Sunday, February 26, 2012

കെടുകാര്യസ്ഥത, കേരളം ഇരുട്ടിലേക്ക്

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് സംഭരണശേഷിയുടെ നേര്‍പകുതിയിലും താഴെ 2354.61 അടിയിലെത്തി. 49 ശതമാനം വെള്ളംമാത്രമാണ് ഇനി അണക്കെട്ടില്‍ ഉള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവാണിത്. ഫെബ്രു21ന് വൈദ്യുതി ഉദ്പാദനം 12 ദശലക്ഷം യൂണിറ്റായിരുന്നത് ബുധനാഴ്ച 11.4 ദശലക്ഷം യൂണിറ്റായി കുറച്ചു. ആറ് ജനറേറ്ററുകളില്‍ ഒരെണ്ണം അറ്റകുറ്റപണിക്കായി മാറ്റിയതുകൊണ്ടാണ് ഉല്‍പാദനം കുറഞ്ഞത്. 1000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ശരാശരി ഒരു ദിവസം 12 ദശലക്ഷം യൂണിറ്റ് വീതം ഉദ്പാദിപ്പിച്ചാല്‍ 80 ദിവസത്തേക്കുള്ള വെള്ളം മാത്രമാണുള്ളത്.

കാലവര്‍ഷമെത്താന്‍ ഇനിയും ഒരു മാസമെങ്കിലും കാത്തിരിക്കണം. ഇനിയുള്ള ദിവസങ്ങളില്‍ ഉപയോഗം വര്‍ധിക്കും. 30 ദിവസത്തിലധികം ഉപയോഗിക്കാന്‍ കഴിയുമായിരുന്ന വെള്ളം ഇടുക്കി ഡാമില്‍ നിന്ന് നഷ്ടപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ആകെ വൈദ്യുത ഉദ്പാദനശേഷി 2854.45 മെഗാവാട്ടാണ്. അതിന്റെ മൂന്നിലൊന്നോളം (780 മെഗാവാട്ട്) ഉദ്പാദിപ്പിക്കുന്നത് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസില്‍നിന്നാണ്. ചെറിയ പദ്ധതികളടക്കം 31 ജലവൈദ്യുത പദ്ധതികളില്‍നിന്നായി 2039.15 മെഗാവാട്ട് വൈദ്യുതി ഉദ്പാദനശേഷിയാണുള്ളത്.നേര്യമംഗലം ഡൈവേര്‍ഷന്‍ സ്കീം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കേരളം ആശ്രയിച്ചിരുന്നത് തെര്‍മല്‍ സ്റ്റേഷനുകളെയാണ്. ആകെ 781 മെഗാവാട്ടാണ് ഈ വിഭാഗത്തിലെ ഉദ്പാദനശേഷി. 33.68 മെഗാവാട്ട് വൈദ്യുതിയാണ് കാറ്റില്‍നിന്ന് ഉദ്പാദിപ്പിക്കാന്‍ കഴിയുമായിരുന്നത്. കാറ്റില്‍നിന്നും തെര്‍മല്‍ സ്റ്റേഷന്‍വഴിയും ജലവൈദ്യുതിപദ്ധതി വഴിയും ആകെ ശേഷി 2854.45 മെഗാവാട്ടാണെന്നിരിക്കെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും മെയിന്റനന്‍സിന്റെയും അഭാവംമൂലം ഉദ്പാദനശേഷി ബോര്‍ഡിന്റെ കണക്കുകള്‍ക്ക് അനുസരിച്ച് ഉയരുന്നില്ല. ദിവസം കേരളത്തിന് ആവശ്യമായി വരുന്ന 54 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ ബോര്‍ഡിന്റെ സംഭാവന വെറും 22 ദശലക്ഷം യൂണിറ്റാണ്. 3800 മെഗാവാട്ട് ആവശ്യമുള്ളിടത്ത് 2800 മെഗാവാട്ട് മാത്രമെ ഇപ്പോള്‍ ലഭിക്കുന്നുള്ളു. കാലവര്‍ഷം നേരത്തെ നിലച്ചതും വരള്‍ച്ചയുടെ തീവ്രത വര്‍ധിച്ചതും ജലസ്രോതസുകളെ പ്രതികൂലമായി ബാധിച്ചതിനോടൊപ്പം ആസൂത്രണത്തിലെ പാളിച്ചകളും സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദീര്‍ഘവീക്ഷണത്തോടും ഭാവനയോടുംകൂടിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ, ഭീതിയകറ്റാനായി ഇടുക്കി അണക്കെട്ടിലെ ജലം ഒഴുക്കിക്കളഞ്ഞതാണ് വിനയായത്.

deshabhimani 260212

1 comment:

  1. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് സംഭരണശേഷിയുടെ നേര്‍പകുതിയിലും താഴെ 2354.61 അടിയിലെത്തി. 49 ശതമാനം വെള്ളംമാത്രമാണ് ഇനി അണക്കെട്ടില്‍ ഉള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവാണിത്. ഫെബ്രു21ന് വൈദ്യുതി ഉദ്പാദനം 12 ദശലക്ഷം യൂണിറ്റായിരുന്നത് ബുധനാഴ്ച 11.4 ദശലക്ഷം യൂണിറ്റായി കുറച്ചു. ആറ് ജനറേറ്ററുകളില്‍ ഒരെണ്ണം അറ്റകുറ്റപണിക്കായി മാറ്റിയതുകൊണ്ടാണ് ഉല്‍പാദനം കുറഞ്ഞത്. 1000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ശരാശരി ഒരു ദിവസം 12 ദശലക്ഷം യൂണിറ്റ് വീതം ഉദ്പാദിപ്പിച്ചാല്‍ 80 ദിവസത്തേക്കുള്ള വെള്ളം മാത്രമാണുള്ളത്.

    ReplyDelete