Tuesday, February 28, 2012

ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് കൃഷിവകുപ്പ് പിന്‍വലിച്ചു

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെച്ചൊല്ലി ആരോഗ്യ-കൃഷിവകുപ്പുകള്‍ തമ്മില്‍ രൂക്ഷ തര്‍ക്കം. തര്‍ക്കത്തെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് കൃഷിവകുപ്പ് പിന്‍വലിച്ചു. ഇതോടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപയും ജീവിച്ചിരിക്കുന്ന ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും സംസ്ഥാനം നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടശേഷമായിരുന്നു കമീഷന്‍ നിര്‍ദേശം. ഇതിന് 120 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിര്‍ദേശം കിട്ടിയ ഉടന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നു കാണിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആദ്യഗഡുവായി മൂന്നു ലക്ഷംവീതം നല്‍കുന്നതിന് 48 കോടി രൂപ കോര്‍പറേഷന്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്.

ആരോഗ്യവകുപ്പിന്റെ ഈ ഉത്തരവിനെതിരെ കോര്‍പറേഷന്‍ ചെയര്‍മാനും സോഷ്യലിസ്റ്റ് ജനതാ നേതാവുമായ വര്‍ഗീസ് ജോര്‍ജ് സ്വന്തം പാര്‍ടിക്കാരനായ കൃഷിമന്ത്രി കെ പി മോഹനന് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് രണ്ടാഴ്ചമുമ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച കൃഷിവകുപ്പ് പുതിയ ഉത്തരവിറക്കിയത്. കൃഷിവകുപ്പിന്റെ ഉത്തരവില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു പറയുന്നു. എന്നാല്‍ , എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നോ ഇതിനുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നോ ഉത്തരവിലില്ല. കൃഷിവകുപ്പിന്റെ ഒരു ഉത്തരവിലൂടെമാത്രം ധനവകുപ്പ് നഷ്ടപരിഹാരത്തിന് തുക അനുവദിക്കില്ല.

സര്‍ക്കാരിന്റെ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുന്നതിനു പകരം ഓരോ വകുപ്പും തോന്നിയപോലെ ഉത്തരവിറക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചതായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്ട് പൊതുപരിപാടിയിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളിലും വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു. എന്നാല്‍ , എല്‍ഡിഎഫ് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അന്നത്തെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ അലംഭാവവും കാട്ടി. സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസറെയുള്‍പ്പെടെ പിന്‍വലിച്ച് സഹായ പദ്ധതികള്‍ അട്ടിമറിക്കുകയായിരുന്നു.

deshabhimani 280212

1 comment:

  1. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെച്ചൊല്ലി ആരോഗ്യ-കൃഷിവകുപ്പുകള്‍ തമ്മില്‍ രൂക്ഷ തര്‍ക്കം. തര്‍ക്കത്തെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് കൃഷിവകുപ്പ് പിന്‍വലിച്ചു. ഇതോടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപയും ജീവിച്ചിരിക്കുന്ന ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും സംസ്ഥാനം നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടശേഷമായിരുന്നു കമീഷന്‍ നിര്‍ദേശം. ഇതിന് 120 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിര്‍ദേശം കിട്ടിയ ഉടന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നു കാണിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആദ്യഗഡുവായി മൂന്നു ലക്ഷംവീതം നല്‍കുന്നതിന് 48 കോടി രൂപ കോര്‍പറേഷന്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്.

    ReplyDelete