ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ എം, സിഐടിയു മല്ലപ്പള്ളി ഏരിയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. സിഐടിയു പ്രവര്‍ത്തകനായ രതീഷ് ഗോപി, ആര്‍എസ്എസ് ആക്രമണത്തില്‍ തലയ്ക്കും കാലിനും പരുക്കേറ്റ് ചികിത്സയില്‍ കഴിയുമ്പോള്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മല്ലപ്പള്ളിയില്‍ സൈ്വരവിഹാരം നടത്തുകയാണ്. ശിവരാത്രി നാളില്‍ പൊലീസിനെ പോലും കടന്നാക്രമിച്ച ഇരുപതോളം ആര്‍എസ്എസ് ഗുണ്ടകളില്‍ രണ്ടുപേര്‍ മാത്രമാണ് പൊലീസ് പിടിയിലായത്. ബാക്കിയുള്ളവരെ സംരക്ഷിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. സിഐടിയു പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരാളെപോലും പിടികൂടാന്‍ പൊലീസിനായില്ല. യുഡിഎഫിനും ആര്‍എസ്എസിനും ഒരുപോലെ ദാസ്യവേല ചെയ്യുന്ന സമീപനമാണ് കീഴ്വായ്പൂര് പൊലീസ് സ്വീകരിക്കുന്നത്. ശിവരാത്രിയില്‍ മൂന്ന് ആക്രമണങ്ങളാണ് ആര്‍എസ്എസ് അഴിച്ചുവിട്ടത്. ഇതിനെതിരെ മൗനം പാലിക്കുന്ന മല്ലപ്പള്ളി സിഐയും കീഴ്വായ്പൂര് എസ്ഐയും നിലപാട് തിരുത്തിയില്ലെങ്കില്‍ സിഐ ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളുമായി സിപിഐ എമ്മും ബഹുജന സംഘടനകളും രംഗത്തിറങ്ങുമെന്ന് സിപിഐ എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി വ്യക്തമാക്കി.

deshabhimani 270212

1 comment:

  1. തെക്ക് പഞ്ചായത്തില്‍ മാടയ്ക്കല്‍ പടിഞ്ഞാറ് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ആര്‍എസ്എസ് ആക്രമണം. അര്‍ത്തുങ്കല്‍ ലോക്കല്‍ പരിധിയിലെ പുളിച്ചുവട് ബ്രാഞ്ച് സെക്രട്ടറി കുന്നേല്‍ രജി വിജയന്റെ വീടിനുനേരെയാണ് ആക്രമണം. ഞായറാഴ്ച പകല്‍ മൂന്നോടെയാണ് സംഭവം. ദണ്ഡ്, വടിവാള്‍ തുടങ്ങിയ ആയുധങ്ങളുമായി 20ല്‍പരം പേര്‍ രജിയെ തിരക്കിയാണ് എത്തിയത്. രജിയെ കിട്ടാതെ വന്നപ്പോള്‍ വീടാക്രമിക്കുകയായിരുന്നു. മേല്‍ക്കൂരയുടെ ഒരുഭാഗം ദണ്ഡ് ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. കസേര ഉള്‍പ്പെടെ ഉപകരണങ്ങളും അടിച്ചുടച്ചു. സംഭവസമയം റെജിയുടെ അച്ഛന്‍ വിജയന്‍ സ്ഥലത്ത് ഉണ്ടായിരുന്നു. കൊലവിളി മുഴക്കിയ അക്രമിസംഘം രജിയെയും അനുജന്‍ അനിയെയും അന്വേഷിച്ച് പരിസരങ്ങളില്‍ ചുറ്റി. പരസ്യമായി ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഇത്. സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോഴും അക്രമികള്‍ സ്ഥലത്തുണ്ടായിരുന്നു. പൊലീസ് ഇവരെ വിരട്ടിയോടിച്ചു.

    ReplyDelete