Wednesday, February 29, 2012

പണിമുടക്കുന്നവരെ പിടിക്കണമെന്ന് എസ്ബിഐ

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ വീഡിയോ ചിത്രം ഉള്‍പ്പെടെയുള്ള തെളിവ് ശേഖരിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ബാങ്കിന്റെ ശാഖാ മാനേജര്‍മാര്‍ക്കാണ് തിങ്കളാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം എത്തിയത്. ബാങ്കിന്റെ മുംബൈ ആസ്ഥാനത്തെ കേഡര്‍ മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നീരാജ് വ്യാസിന്റെ പേരിലായിരുന്നു നിര്‍ദേശം.

"ചൊവ്വാഴ്ച നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇടപാട് തടസ്സപ്പെടുത്തുന്ന നിലയില്‍ ബാങ്ക് പരിസരത്ത് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍നടപടിക്കായി ജീവനക്കാരുടെ വീഡിയോ ചിത്രം അടക്കമുള്ള തെളിവ് ശേഖരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം"- നിര്‍ദേശം തുടരുന്നു. ഉന്നതങ്ങളില്‍നിന്നുള്ള ഈ ഭീഷണി വകവയ്ക്കാതെ ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ ആവേശത്തോടെ പണിമുടക്കില്‍ അണിചേര്‍ന്നു. സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല.

സമ്പൂര്‍ണഐക്യം ആദ്യ അനുഭവം: റാവുത്തര്‍

ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ ദൃശ്യമായ തൊഴിലാളികളുടെ സമ്പൂര്‍ണഐക്യം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ അനുഭവമാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് റാവുത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റം, തൊഴിലാളികളുടെ അവകാശങ്ങളിലുള്ള കടന്നാക്രമണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ ഐക്യം ശക്തമാക്കണം. ഐഎന്‍ടിയുസി പൂര്‍ണപങ്കാളിത്തം വഹിച്ച ഈ പണിമുടക്ക് രാഷ്ട്രീയപ്രക്ഷോഭമായി മുദ്രകുത്താന്‍ ആര്‍ക്കുമാകില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവറെഡ്ഡിയെ അറിയിച്ചത് യോജിച്ച സമരത്തിന്റെ വിജയമാണ്. എല്ലാ ്രടേഡ്യൂണിയനുകളുമായും ഒരുമിച്ച് ചര്‍ച്ച നടത്തണമെന്ന് സഞ്ജീവറെഡ്ഡി പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും റാവുത്തര്‍ പറഞ്ഞു.

ഡയസ്നോണ്‍ ജീവനക്കാര്‍ തള്ളി: എഫ്എസ്ഇടിഒ

യുഡിഎഫ് സര്‍ക്കാരിന്റെ കരിനിയമമായ ഡയസ്നോണിനെ തള്ളി പണിമുടക്ക് വന്‍ വിജയമാക്കിയ ജീവനക്കാരെയും അധ്യാപകരെയും എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റി അഭിവാദ്യംചെയ്തു. സംഘടനാ ഭേദമെന്യേ എല്ലാ ജീവനക്കാരും ഐക്യത്തോടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്താന്‍ നടത്തിയ പോരാട്ടം പണിമുടക്ക് ചരിത്രത്തില്‍ പുതിയ അധ്യായമായി മാറി. സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പണിമുടക്കിനെതിരായി പ്രവര്‍ത്തിച്ച സംഘടനാ നേതൃത്വത്തിന്റെ അവകാശവാദങ്ങളെ അവഗണിച്ചുകൊണ്ടാണ് എല്ലാവിഭാഗം ജീവനക്കാരും വമ്പിച്ച ഐക്യത്തോടെ പണിമുടക്കില്‍ പങ്കെടുത്തത്. ഈ ഐക്യം നിലനിര്‍ത്തി കൂടുതല്‍ കരുത്തുറ്റ പ്രക്ഷോഭത്തിന് ജീവനക്കാരും അധ്യാപകരും തൊഴിലാളികളും തയ്യാറാകണമെന്ന് എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

തൊഴിലാളികളെ നേതാക്കള്‍ അഭിനന്ദിച്ചു

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരായ ദേശീയ പണിമുടക്ക് വന്‍ വിജയമാക്കിയ തൊഴിലാളികളെയും ജീവനക്കാരെയും സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും ജനറല്‍ സെക്രട്ടറി തപന്‍ സെന്നും അഭിനന്ദിച്ചു. രാജ്യമെങ്ങും ചലനംസൃഷ്ടിച്ച പണിമുടക്ക് കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതാണെന്ന് എ കെ പി പറഞ്ഞു. മൂന്നുവര്‍ഷമായി ട്രേഡ്യൂണിയനുകള്‍ പ്രക്ഷോഭരംഗത്താണ്. ഇതുവരെ ചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോര്‍പറേറ്റുകള്‍ അവരുടെതന്നെ പ്രവൃത്തികളാല്‍ പ്രതിസന്ധി നേരിടുമ്പോള്‍ അടിയന്തര ചര്‍ച്ച നടത്തുകയും പരിഹാരനടപടി നിര്‍ദേശിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി തൊഴിലാളികളുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയാണ്. നയങ്ങളില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ തീവ്രമായ സമരപരിപാടികളുമായി മുന്നോട്ടുപോകും- എ കെ പി പറഞ്ഞു.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ് തുടങ്ങി പണിമുടക്കിന് നേതൃത്വം നല്‍കിയ 11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ പ്രക്ഷോഭം വിജയിപ്പിച്ച തൊഴിലാളി കളെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ അവഗണനാപരമായ സമീപനം തൊഴിലാളികളും ജീവനക്കാരും അംഗീകരിക്കില്ലെന്നതിന്റെ സൂചനയാണ് പണിമുടക്ക് വിജയമെന്ന് തപന്‍സെന്‍ (സിഐടിയു), ഗുരുദാസ്ദാസ് ഗുപ്ത (എഐടിയുസി), ജി സഞ്ജീവറെഡ്ഡി (ഐഎന്‍ടിയുസി), ബി എന്‍ റായ് (ബിഎംഎസ്) തുടങ്ങിയവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ, മിനിമം കൂലി പതിനായിരമാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നിങ്ങനെ
പത്ത് ആവശ്യമാണ് യൂണിയനുകള്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ ആവശ്യങ്ങളുന്നയിച്ച് ട്രേഡ്യൂണിയനുകള്‍ സമരരംഗത്താണ്. ദേശീയ പണിമുടക്കിന് കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ട്രേഡ്യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. എല്ലാ തൊഴില്‍മേഖലകളെയും സ്തംഭിപ്പിച്ചുകൊണ്ടുള്ള ദേശീയ പണിമുടക്ക് സര്‍ക്കാരിന് കനത്ത താക്കീതാണ്- ട്രേഡ്യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

deshabhimani 290212

2 comments:

  1. ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ വീഡിയോ ചിത്രം ഉള്‍പ്പെടെയുള്ള തെളിവ് ശേഖരിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ബാങ്കിന്റെ ശാഖാ മാനേജര്‍മാര്‍ക്കാണ് തിങ്കളാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം എത്തിയത്. ബാങ്കിന്റെ മുംബൈ ആസ്ഥാനത്തെ കേഡര്‍ മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നീരാജ് വ്യാസിന്റെ പേരിലായിരുന്നു നിര്‍ദേശം

    ReplyDelete
  2. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലെ മഹാഭൂരിപക്ഷം ജീവനക്കാരും സര്‍ക്കാരിന്റെ ഡയസ്നോണ്‍ ഭീഷണി അവഗണിച്ച് പണിമുടക്കില്‍ പങ്കുചേര്‍ന്നു. ഭരണാനുകൂല സംഘടനയില്‍പ്പെട്ടവരും പണിമുടക്കില്‍ അണിചേര്‍ന്നു. യുഡിഎഫ് അനുകൂല സംഘടനകളുടെ ചില ഭാരവാഹികളും മന്ത്രിമാരുടെ സ്റ്റാഫും ഉള്‍പ്പെടെ നാമമാത്രം ജീവനക്കാരാണ് ജോലിക്കെത്തിയത്. ഇവരില്‍ പലരും ഉച്ചയ്ക്കുമുമ്പ് മടങ്ങുകയും ചെയ്തു. ഗവണ്‍മെന്റ് സെക്രട്ടറിമാരടക്കമുള്ള ഉന്നതോദ്യോഗസ്ഥരും എത്തിയില്ല. പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ഷിബു ബേബിജോണ്‍ എന്നീ മന്ത്രിമാരും സെക്രട്ടറിയറ്റില്‍ എത്തിയെങ്കിലും പണിമുടക്കുദിനം മുഖ്യമന്ത്രി ഗോവയിലായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലും വിരലിലെണ്ണാവുന്നവര്‍പോലും ഉണ്ടായില്ല. പണിമുടക്ക് വന്‍വിജയമാക്കിയ സെക്രട്ടറിയറ്റ് ജീവനക്കാരെ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അഭിവാദ്യംചെയ്തു.

    ReplyDelete