Tuesday, February 28, 2012

ഇടുക്കിയിലെ ജലം പാഴാക്കിയതിന് പിന്നില്‍ ഗൂഢാലോചന

മുല്ലപ്പെരിയാറിന്റെ പേരില്‍ ഇടുക്കിയെലെ ജലം പാഴാക്കിക്കളഞ്ഞതിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് ആരോപണം. അനാവശ്യ സമയത്ത് വൈദ്യുതി ഉദ്പാദനം വര്‍ധിപ്പിക്കുക, കരുതലില്‍ വീഴ്ച വരുത്തുക പ്രസരണ ലൈന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ ബോര്‍ഡ് വിളിച്ചുവരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വേനല്‍ക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിലൂടെ ലഭിക്കുന്ന വന്‍ കമ്മിഷന്‍ ലക്ഷ്യമിട്ടാണ് ബോര്‍ഡിലെ ചിലര്‍ ഇത്തരം വീഴ്ചകള്‍ ആസൂത്രണം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു.

അമിത ഉല്‍പ്പാദനത്തിനു മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ ഇതിനു ശേഷമുള്ള നടപടികള്‍ സംശയങ്ങള്‍ക്കു ആക്കം കൂട്ടുന്നു. മുല്ലപ്പെരിയാറിലെ പ്രതിസന്ധി മുന്‍ നിര്‍ത്തി ഇടുക്കി ഡാമിലെ ജല നിരപ്പ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നതിനു രണ്ടു മാസം മുമ്പു തന്നെ ഇടുക്കിയില്‍ അമിതോല്‍പ്പാദനം തുടങ്ങിയിരുന്നു. ഈ വൈദ്യുതി കുറഞ്ഞവിലയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള നിര്‍ദേശം വന്നതിനു ശേഷം രണ്ടു മാസം കൂടി ഇതേ രീതിയില്‍ ഉല്‍പ്പാദനം നടത്തി. ഇതാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണമായത്. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതെ അറ്റകുറ്റ പണികള്‍ നടത്തേണ്ട സമയത്ത് ആറില്‍ അഞ്ചു ജനറേറ്ററുകളും ഒരുമിച്ചു പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. സാങ്കേതിക വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം തള്ളിക്കൊണ്ടായിരുന്നു ഇത്.

മഴക്കാലത്ത് ഇടുക്കിയിലെ ഉല്‍പ്പാദനം കുറയ്ക്കുകയും സംഭരണ ശേഷിയില്ലാത്ത മറ്റ് ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഉല്‍പ്പാദനം നടത്തിയുമാണു വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നത്.
ഇതിനു പുറമെ യൂണിറ്റിനു രണ്ടു രൂപ മുതല്‍ മൂന്നു രൂപ വരെ നല്‍കിയ കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി വാങ്ങുകയും ചെയ്യും. ഈ സമയത്തു അണ്‍ ഷെഡ്യൂള്‍ ഇന്റര്‍ചേഞ്ച് വഴി കേന്ദ്ര ഗ്രിഡിലെത്തുന്ന വൈദ്യുതിക്കു വില വളരെ കുറവാണ്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന വിലയ്ക്കു വൈദ്യുതി ലഭിക്കുകയും ചെയ്യും. ഈ സൗകര്യമാണു കാലങ്ങളായി സംസ്ഥാനം ഉപയോഗിക്കുന്നത്.

പീക്ക് അവറില്‍ (വൈകിട്ട് ആറുമണി മുതല്‍ രാത്രി പത്തു മണിവരെ) മൂന്നു ജനറേറ്ററുകളും ഇതിനു ശേഷം ഒരു ജനറേറ്റര്‍ ഭാഗികമായും പ്രവര്‍ത്തിപ്പിച്ചാണു വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നത്. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ 25 ദിവസം അഞ്ചു ജനറേറ്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചു. ഇതുവഴി പത്തുദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിച്ചു. ശരാശരി നാലു ദശലക്ഷം യൂണിറ്റു മുതല്‍ അഞ്ചു ദശലക്ഷം യൂണിറ്റുവരെ വൈദ്യുതി മാത്രമെ ഈ സമയം ഉല്‍പ്പാദിക്കുകയുള്ളൂ.

അധികമായി ഉല്‍പ്പാദിപ്പിച്ച വൈദ്യുതി കേന്ദ്ര ഗ്രിഡിലേയ്ക്കു നല്‍കിയപ്പോള്‍ യൂണിറ്റിനു രണ്ടു രൂപയാണു വൈദ്യുതി ബോര്‍ഡിനു ലഭിച്ചത്. ഇപ്പോള്‍ കേരളം വൈദ്യുതി വാങ്ങുന്നതാകട്ടെ യൂണിറ്റിനു 10 രൂപ മുതല്‍ 11 രൂപ വരെ നല്‍കിയാണ്. ശരാശരി ഏഴു രൂപയുടെ നഷ്ടം ഇതുവഴി ബോര്‍ഡിനുണ്ടാകുന്നുണ്ട്. പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതി വാങ്ങുമ്പോള്‍ പ്രതിദിനം അഞ്ചു കോടിയുടെ ബാധ്യത ബോര്‍ഡിനുണ്ടാകുന്നു. അമിത ഉല്‍പ്പാദനം നടത്താതെ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ നഷ്ടം കാര്യമായി കുറയ്ക്കാമായിരുന്നു.

സംസ്ഥാനത്തു പുറത്തു നിന്നും വൈദ്യുതി കൊണ്ടു വരുന്നതിനുള്ള പ്രസരണ ലൈന്‍  സമയത്തു ബുക്കു ചെയ്യാതിരുന്നതാണു മറ്റൊരു വിഷയം. ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കായംകുളം വൈദ്യുതിയെ പൂര്‍ണമായും ആശ്രയിക്കേണ്ട സാഹചര്യം വരില്ലായിരുന്നു.

കേന്ദ്രപൂളില്‍നിന്നോ സ്വകാര്യ ഉല്‍പ്പാദകരില്‍നിന്നോ യൂണിറ്റിനു ആറു രൂപ മുതല്‍ ഏഴു രൂപ വരെ നല്‍കി വൈദ്യുതി എത്തിക്കാന്‍ കഴിയുമായിരുന്നു. മഴക്കാലത്തിനു മുമ്പു തന്നെ നടത്തിയ ആസൂത്രണത്തില്‍ വന്ന പിഴവാണിത്. ഉദ്യോഗസ്ഥര്‍ ഇതു ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ബോര്‍ഡ് അവഗണിക്കുകയായിരുന്നു.

janayugom 280212

1 comment:

  1. മുല്ലപ്പെരിയാറിന്റെ പേരില്‍ ഇടുക്കിയെലെ ജലം പാഴാക്കിക്കളഞ്ഞതിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് ആരോപണം. അനാവശ്യ സമയത്ത് വൈദ്യുതി ഉദ്പാദനം വര്‍ധിപ്പിക്കുക, കരുതലില്‍ വീഴ്ച വരുത്തുക പ്രസരണ ലൈന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ ബോര്‍ഡ് വിളിച്ചുവരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വേനല്‍ക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിലൂടെ ലഭിക്കുന്ന വന്‍ കമ്മിഷന്‍ ലക്ഷ്യമിട്ടാണ് ബോര്‍ഡിലെ ചിലര്‍ ഇത്തരം വീഴ്ചകള്‍ ആസൂത്രണം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു.

    ReplyDelete