Monday, February 27, 2012

വിമാനത്താവളം: പാടങ്ങളുടെ ചരമഗീതമുയരുന്നു

സമൃദ്ധിയും സ്വാശ്രയത്വവും പഴങ്കഥ. കൊയ്ത്തുപാട്ട് നിറഞ്ഞിരുന്ന ഈ പാടങ്ങളില്‍ ഇനി ഉയരുക ചരമഗീതം. ഒരു മീനും ഒരു നെല്ലും പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നെല്‍വയലും മത്സ്യബന്ധനവും ഇടകലര്‍ത്തി നടത്തിയിരുന്ന സമൃദ്ധമായ പാടശേഖരങ്ങളാണ് വിമാനത്താവളത്തിന്റെ മറവില്‍ നികത്തി എന്നെന്നേക്കുമായി ഇല്ലാതാക്കുന്നത്. കിടങ്ങന്നൂര്‍ , ആറന്മുള, മല്ലപ്പുഴശ്ശേരി, മെഴുവേലി, കോഴഞ്ചേരി പഞ്ചായത്തുകളുടെ അതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്ന പതിനായിരക്കണക്കിന് പറ അതിവിശാലമായ പാടശേഖരമാണ് കെജിഎസ് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനുവേണ്ടി ഇല്ലാതാക്കുന്നത്. ഒരുകാലത്ത് മകരക്കൊയ്ത്തും, ഊത്തപിടിത്തവും ഉത്സവലഹരിയില്‍ ആഘോഷിച്ചിരുന്ന ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയും പവിത്രതയുമാണ് ലാഭക്കൊതിയന്മാരുടെ ദുരാര്‍ത്തിയ്ക്ക് മുന്നില്‍ മണ്ണടിയുന്നത്. നവംബറില്‍ കൃഷിയിറക്കി മാര്‍ച്ചിനുമുമ്പ് വിളവെടുത്തിരുന്ന പാടശേഖരങ്ങളാണ് നികത്തപ്പെടുന്നത്.

വലിയകൊല്ല, ചൂരലോടി, ഒറ്റക്കൊല്ല, തടിക്കക്കൊല്ല, പാങ്ങാട്ട്മഠം, ചെല്ലി, പറക്കോട്, വെള്ളാറക്കൊല്ല, മാതരംപള്ളിക്കൊല്ല, തോമ്പില്‍കൊല്ല, അരിങ്ങോട്പാടം തുടങ്ങിയ പാടശേഖരങ്ങളായിരുന്നു കിടങ്ങന്നൂര്‍ പുഞ്ചയില്‍ നൂറുമേനി വിളവെടുത്തിരുന്ന അതിവിശാലമായ വയലേലകള്‍ . അറയും ചക്രവുംവച്ചും മരത്തോണികൊണ്ടും പാടത്തെ ജലം പുഞ്ചയിലേക്ക് എത്തിച്ച് പാടം വറ്റിക്കുന്നത് ആഴ്ചകളോളം നീളുന്ന പ്രക്രിയയായിരുന്നു. പില്‍ക്കാലത്ത് ഓരോ പാടങ്ങളിലും പ്രത്യേകം പമ്പ്സെറ്റുകള്‍ സ്ഥാപിച്ച് വെള്ളം പിള്ളച്ചാലിലും വലിയ ചാലിലും എത്തിച്ച് മണക്കുപ്പിയിലെ എഞ്ചിന്‍തറയിലെത്തിച്ച് പമ്പ്ചെയ്ത് വറ്റിക്കുകയായിരുന്നു പതിവ്. വെള്ളം താഴുന്നതനുസരിച്ച് നാടന്‍ മത്സ്യങ്ങളുടെ സമൃദ്ധമായ ശേഖരം തന്നെയാണ് നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നത്. 365 ദിവസവും വലിയതോട്ടിലും കുട്ടത്തോട്ടിലും ഇടക്കുളം തോട്ടിലും മടവലയും വീശുവലയും കൊണ്ട് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിവന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഉത്സവലഹരിയോടെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് മീന്‍ പിടിക്കാന്‍ എത്തുമ്പോള്‍ ഉയരുന്ന ആരവം ഒരു നാടിന്റെ സംഘബോധത്തിന്റെയും ഒരുമയുടെയും സംഗീതമായി മാറിയിരുന്നു. ഇങ്ങനെ നൂറ്റാണ്ടുകളായി കര്‍ഷകരുടെയും കര്‍ഷതൊഴിലാളികളുടെയും കുടുംബങ്ങള്‍ അല്ലലില്ലാതെ കഴിഞ്ഞുവന്നത് ഈ പാടശേഖരത്തിലെ നൂറുമേനി വിളവുകൊണ്ടായിരുന്നു. ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും മെതിക്കളവും അന്യമായതോടെ കര്‍ഷകരും കര്‍ഷകതൊഴിലാളി കുടുംബങ്ങളുമാണ് ഇവിടെ നിസ്സഹായരായി മാറുന്നത്.

ആറന്മുള പുഞ്ചയുടെയും മല്ലപ്പുഴശ്ശേരി പാടശേഖരത്തിന്റെയും കാഞ്ഞിരവേലി പാടശേഖരത്തിന്റെയും പാരാറ്റ് പാടത്തിന്റെയും പാറോലി പാടശേഖരത്തിന്റെയും കഥയും ഇതുതന്നെ. പാടശേഖരങ്ങള്‍ മാത്രമല്ല, ഇല്ലാതാകുന്നത്. കിടങ്ങന്നൂര്‍ പുഞ്ചയില്‍ മാത്രം വെള്ളാരക്കൊല്ല മുതല്‍ മണക്കൊപ്പ് വരെ നീണ്ടുകിടക്കുന്ന മുക്കാല്‍ കിലോമീറ്റര്‍ നീളമുള്ള അതിവിശാലമായ ചാലും വീതിയേറിയ വരമ്പുകളും മെതിക്കളവുമെല്ലാം നികത്തപ്പെട്ടു. ഇവ നികത്താന്‍ ലക്ഷോപലക്ഷം ലോഡ് മണ്ണ് ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ പരിസരത്തെ മലകളും ഇല്ലാതാകും. ജലസ്രോതസ്സും കിണറുകളിലെ കുടിവെള്ളവുമാണ് എന്നെന്നേക്കുമായി ഇല്ലാതാകുന്നത്. ഇത് മരുഭൂമി വല്‍ക്കരണത്തിനും പ്രകൃതിദുരന്തങ്ങളിലേക്കും ആറന്മുളയെ വലിച്ചെറിയും, തീര്‍ച്ച.

പള്ളിവിളക്കും പള്ളിമുക്കം കരയും സംരക്ഷിക്കാന്‍ ജനകീയ പ്രതിഷേധം

കോഴഞ്ചേരി: വിമാനത്താവളത്തിന്റെ പേരില്‍ പള്ളിയോടക്കരകളില്ലാതാക്കാന്‍ ശ്രമിക്കുന്ന കാട്ടുനീതിക്കെതിരെ ദീപായനം ആരംഭിച്ചു. ഒരു നാടിന്റെ ചരിത്രവും സംസ്കാരവും പ്രോജ്വല സംഭാവനകളും നശിപ്പിച്ച് സാംസ്കാരിക തനിമയ്ക്ക് വേദി തീര്‍ത്ത ചരിത്ര ഭൂമിതന്നെ ഇല്ലാതാക്കുന്ന വികസനാഭാസത്തിനെതിരെയാണ് പള്ളിയോട സേവാസംഘത്തിന്റെയും പള്ളിവിളക്ക് സംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്തത്. ദീപായന രഥയാത്രയില്‍ കൊളുത്താനുള്ള ദീപം ആറന്മുള പാര്‍ഥസാരഥി ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭഭട്ടതിരിപ്പാട് പകര്‍ന്നു നല്‍കി. തുടര്‍ന്നു നടന്ന ചടങ്ങ് മുല്ലക്കര രത്നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വള്ളംകളിയുടെയും ആറന്മുള കണ്ണാടിയുടെയും പള്ളിവിളക്കിന്റെയും നാടായ ആറന്മുളയില്‍ വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ ജലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന ഇടശേരിമലയും പൊന്നുകെട്ടിയ ചുണ്ടനെന്ന് വിളിപ്പേരുള്ള മല്ലപ്പുഴശേരിയും തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടശേരി മല കിഴക്ക് തുടങ്ങിയ കരകളും ഇല്ലാതാകും. ഇതോടെ ദൃശ്യവിസ്മയമായ പള്ളിവിളക്കും ആഘോഷം നടക്കുന്ന പള്ളിമുക്കം കരയും ഓര്‍മകളായി അവശേഷിക്കും. മുന്‍മുറക്കാരുടെ ശ്രേഷ്ട സംസ്കൃതികളൊന്നാകെ കുഴിച്ചുമൂടുന്ന നെറികേടുകള്‍ക്കെതിരെ ജനരോഷത്തിന്റെ ദീപായനം തീര്‍ത്താണ് പള്ളിയോടക്കരകള്‍ പ്രതിഷേധിച്ചത്. റാന്നി ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 50 പള്ളിയോട കരകളിലും പള്ളിമുക്കത്തുമെത്തിച്ചേരുന്ന ദീപായനം രഥയാത്ര തിങ്കളാഴ്ച വൈകിട്ട് പള്ളിമുക്കത്ത് ദേവീക്ഷേത്ര മൈതാനിയില്‍ സമാപിക്കും.

ഞായറാഴ്ച ആറന്മുള കിഴക്കേനടയില്‍ നിന്നാരംഭിച്ച യാത്ര മല്ലപ്പുഴശേരി, തെക്കേമുറി കിഴക്ക് , തെക്കേമുറി, പുന്നംതോട്ടം, കോഴഞ്ചേരി, മാരാമണ്‍ , ചെറുകോല്‍ , കാട്ടൂര്‍ , മേലുകര, റാന്നി, അയിരൂര്‍ , ഇടപ്പാവൂര്‍ , ഇടപ്പാവൂര്‍ പേരൂര്‍ , തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം ആറന്മുള ഐക്കര ജങ്ഷനില്‍ സമാപിച്ചു. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിലും വിവിധ കരകളിലും നടന്ന യോഗങ്ങളില്‍ ഐഷ പോറ്റി എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി മുരളീധരന്‍ , കെ വി സാംബദേവന്‍ , ബാബു കോയിക്കലേത്ത്, കെ കെ റോയിസണ്‍ , ആറന്മുള അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ 9ന് ഇടനാട് പള്ളിയോടപുരയില്‍നിന്ന് പുനരാരംഭിക്കുന്ന ദീപായനം സിപിഐ എം നേതാവ് എ പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. മാലേത്ത് സരളാദേവി അധ്യക്ഷയാകും. വൈകിട്ട് 6ന് പള്ളിമുക്കത്ത് ദേവീ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പള്ളിമുക്കം ശ്രീദേവി ഹൈന്ദവ സമിതി സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായര്‍ അധ്യക്ഷനാകും.

വേദിയില്‍ സംഘര്‍ഷം; സെമിനാര്‍ നിര്‍ത്തിവച്ചു

കോഴഞ്ചേരി: തര്‍ക്കം രൂക്ഷമായതോടെ സെമിനാര്‍ വേദി സംഘര്‍ഷപൂരിതമായി. "ആറന്മുള വിമാനത്താവളം വികസനമോ, പരിസ്ഥിതി നാശമോ" എന്ന വിഷയത്തില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരിയില്‍ നടന്ന സെമിനാര്‍ രൂക്ഷമായ തര്‍ക്കത്തെതുടര്‍ന്ന് ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. മാര്‍ത്തോമ്മാ ഇടവക കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രഫ. ഫിലിപ്പ് എന്‍ തോമസ് മോഡറേറ്ററായിരുന്നു. കെസിസി പ്രസിഡന്റ് ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്ത സെമിനാറില്‍ എഐസിസി അംഗം അഡ്വ. പിലിപ്പോസ് തോമസിന്റേതായിരുന്നു ആദ്യ പ്രബന്ധം. രണ്ടാമത് വിഷയം അവതരിപ്പിക്കാന്‍ കെജിഎസ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ കൂടിയായ അഡ്വ. ജേക്കബ് വര്‍ഗീസ് വന്നതോടെ ഒരു വിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റു. മിനുറ്റുകള്‍ നീണ്ടുനിന്ന സംഘര്‍ഷം സദസ്യര്‍ ഇടപെട്ടാണ് സംഘട്ടനത്തിലെത്താതെ അവസാനിപ്പിച്ചത്. പങ്കെടുത്തവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാവാതെ ഒടുവില്‍ സെമിനാര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.. മാലേത്ത് സരളാദേവി, കെ കെ റോയിസണ്‍ , പ്രഫ. പി ജി ഫിലിപ്പ്, ബാബു തോമസ്, വിനോദ് കോശി, കെ എസ് ഉദയന്‍ എന്നിവര്‍ സംസാരിച്ചു. മാത്യൂസ് ജോര്‍ജ് സ്വാഗതവും ഷാജി മഠത്തിലേത്ത് നന്ദിയും പറഞ്ഞു.

deshabhimani 270212

1 comment:

  1. സമൃദ്ധിയും സ്വാശ്രയത്വവും പഴങ്കഥ. കൊയ്ത്തുപാട്ട് നിറഞ്ഞിരുന്ന ഈ പാടങ്ങളില്‍ ഇനി ഉയരുക ചരമഗീതം. ഒരു മീനും ഒരു നെല്ലും പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നെല്‍വയലും മത്സ്യബന്ധനവും ഇടകലര്‍ത്തി നടത്തിയിരുന്ന സമൃദ്ധമായ പാടശേഖരങ്ങളാണ് വിമാനത്താവളത്തിന്റെ മറവില്‍ നികത്തി എന്നെന്നേക്കുമായി ഇല്ലാതാക്കുന്നത്. കിടങ്ങന്നൂര്‍ , ആറന്മുള, മല്ലപ്പുഴശ്ശേരി, മെഴുവേലി, കോഴഞ്ചേരി പഞ്ചായത്തുകളുടെ അതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്ന പതിനായിരക്കണക്കിന് പറ അതിവിശാലമായ പാടശേഖരമാണ് കെജിഎസ് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനുവേണ്ടി ഇല്ലാതാക്കുന്നത്. ഒരുകാലത്ത് മകരക്കൊയ്ത്തും, ഊത്തപിടിത്തവും ഉത്സവലഹരിയില്‍ ആഘോഷിച്ചിരുന്ന ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയും പവിത്രതയുമാണ് ലാഭക്കൊതിയന്മാരുടെ ദുരാര്‍ത്തിയ്ക്ക് മുന്നില്‍ മണ്ണടിയുന്നത്. നവംബറില്‍ കൃഷിയിറക്കി മാര്‍ച്ചിനുമുമ്പ് വിളവെടുത്തിരുന്ന പാടശേഖരങ്ങളാണ് നികത്തപ്പെടുന്നത്

    ReplyDelete