Wednesday, February 29, 2012

പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു

നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്ന പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി വീട്ടില്‍ പകല്‍ 2.10നാണ് അന്ത്യം. 82 വയസായിരുന്നു. ഏറെനാളായി അസുഖബാധിതനായി വാഴപ്പള്ളിച്ചിറയിലെ ലക്ഷ്മി ബംഗ്ലാവില്‍ കഴിയുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ .

പണിക്കര്‍ 28 വര്‍ഷം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് 2011ല്‍ പ്രസിഡന്റായത്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും കൂടുതല്‍ കാലം ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 1983 ഡിസംബര്‍ 31നാണ് ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. 1977 ല്‍ ട്രഷററായി. ഒന്‍പതുവര്‍ഷം തുടര്‍ന്നു. എന്‍ഡിപി എന്ന രാഷ്ട്രീയപാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ അമരക്കാരനായി. ചങ്ങനാശേരി എസ്ബി കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ചങ്ങനാശേരിയിലും ട്രാവന്‍കൂര്‍ ഹൈക്കോടതിയിലും തിരക്കേറിയ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടയിലായിരുന്നു സമുദായ നേതൃത്വത്തിലേക്കുള്ള രംഗപ്രവേശം. ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

കേരള സര്‍വകലാശാലാ സെനറ്റംഗം, എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം, ചങ്ങനാശേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, ക്ലെമിസ്സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, ശ്രേഷ്ഠപുരുഷ അവാര്‍ഡ് 2009, ഗുഡ്ഷെപ്പേര്‍ഡ് അവാര്‍ഡ് 2010 എന്നിവയ്ക്കും അര്‍ഹനായി. 1930 ആഗസ്ത് 15ന് ചിങ്ങമാസത്തിലെ ചിത്തിരനക്ഷത്രത്തിലായിരുന്നു ജനനം. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കള്‍ : പി എന്‍ സതീഷ് കുമാര്‍(ഐഡിബിഐ ജി എം, മുബൈ), ഡോ. പി എന്‍ ജഗദീഷ്(കറുകച്ചാല്‍ എന്‍എസ്എസ് ആശുപത്രി), പി എന്‍ രഞ്ജിത് കുമാര്‍(ടാറ്റാ ടി മാനേജര്‍). മരുമക്കള്‍ : ദേവകി, ഡോ. സീതാലക്ഷ്മി, ഡോ. പ്രിയ. സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കാവപ്പാലം കണ്ണാടി അമ്പാട്ടുമഠം എ എന്‍ വേലുപ്പിള്ളയുടെയും വാഴപ്പിള്ളി പിച്ചാമത്തില്‍ (ലക്ഷ്മിവിലാസം) ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് നാരായണപ്പണിക്കര്‍ .

deshabhimani news

1 comment:

  1. നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്ന പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി വീട്ടില്‍ പകല്‍ 2.10നാണ് അന്ത്യം. 82 വയസായിരുന്നു. ഏറെനാളായി അസുഖബാധിതനായി വാഴപ്പള്ളിച്ചിറയിലെ ലക്ഷ്മി ബംഗ്ലാവില്‍ കഴിയുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ .

    ReplyDelete