Tuesday, February 28, 2012

മോണോ റെയില്‍ : ഇനി വേണ്ടത് നടപ്പാക്കാനുള്ള ഇച്ഛാശക്തി

കോഴിക്കോട് മോണോ റെയില്‍ ചര്‍ച്ചയ്ക്കും നിര്‍മാണത്തിനുമിടയില്‍ എത്രവര്‍ഷം കാത്തിരിക്കണമെന്നാണ് ഇനിയുള്ള ചോദ്യം. വെറും മൂന്നരവര്‍ഷമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന്‍ . രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പദ്ധതിപ്രദേശം കാണുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തശേഷം അറിയിച്ചതാണിത്. കൊങ്കണ്‍ റെയില്‍ പാതയും ഡല്‍ഹി മെട്രോ റെയിലും കൈവരിച്ച വിജയം നമ്മുടെ മുമ്പിലുണ്ട്-ശ്രീധരന്റെ വാക്കുകളെ വിശ്വസിക്കാം. പക്ഷേ പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം.

പദ്ധതിയുടെ സാധ്യതയും അനുകൂല സാഹചര്യവും കോഴിക്കോടിനുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ക്യാമ്പ് ഓഫീസും തുറക്കും. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള പദ്ധതിപ്രദേശമാണ് ശ്രീധരനും റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചത്. പദ്ധതിക്ക് മൂന്നു ഘട്ടമാണുള്ളത്. മൊത്തം 38.5 കിലോമീറ്ററാണ് മോണോ റെയിലിന് ഉണ്ടാവുക. ഇതില്‍ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയും സിവില്‍ സ്റ്റേഷന്‍ -മലാപ്പറമ്പ് വരെയുമാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെയും മൂന്നാംഘട്ടത്തില്‍ രാമനാട്ടുകര മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെയുമാണ് നിര്‍ദിഷ്ട പദ്ധതി. റോഡിന്റെ മധ്യഭാഗത്ത് തൂണുകളില്‍ കൂടി നിര്‍മിക്കുന്ന മേല്‍പ്പാലത്തിലൂടെയാണ് ട്രെയിന്‍ ഓടുക. മൂന്നു ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്ക് ഏറ്റെടുക്കേണ്ടത്. മെഡിക്കല്‍ കോളേജ്, ചേവായൂര്‍ , തൊണ്ടയാട്, കോട്ടൂളി, മൊഫ്യൂസില്‍ ബസ്സ്റ്റാന്റ്, മാനാഞ്ചിറ, പാളയം, ലിങ്ക് റോഡ്, പന്നിയങ്കര, കല്ലായ്, വട്ടക്കിണര്‍ , മീഞ്ചന്ത തുടങ്ങിയ ആദ്യഘട്ടത്തില്‍ 13 സ്റ്റേഷനുകളുണ്ടാകും. ഇതിനുപുറമെ മാനാഞ്ചിറ നിന്ന് സിവില്‍സ്റ്റേഷന്‍ -മലാപ്പറമ്പ് ഭാഗത്തേക്കുകൂടി സര്‍വീസ് നീട്ടുകയാണെങ്കില്‍ അധികമായി മൂന്നു സ്റ്റോപ്പ് കൂടി ഉണ്ടാകും. സിവില്‍ സ്റ്റേഷന്‍ - മലാപ്പറമ്പ് പാതയിലായിരിക്കും ഇവ. റെയില്‍വേ സ്റ്റേഷനുമുമ്പിലും സ്റ്റേഷന്‍ നിര്‍മിക്കും. അങ്ങനെ ആകെ 17 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

നാല് ബോഗികളോട് കൂടിയ ട്രെയിനില്‍ ചുരുങ്ങിയത് 500 പേര്‍ക്ക് ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാം. ഇരട്ടപ്പാതയാണ് നിര്‍മിക്കുന്നത്. ഇതിലൂടെ കൂടുതല്‍ സര്‍വീസുകള്‍ ഒരേസമയം നടത്താന്‍ കഴിയും. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിച്ചാല്‍ പ്രവൃത്തി വൈകില്ല. ഇഴഞ്ഞുനീങ്ങുന്ന കൊച്ചി മെട്രോ റെയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകള്‍ റോഡില്‍ പാഴാവുന്നതില്‍നിന്നുള്ള മോചനമാണ് ഏവരുടെയും പ്രതീക്ഷ. ഇ ശ്രീധരന്‍ , കലക്ടര്‍ പി ബി സലീം, റോഡ്ഫണ്ട് ബോര്‍ഡ് സിഇഒ പി സി ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശന്‍ പിള്ള, പിഡബ്ല്യുഡി ചീഫ് എന്‍ജിനിയര്‍ ടി ബാബുരാജ് എന്നിവരുമായി തിങ്കളാഴ്ച വിശദമായ ചര്‍ച്ച ഗസ്റ്റ് ഹൗസില്‍ നടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പദ്ധതിയുടെ നേതൃസ്ഥാനം ശ്രീധരനെ ഏല്‍പ്പിക്കാന്‍ മന്ത്രി തയ്യാറായത്. പിഡബ്ല്യുഡിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. മറ്റു കാര്യങ്ങളില്‍ മന്ത്രിസഭായോഗ തീരുമാനമുണ്ടാകണം.

deshabhimani 280212

1 comment:

  1. കോഴിക്കോട് മോണോ റെയില്‍ ചര്‍ച്ചയ്ക്കും നിര്‍മാണത്തിനുമിടയില്‍ എത്രവര്‍ഷം കാത്തിരിക്കണമെന്നാണ് ഇനിയുള്ള ചോദ്യം. വെറും മൂന്നരവര്‍ഷമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന്‍ . രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പദ്ധതിപ്രദേശം കാണുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തശേഷം അറിയിച്ചതാണിത്. കൊങ്കണ്‍ റെയില്‍ പാതയും ഡല്‍ഹി മെട്രോ റെയിലും കൈവരിച്ച വിജയം നമ്മുടെ മുമ്പിലുണ്ട്-ശ്രീധരന്റെ വാക്കുകളെ വിശ്വസിക്കാം. പക്ഷേ പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം.

    ReplyDelete